2015 ലെ വോട്ടര്‍പട്ടികയുമായി മുന്നോട്ടുപോകുന്നത് ജനങ്ങളെ ബുദ്ധിമുട്ടിക്കലെന്ന് ചെന്നിത്തല;  പ്രതിപക്ഷം നിയമ നടപടിക്ക് ?

ഏതാണ്ട് 40 ലക്ഷത്തോളം ആളുകള്‍ പുതുതായി ചേരേണ്ടിവരും. അതെങ്ങനെ പ്രായോഗികമാകുമെന്ന് രമേശ് ചെന്നിത്തല
2015 ലെ വോട്ടര്‍പട്ടികയുമായി മുന്നോട്ടുപോകുന്നത് ജനങ്ങളെ ബുദ്ധിമുട്ടിക്കലെന്ന് ചെന്നിത്തല;  പ്രതിപക്ഷം നിയമ നടപടിക്ക് ?


ന്യൂഡല്‍ഹി : തദ്ദേശ തെരഞ്ഞെടുപ്പില്‍ 2015 ലെ വോട്ടര്‍പട്ടികയുമായി മുന്നോട്ടുപോകാനുള്ള സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലോക്‌സഭ തെരഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടിക തദ്ദേശതെരഞ്ഞെടുപ്പില്‍ ഉപയോഗിക്കണമെന്ന നിലപാടില്‍ യുഡിഎഫ് ഉറച്ചുനില്‍ക്കുകയാണ്. 2015 ലെ വോട്ടര്‍ പട്ടിക എന്നത് അഞ്ചുവര്‍ഷം മുമ്പ് നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടര്‍പട്ടികയാണ്. ഏതാണ്ട് 40 ലക്ഷത്തോളം ആളുകള്‍ പുതുതായി ചേരേണ്ടിവരും. അതെങ്ങനെ പ്രായോഗികമാകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു.

അതിനേക്കാള്‍ നല്ലത് 2019 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ വോട്ടര്‍പട്ടികയാണ്. അതാണ് നല്ലത്. അല്ലാതെ ജനങ്ങളെ കഷ്ടപ്പെടുത്തുന്നത് എന്തിനാണ്. 40 ലക്ഷം പേരെ ചേര്‍ക്കുക വളരെയേറെ ബുദ്ധിമുട്ടുണ്ടാക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. നിയമപരമായി ചോദ്യം ചെയ്യണമെങ്കില്‍ അതിനും യുഡിഎഫ് മുന്നോട്ടുവരുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

നേരത്തെ 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പിലെ വോട്ടര്‍പട്ടികയുടെ അടിസ്ഥാനത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പ് നടത്തണമെന്ന നിലപാടിലായിരുന്നു എല്‍ഡിഎഫും യുഡിഎഫും. ഇക്കാര്യം തദ്ദേശ വകുപ്പും തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യം തള്ളിയ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍, 2015 ലെ വോട്ടര്‍ പട്ടികയുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് നടത്താനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്ന് പ്രസ്താവിച്ചു.

ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ നിലപാട് മാറ്റിയത്. കമ്മീഷന്റെ തീരുമാനത്തിനൊപ്പമാണെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ പറഞ്ഞു. ഇതോടെ വിഷയത്തില്‍ ഇടതുമുന്നണിയും മുന്‍ ആവശ്യത്തില്‍ നിന്നും പിന്നോട്ട് പോയിരിക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com