സഹപാഠിയുടെ ചികില്‍സയ്ക്ക് 'കാരുണ്യം' തേടി മൂന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥികള്‍ ; ഉടന്‍ 'ഇടപെട്ട്' മന്ത്രി ; സെറിബ്രല്‍ പാള്‍സി ബാധിച്ച അശ്വിന് ഇനി സൗജന്യ ചികില്‍സ
By സമകാലിക മലയാളം ഡെസ്‌ക് | Published: 15th January 2020 09:23 AM |
Last Updated: 15th January 2020 09:23 AM | A+A A- |
കൊല്ലം : സെറിബ്രല്‍ പാള്‍സി രോഗം ബാധിച്ച സഹപാഠിയുടെ ചികില്‍സയ്ക്ക് സഹായം തേടി വിദ്യാര്‍ത്ഥികള്‍ മന്ത്രിക്ക് കത്തയച്ചു. കഴിഞ്ഞ ഡിസംബറിലാണ് കൊല്ലം വെസ്റ്റ് കല്ലട ഗവ. എല്‍.പി. സ്‌കൂളിലെ മൂന്നാം ക്ലാസില്‍ പഠിക്കുന്ന 33 വിദ്യാര്‍ത്ഥികള്‍ സഹപാഠിയായ അശ്വിന്‍ മധുവിന് വേണ്ടി ആരോഗ്യമന്ത്രി കെ കെ ശൈലജയ്ക്ക് കത്തയച്ചത്.
അശ്വിന്‍ മധുവിന് എഴുന്നേറ്റ് നില്‍ക്കാനോ, നടക്കാനോ, സംസാരിക്കാനോ കഴിയില്ല. രണ്ട് വയസുകാരന്റെ വളര്‍ച്ച മാത്രമാണുള്ളത്. മന്ത്രി ഇടപെട്ട് നല്ല ചികിത്സ നല്‍കണമെന്നാണ് വിദ്യാര്‍ത്ഥികള്‍ കത്തില്‍ ആവശ്യപ്പെട്ടത്. വിദ്യര്‍ത്ഥികള്‍ക്കൊപ്പം അധ്യാപകരുടെ കത്തുമുണ്ടായിരുന്നു. കത്ത് ലഭിച്ച ഉടന്‍ മന്ത്രി പ്രശ്‌നത്തില്‍ ഇടപെട്ടു. സ്‌കൂളിലെ ഹെഡ്മിസ്ട്രസുമായി സംസാരിച്ച് മന്ത്രി കാര്യങ്ങള്‍ മനസിലാക്കി. തൊട്ടടുത്ത ദിവസം സാമൂഹ്യ സുരക്ഷാ മിഷന്‍ റീജിയണല്‍ ഡയറക്ടര്‍ കുട്ടിയുടെ വീട്ടിലെത്തി പരിശോധിച്ചു.
സെറിബ്രല്‍ പാള്‍സി ബാധിച്ച അശ്വിനെ മികച്ച ചികിത്സയിലൂടെയും തെറാപ്പിയിലൂടെയും മെച്ചപ്പെടുത്താനാകുമെന്ന് വിലയിരുത്തല്‍. സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുന്ന കുടുംബത്തിലുള്ള അശ്വിന്‍ മധുവിന്റെ ചികിത്സ സാമൂഹ്യ സുരക്ഷമിഷന്റെ വി കെയര്‍ പദ്ധതിയിലൂടെ സൗജന്യമായി ചെയ്തുകൊടുക്കുമെന്ന് മന്ത്രി അറിയിച്ചു. ചികിത്സ, തെറാപ്പി, മരുന്നുകള്‍, സഹായ ഉപകരണങ്ങള്‍, ആവശ്യമെങ്കില്‍ സര്‍ജറി എന്നിവ വി കെയര്‍ പദ്ധതി വഴി സൗജന്യമായി കുട്ടിക്ക് ചെയ്തു കൊടുക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഫിസിക്കല്‍ മെഡിസിന്‍ ആന്റ് റിഹാബിലിറ്റേഷന്‍ സെന്ററില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടിയെ മന്ത്രി കഴിഞ്ഞദിവസം സന്ദര്‍ശിച്ചു. ജനിച്ചപ്പോള്‍ താഴെ വീണതാണ് അശ്വിന്‍ മധു ഈ അവസ്ഥയിലെത്താന്‍ കാരണമെന്നും നല്ല ചികിത്സ കിട്ടിയാല്‍ പഴയ രീതിയില്‍ ആകുമെന്നാണ് അശ്വിന്റെ അമ്മയും അധ്യാപകരും പറയുന്നത്.