സംസ്ഥാനത്ത് ഫാസ്ടാഗ് ഉള്ളത് 40 ശതമാനം വാഹനങ്ങള്‍ക്ക് മാത്രം ; നടപ്പാക്കലില്‍ ആശങ്ക ; ഫാസ്ടാഗ് സംവിധാനം ഈ ടോള്‍പ്ലാസകളില്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 15th January 2020 08:48 AM |
Last Updated: 15th January 2020 08:48 AM | A+A A- |

ഫയല്‍ ചിത്രം
കൊച്ചി : രാജ്യത്തെ ടോള്‍ പ്ലാസകളില്‍ ഇന്നു മുതല്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കുന്നതോടെ, പുതിയ സംവിധാനം സംബന്ധിച്ച് ജനങ്ങള്‍ക്കിടയില്‍ ആശങ്കയും ഉയര്‍ന്നിട്ടുണ്ട്. ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങള്‍ക്കായി ഒന്നോ, രണ്ടോ ട്രാക്ക് മാത്രമായി മാറ്റിവെക്കാനാണ് അധികൃതരുടെ തീരുമാനം. ഇതോടെ ടോള്‍ നല്‍കാനായി പ്ലാസകളില്‍ വാഹനങ്ങള്‍ കെട്ടിക്കിടക്കുന്നത് വന്‍ ഗതാഗതക്കുരുക്കിനും സംഘര്‍ഷങ്ങള്‍ക്കും ഇടയാക്കുമെന്നാണ് ആശങ്ക ഉയരുന്നത്.
കേരളത്തില്‍ പാലിയേക്കര ഒഴികെയുള്ള ടോള്‍പ്ലാസകളിലെല്ലാം ഫാസ്ടാഗ് സംവിധാനം നിലവില്‍ വന്നുകഴിഞ്ഞു. അതേസമയം പാലിയേക്കരയില്‍ ഇരുവശങ്ങളിലേക്കുമുള്ള മൂന്ന് ട്രാക്കുകളില്‍ വീതമാണ് ഫാസ് ടാഗ് സംവിധാനം സജ്ജമായിട്ടുള്ളത്. ബാക്കിയുള്ള ട്രാക്കുകളില്‍ ഉടന്‍ തന്നെ സംവിധാനം നടപ്പിലാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പാലിയേക്കര അടക്കമുള്ള ടോള്‍ പ്ലാസകളില്‍ രാവിലെ 10 മണി മുതലാണ് ഫാസ്ടാഗ് സംവിധാനം നടപ്പാക്കിത്തുടങ്ങുക. പാലിയേക്കരയില്‍ നിലവില്‍ 12 ടോള്‍ ബൂത്തുകളാണുള്ളത്.
കേരളത്തില്‍ 40 ശതമാനം വാഹനങ്ങള്‍ മാത്രമേ ഫാസ്ടാഗ് സംവിധാനത്തിലേയ്ക്ക് കടന്നിട്ടുള്ളൂ. ഇത്രയും വാഹനങ്ങള്‍ക്കുവേണ്ടിയാണ് ടോള്‍പ്ലാസകളിലെ ഒന്നൊഴികെയുള്ള ടോള്‍ബൂത്തുകള്‍ നീക്കിവെച്ചിരിക്കുന്നത്. ബാക്കിയുള്ള 60 ശതമാനത്തിന് നേരിട്ട് പണം സ്വീകരിക്കാനായി ഓരോ ടോള്‍ ബൂത്തുകള്‍ മാത്രമാണ് ഉണ്ടാവുക. ഇത് വലിയ ഗതാഗതക്കുരുക്കിന് ഇടയാക്കുമെന്നാണ് ആശങ്ക.
ഫാസ് ടാഗില്ലാത്ത വാഹനങ്ങള്‍ മറ്റ് ഗേറ്റുകളിലൂടെ ഇവര്‍ പ്രവേശിച്ചാല്‍ ഇരട്ടി തുക നല്‍കേണ്ടി വരും. ഇരുവശത്തേക്കുമുളള യാത്രക്ക് ഫാസ്ടാഗ് ഉള്ളവര്‍ക്ക് 105 രൂപയാണെങ്കില്‍ ഇവര്‍ 210 രൂപ നല്‍കേണ്ടിവരും.ഇതില്‍ യാതൊരു ഇളവും നല്‍കില്ലെന്ന് ദേശീയ പാത അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്. പാലിയേക്കര ടോള്‍ പ്ലാസയുടെ 10 കിലോമീറ്റര്‍ ചുറ്റളവിലുളള 43000ത്തില്‍ 12000 വാഹനങ്ങള്‍ക്ക് മാത്രമെ സൗജന്യ ഫാസ്ടാഗ് അനുവദിച്ചിട്ടുളളൂ.
തൃശ്ശൂര്‍ പാലിയേക്കര ടോള്‍ പ്ലാസ കൂടാതെ വാളയാര്‍ പാമ്പന്‍പള്ളം ടോള്‍, അരൂര്‍ കുമ്പളം ടോള്‍, കൊച്ചി കണ്ടെയ്‌നര്‍ ടെര്‍മിനല്‍ റോഡിലെ പൊന്നാരിമംഗലം ടോള്‍ പ്ലാസ എന്നിവിടങ്ങളിലാണ് ഫാസ്ടാഗ് നടപ്പാക്കുന്നത്. ഗൂഗിള്‍ പേ, പേടിഎം എന്നി ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍ സംവിധാനങ്ങള്‍ക്ക് പുറമേ ഭീം ആപ്പ് വഴിയും ഫാസ്ടാഗ് റീച്ചാര്‍ജ് ചെയ്യാം.