ഏഴുമണിക്കൂർ കഴിഞ്ഞും ജോലി ചെയ്താൽ ഒരവധി നേടാം; സർക്കാർ ജീവനക്കാർ ഗ്രേസ് സമയവും പഞ്ചിങ്ങും അറിഞ്ഞിരിക്കണം
By സമകാലിക മലയാളം ഡെസ് | Published: 15th January 2020 08:03 AM |
Last Updated: 15th January 2020 08:03 AM | A+A A- |

തിരുവനന്തപുരം: പത്തുമണിക്കൂറോ അതിലധികമോ അധികസമയം ജോലിചെയ്യുന്ന സർക്കാർ ജീവനക്കാർക്ക് മാസത്തിൽ ഒരുദിവസം പകരം അവധി നൽകും. ഗസറ്റഡ് ഉദ്യോഗസ്ഥരുൾപ്പെടെയുള്ളവർക്ക് ഈ കോമ്പൻസേറ്ററി ഓഫ് ആനുകൂല്യം ലഭിക്കും. എല്ലാ ദിവസത്തെയും നിർബന്ധിത പ്രവൃത്തിസമയമായ ഏഴുമണിക്കൂർ കഴിഞ്ഞുള്ള ജോലിസമയമാണ് അധികസമയമായി കണക്കാക്കുന്നത്.
ബയോമെട്രിക് പഞ്ചിങ് സ്പാർക്കുമായി ബന്ധിപ്പിക്കുന്ന ഓഫീസുകളിലെ ജീവനക്കാർക്കാണ് ഈ ആനുകൂല്യം പ്രയോജനപ്പെടുത്താനാകുക. ജീവനക്കാർ വരുമ്പോഴും പോകുമ്പോഴും തിരിച്ചറിയൽ കാർഡ് മുഖേനയോ പെൻനമ്പർ രേഖപ്പെടുത്തിയോ ഹാജർ രേഖപ്പെടുത്തണം. പ്രതിമാസം
അനുവദിച്ചിട്ടുള്ള പരമാവധി ഗ്രേസ് സമയം 300 മിനിറ്റാണ്. ഒരുദിവസം വിനിയോഗിക്കാവുന്നത് ഒരു മണിക്കൂറും.
ഓരോ മാസവും 16 മുതൽ അടുത്ത 15 വരെയാണ് ഗ്രേസ് സമയം കണക്കാക്കുന്നത്. പകുതിദിവസത്തെ ജോലിക്കും ഗ്രേസ് സമയം അനുവദിക്കും. അവധിയപേക്ഷയും സ്പാർക്കിലൂടെയാണ് നൽകേണ്ടത്. അല്ലാത്തപക്ഷം അനധികൃത അവധിയായി കണക്കാക്കി ഈ ദിവസങ്ങളിലെ ശമ്പളം വെട്ടിക്കുറയ്ക്കും. പിന്നീട് അവധിക്ക് അപേക്ഷിച്ചാൽ ശമ്പളം നൽകുമെന്നത് ജീവനക്കാർക്ക് ആശ്വാസമാണ്.
ഗ്രേസ് സമയം കഴിഞ്ഞ് വൈകിയെത്തുന്നവരും നേരത്തേ പോകുന്നവരും അവധിക്ക് അപേക്ഷിച്ചില്ലെങ്കിൽ ശമ്പളം കുറയ്ക്കും. ഗ്രേസ് സമയത്തിനു പുറമേ, വൈകി വരുന്നതോ നേരത്തേ പോകുന്നതോ അനുവദിക്കില്ല. ജീവനക്കാരുടെ കൃത്യനിഷ്ഠ ഉറപ്പാക്കാൻ സംസ്ഥാനത്തെ എല്ലാ സർക്കാർഓഫീസുകളിലും ആധാർ അധിഷ്ടിത സോഫ്റ്റ്‌വേറായ സ്പാർക്കുമായി ബന്ധിപ്പിച്ച് പഞ്ചിങ് ഏർപ്പെടുത്തുന്നതിന്റെ ഭാഗമായാണ് മാർഗനിർദേശങ്ങൾ പുറത്തിറക്കിയത്. ദിവസവേതന, താത്കാലിക, കരാർ ജീവനക്കാരെ പഞ്ചിങ്ങിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.