അമിത വേഗം; ശബ്ദത്തിന്റെ തീവ്രത; തീവ്രവെളിച്ചം; മദ്യപിച്ച് ഓടിക്കല്‍; ഗ്ലാസിന്റെ സുതാര്യത എല്ലാ അളക്കും; ഉടനടി കുടുങ്ങും; നിരത്തിന്‍ ഇന്റര്‍സെപ്റ്റര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th January 2020 10:23 PM  |  

Last Updated: 15th January 2020 10:23 PM  |   A+A-   |  

 

കൊച്ചി: റോഡില്‍ നിയമലംഘനം നടത്തിയാല്‍ അപ്പോള്‍ പിടിവീഴും. ഒപ്പിയെടുക്കാന്‍ ഇന്റര്‍സെപ്റ്റര്‍ റെഡി. ലേസര്‍ സാങ്കേതികവിദ്യ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇന്റര്‍സെപ്റ്ററില്‍ അമിതവേഗം, തീവ്രവെളിച്ചം, ശബ്ദതീവ്രത തുടങ്ങിയവ ഞൊടിയിടയില്‍ അളക്കാനുള്ള ആധുനിക ഉപകരണങ്ങളുണ്ട്. സംസ്ഥാനത്ത് എത്തിച്ച 17 ഇന്റര്‍സെപ്റ്ററുകളില്‍ ഒന്ന് കണ്ണൂര്‍ ജില്ലയിലാണ്.

വേഗപരിശോധന മാത്രമാണ് മോട്ടര്‍ വാഹന വകുപ്പിന്റെ നിലവിലെ ഇന്റര്‍സെപ്റ്റര്‍ വാഹനങ്ങളില്‍ ചെയ്യാന്‍ സാധിക്കുന്നത്. ഇത്രയും വിപുലമായ ഇന്റര്‍ സെപ്റ്റര്‍ ഇതാദ്യമായാണ് മോട്ടര്‍ വാഹന വകുപ്പിനു ലഭിക്കുന്നത്. വാഹനം തടഞ്ഞുള്ള പരിശോധന ഒഴിവാക്കാനും ശാസ്ത്രീയ മാര്‍ഗങ്ങളിലൂടെ നിയമ ലംഘനം കണ്ടെത്താനും ഇതുവഴി കഴിയും.

ലേസര്‍ ബേസ്ഡ് സ്പീഡ് റഡാര്‍– ലേസര്‍ ഉപയോഗിച്ച് കൃത്യമായി വേഗം കണ്ടെത്തുന്നു., സൗണ്ട് ലവല്‍ മീറ്റര്‍– വാഹനങ്ങളുടെ ശബ്ദത്തിന്റെ തീവ്രത അളക്കുന്നു., ലക്‌സ്മീറ്റര്‍– വാഹനങ്ങളുടെ ലൈറ്റുകളുടെ പ്രകാശതീവ്രത അളക്കുന്ന ഉപകരണം., ആല്‍ക്കോ മീറ്റര്‍– മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താന്‍ കഴിയും. , ടിന്റഡ് മീറ്റര്‍– ഗ്ലാസിന്റെ സുതാര്യത അളക്കാന്‍ എന്നിങ്ങനെയുള്ള ഉപകരണങ്ങളാണ് ഇന്റര്‍സെപ്റ്ററില്‍ ഉള്ളത്. 

കുറ്റകൃത്യം ക്യാമറയില്‍ പതിഞ്ഞാല്‍ ആ വാഹനത്തെ നേരിട്ട് കരിമ്പട്ടികയില്‍ പെടുത്താന്‍ സാധിക്കും. ഇന്റര്‍സെപ്റ്റര്‍ ആര്‍ടി ഓഫിസിലെ സര്‍വറുമായി നിരന്തരം ബന്ധത്തിലായിരിക്കും. നിയമ ലംഘനം രേഖപ്പെടുത്തി തെളിവ് സഹിതം ഉടമയുടെ വിലാസത്തില്‍ അയയ്ക്കും. മൊബൈല്‍ ഫോണിലും നിയമലംഘന വിവരം നല്‍കും.

ഓരോ ജില്ലകള്‍ക്കും സംസ്ഥാനത്തെ മൂന്ന് റൂറല്‍ പൊലീസ് ജില്ലയ്ക്കുമാണ് 17 ഇന്റര്‍സെപ്റ്റര്‍ വാഹനങ്ങള്‍. ഉപകരണങ്ങള്‍ അടക്കം ഒരു വാഹനത്തിനു 25 ലക്ഷം രൂപയാണ് ചെലവ്.