അഗസ്ത്യാര്‍കൂട സന്ദര്‍ശനത്തിന് തുടക്കം ; ഇക്കൊല്ലം മലകയറാന്‍ 170 സ്ത്രീകള്‍, രണ്ട് വിദേശികളും

കഴിഞ്ഞ വര്‍ഷമാണ് ആദ്യമായി സ്ത്രീകള്‍ക്ക് അഗസ്ത്യാര്‍കൂട ട്രക്കിങ്ങിന് അനുമതി നല്‍കിയത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം : ഈ വര്‍ഷത്തെ അഗസ്ത്യാര്‍കൂട സന്ദര്‍ശനത്തിന് തുടക്കമായി. ബോണക്കാട് ഫോറസ്റ്റ് പിക്കറ്റ് സ്‌റ്റേഷനില്‍ നിന്ന് മൂന്നു സ്ത്രീകളടങ്ങുന്ന 116 അംഗ സംഘം പുറപ്പെട്ടതോടെയാണ് ഇക്കൊല്ലത്തെ അഗസ്ത്യാര്‍കൂട സന്ദര്‍ശനത്തിന് തുടക്കമായത്. ഇത്തവണ ആകെ 3600 പേരാണ് മലകയറുക. ഇതില്‍ 170 പേര്‍ സ്ത്രീകളാണ്. രണ്ടു വിദേശികളും മല കയറാനുണ്ട്.

സ്ത്രീകള്‍ക്ക് പ്രത്യേക പരിഗണന നല്‍കില്ലെന്ന അറിയിപ്പുണ്ടെങ്കിലും ഇത്തവണ സ്ത്രീ പങ്കാളിത്തം കൂടുതലാണ്. കഴിഞ്ഞ തവണ 103 പേരാണ് മല ചവിട്ടിയത്. കഴിഞ്ഞ വര്‍ഷമാണ് ആദ്യമായി സ്ത്രീകള്‍ക്ക് അഗസ്ത്യാര്‍കൂട ട്രക്കിങ്ങിന് അനുമതി നല്‍കിയത്.

ഫെബ്രുവരി 18 വരെ നീളുന്ന സന്ദര്‍ശനകാലത്ത് പ്രത്യേകം പരിശീലനം സിദ്ധിച്ച 32 ഗൈഡുകളും വനപാലകരും സന്ദര്‍ശകര്‍ക്ക് വഴികാട്ടികളാകും. പത്തുപേരടങ്ങുന്ന ഓരോ ഗ്രൂപ്പിനും ഒരു ഗൈഡിന്റെ സേവനം ലഭ്യമാകും. ലാത്തിമൊട്ട, കരമനയാര്‍, അട്ടയാര്‍, എഴുമടക്കന്‍ തേരി, അതിരുമല എന്നിവിടങ്ങളില്‍ ഇടത്താവളങ്ങൾ ഒരുക്കിയിട്ടുണ്ട്. അതിരുമലയില്‍ മാത്രമാണ് താമസസൗകര്യം സജ്ജമാക്കിയിട്ടുള്ളത്.

ബോണക്കാട് പിക്കറ്റ് സ്‌റ്റേഷന്‍, അതിരുമല ക്യാമ്പ് സ്‌റ്റേഷന്‍ എന്നിവിടങ്ങളില്‍ ക്യാന്റീന്‍ സൗകര്യവും വനം വകുപ്പ്  ഉറപ്പാക്കിയിട്ടുണ്ട്. ബോണക്കാട് ഫോറസ്റ്റ് പിക്കറ്റ് സ്‌റ്റേഷനില്‍ നടന്ന ചടങ്ങില്‍ ബോണക്കാട് പഞ്ചായത്തംഗം സതീഷ് കുമാര്‍ ആദ്യയാത്ര ഫ്ലാ​ഗ് ഓഫ് ചെയ്തു. സന്ദര്‍ശകര്‍ക്ക് കാട്ടുതീ സംബന്ധമായ പ്രത്യേക പഠനക്ലാസും സംഘടിപ്പിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com