ഹൈറേഞ്ച് സംരക്ഷണ സമിതി തെരഞ്ഞെടുപ്പ് രാഷ്ട്രീയം വിടുന്നു; ഇനി പയറ്റുക മാറിനിന്നുള്ള സമ്മര്‍ദ തന്ത്രം

ഇടുക്കിയിലെ പ്രധാന ശക്തിയായി മാറിയ ഹൈറേഞ്ച് സംരക്ഷണ സമിതി തെരഞ്ഞെടുപ്പ് രാഷ്ട്രീയം വിടുന്നു.
ഹൈറേഞ്ച് സംരക്ഷണ സമിതി ജോയ്‌സ് ജോര്‍ജിന് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍
ഹൈറേഞ്ച് സംരക്ഷണ സമിതി ജോയ്‌സ് ജോര്‍ജിന് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍

കട്ടപ്പന: ഇടുക്കിയിലെ പ്രധാന ശക്തിയായി മാറിയ ഹൈറേഞ്ച് സംരക്ഷണ സമിതി തെരഞ്ഞെടുപ്പ് രാഷ്ട്രീയം വിടുന്നു. ഒരുതവണ പാര്‍ലമെന്റ് അംഗത്തെയും പിന്നീട് ഇരുപതോളം  ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളെയും വിജയിപ്പിച്ച സമിതി, കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തിലാണ് നിര്‍ണായക തീരുമാനമെടുത്തത്. സമിതി ജനറല്‍ കണ്‍വീനര്‍ ഫാ.സെബാസ്റ്റ്യന്‍ കൊച്ചുപുരയ്ക്കലും മുന്‍ എംപി ജോയ്‌സ് ജോര്‍ജും പങ്കെടുത്ത യോഗത്തിലാണ്  തീരുമാനം. 

തെരഞ്ഞെടുപ്പില്‍ നിന്നു വിട്ടു നിന്നുകൊണ്ട് കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്കു മുന്‍പില്‍ സമ്മര്‍ദ ശക്തിയായി പ്രവര്‍ത്തിക്കാനാണ് ലക്ഷ്യമിടുന്നത്. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് അടുത്തു വന്നിരിക്കെയാണ് തീരുമാനമെന്നതും ശ്രദ്ധേയമാണ്. അതിനിടെ ഫാ.സെബാസ്റ്റ്യന്‍ കൊച്ചുപുരയ്ക്കലിനെ  ഉപരിപഠനത്തിനായി ഇറ്റലിക്ക് അയയ്ക്കാന്‍ സഭ തീരുമാനിച്ചിട്ടുണ്ട്. 

അതിനു മുന്നോടിയായി അദ്ദേഹം ആലുവയിലെ സെമിനാരിയില്‍ ഭാഷാ പഠനത്തിലാണ്. ഇറ്റലിക്കു പോവുകയാണെങ്കിലും സമിതിയുടെ ചുമതലയില്‍ നിന്ന് അദ്ദേഹം ഒഴിവാകുന്നില്ല. സമിതി രക്ഷാധികാരി ആര്‍. മണിക്കുട്ടന് താല്‍ക്കാലിക ചുമതല നല്‍കാനാണ് തീരുമാനം.

6 വര്‍ഷത്തോളമായി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ സമിതി സജീവമാണ്. ഇടതുപക്ഷ പിന്തുണയോടെ ജോയ്‌സ് ജോര്‍ജിനെ പാര്‍ലമെന്റിലേക്ക് അയച്ചതോടെയാണ് സമിതി രാഷ്ട്രീയ രംഗത്ത് സജീവമായത്. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സമിതി പിന്തുണയുള്ള സ്ഥാനാര്‍ഥിയായി ജോയ്‌സ് ജോര്‍ജിനെ എല്‍ഡിഎഫ് മത്സരിപ്പിച്ചെങ്കിലും പരാജയം ഏറ്റുവാങ്ങി. നിര്‍ണായക ശക്തിയായതോടെ മറ്റു പാര്‍ട്ടികള്‍ ഒറ്റതിരിഞ്ഞ് ആക്രമിക്കുകയാണെന്നാണ് സമിതി ജനറല്‍ ബോഡിയോഗത്തിന്റെ വിലയിരുത്തല്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com