മുഖ്യമന്ത്രി മുതലെടുത്തു; നേട്ടം സിപിഎം സ്വന്തമാക്കി; ഇനി സംയുക്തസമരത്തിനില്ല; കേരളത്തില്‍ രാഹുല്‍ നേതൃത്വം ഏറ്റെടുക്കും
By സമകാലിക മലയാളം ഡെസ്‌ക് | Published: 14th January 2020 04:29 PM |
Last Updated: 14th January 2020 04:29 PM | A+A A- |

ന്യൂഡല്‍ഹി: പൗരത്വനിയമഭേദഗതിയ്‌ക്കെതിരായി ഇനി ഭരണപക്ഷവുമായി സംയുക്തസമരത്തിനില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളം ഒറ്റക്കെട്ടാണെന്ന സന്ദേശം നല്‍കുന്നതിനായാണ് ഭരണപക്ഷവുമായി സഹകരിച്ച് സമരത്തിനിറങ്ങിയത്. എന്നാല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഭിന്നതയുണ്ടെന്ന് വരുത്തിതീര്‍ത്ത് സിപിഎം അതിന്റെ നേട്ടം സ്വന്തമാക്കാന്‍ ശ്രമിച്ചെന്നും ചെന്നിത്തല പറഞ്ഞു.
യോജിച്ച സമരത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മുതലെടുപ്പ് നടത്തിയാതായും സമരവുമായി സിപിഎം ഏകപക്ഷിയമായി മുന്നോട്ടുപോകുകയായിരുന്നെന്നും ചെന്നിത്തല പറഞ്ഞു. ഫെബ്രുവരിയില്‍ കേരളത്തില്‍ പൗരത്വനിയമത്തിനെതിരായ സമരത്തിന് രാഹുല്‍ ഗാന്ധി നേതൃത്വം നല്‍കുമെന്നും ചെന്നിത്തല പറഞ്ഞു.
ഇത്രനാളും സംയുക്തപ്രക്ഷോഭത്തിനുകൂലമായ നിലപാടാണ് ചെന്നിത്തല സ്വീകരിച്ചത്. ചെന്നിത്തലയ്ക്ക് പിന്തുണയുമായി ഉമ്മന്‍ചാണ്ടിയും രംഗത്തെത്തിയിരുന്നു. എന്നാല്‍ യോജിച്ച സമരം കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഗുണം ചെയ്യില്ലെന്നായിരുന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളിയുടെ അഭിപ്രായം. കേരളത്തിലെ കോണ്‍ഗ്രസുകാര്‍ മുഴുവന്‍ തനിക്കൊപ്പമാണെന്നും ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന് ഒപ്പം ചേര്‍ക്കാന്‍ പറ്റിയ ആളുകളല്ല സിപിഎം എന്നും മുല്ലപ്പള്ളി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.