'വിശ്വസ്തനാമൊരു വൈദ്യുതി മന്ത്രിയെ സത്യത്തില്‍ നമ്മള്‍ തിരിച്ചറിഞ്ഞല്ലോ...'
By സമകാലിക മലയാളം ഡെസ്‌ക് | Published: 15th January 2020 10:27 AM |
Last Updated: 15th January 2020 10:27 AM | A+A A- |
കട്ടപ്പന : വൈദ്യുതി മന്ത്രി എംഎം മണിയെ വേദിയിലിരുത്തി പുകഴ്ത്തിക്കൊണ്ട് കുടുംബശ്രീ പ്രവര്‍ത്തകരുടെ പാട്ട്. ഇടുക്കി വണ്ടന്‍മേട് 33 കെവി സബസ്റ്റേഷന്‍ ഉദ്ഘാടന സമ്മേളനത്തിലാണ് മന്ത്രിയെ പുകഴ്ത്തിക്കൊണ്ട് പാരഡി ഗാനാലാപനം അരങ്ങേറിയത്. തന്നെ പുകഴ്ത്തിക്കൊണ്ടുള്ള ഗാനം അപ്രതീക്ഷിതമായി കേള്‍ക്കാന്‍ അവസരം ലഭിച്ചതോടെ മന്ത്രി മണിക്കും ഹരമായി.
കഥപറയുമ്പോള്‍ എന്ന സിനിമയിലെ വ്യത്യസ്ഥനാമൊരു ബാര്‍ബറാം ബാലനെ... എന്ന ഗാനത്തിനാണ് കുടുംബശ്രീ പ്രവര്‍ത്തകര്‍ പാരഡി ഗാനം ചിട്ടപ്പെടുത്തിയത്. 'വിശ്വസ്തനാമൊരു വൈദ്യുതിമന്ത്രിയെ സത്യത്തില്‍ നമ്മള്‍ തിരിച്ചറിഞ്ഞല്ലോ...' എന്നിങ്ങനെ പോകുന്നു കുടുംബശ്രീ പ്രവര്‍ത്തകരുടെ പാരഡിഗാനം. വേദിയില്‍ വെച്ചിരുന്ന അണ്ടിപ്പരിപ്പ് കൊറിച്ചുകൊണ്ട് മന്ത്രി പാരഡി ഗാനം ആസ്വദിക്കുകയും ചെയ്തു.
ഗാനം അവസാനിക്കും മുമ്പ് സദസ്സിനെ പൊട്ടിച്ചിരിപ്പിച്ച സംഭവവും അരങ്ങേറി. സംഘത്തിലെ പ്രധാനഗായിക പാരഡി മറന്ന് യഥാര്‍ത്ഥ ഗാനം ആലപിച്ചതോടെയാണത്. 'വ്യത്യസ്തനായ ബാര്‍ബറാം ബാലനുമായി' പ്രധാനഗായിക മുന്നോട്ടുപോയതോടെ വേദിയിലും സദസ്സിലും അമ്പരപ്പ്. കൂടെയുള്ള പാട്ടുകാരികള്‍ കൈകൊണ്ട് തട്ടി, പാട്ടുമാറിയത് ശ്രദ്ധയില്‍പ്പെടുത്താന്‍ ശ്രമിച്ചെങ്കിലും, അതൊന്നും ശ്രദ്ധിക്കാതെ പ്രധാനഗായിക പരിസരം മറന്ന് പാട്ടില്‍ മുഴുകി.
ഇതോടെ മറ്റ് ഗായികമാര്‍ വേദിയില്‍ നിന്നും മുങ്ങി. പെട്ടെന്ന് പ്രധാനഗായിക പാരഡിഗാനത്തിലേക്ക് തിരിച്ചുവന്ന്, ഗാനം പൂര്‍ത്തിയാക്കി. തുടര്‍ന്ന് പാട്ടിന്റെ ഒരു വരി തെറ്റിപ്പോയതില്‍ ക്ഷമാപണം നടത്തുകയും ചെയ്തു. സദസ്സിന്റെ കയ്യടിക്കൊപ്പം, ഗാനം ഇഷ്ടപ്പെട്ട മന്ത്രി കുടുംബശ്രീ പ്രവര്‍ത്തകയെ അഭിവാദം ചെയ്താണ് പറഞ്ഞയച്ചത്.