'ഒരു മാസത്തേക്ക് ഡല്‍ഹിയില്‍ പ്രവേശിക്കരുത്; പ്രതിഷേധങ്ങളില്‍ പങ്കെടുക്കരുത്': ചന്ദ്രശേഖര്‍ ആസാദിന് ഉപാധികളോടെ ജാമ്യം 

പൗരത്വനിയമത്തിനെതിരെ പ്രക്ഷോഭം നയിച്ചതിന് ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ച ഭീം ആര്‍മി നേതാവ് ചന്ദ്രര്‍ ആസാദിന് ജാമ്യം
'ഒരു മാസത്തേക്ക് ഡല്‍ഹിയില്‍ പ്രവേശിക്കരുത്; പ്രതിഷേധങ്ങളില്‍ പങ്കെടുക്കരുത്': ചന്ദ്രശേഖര്‍ ആസാദിന് ഉപാധികളോടെ ജാമ്യം 

ന്യൂഡല്‍ഹി: പൗരത്വനിയമത്തിനെതിരെ പ്രക്ഷോഭം നയിച്ചതിന് ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ച ഭീം ആര്‍മി നേതാവ് ചന്ദ്രര്‍ ആസാദിന് ജാമ്യം. ഡല്‍ഹി തീസ് ഹസാരി കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. അഡീഷണല്‍ സെഷന്‍സ് ജഡ്ജി കാമിനി ലോയാണ് ജാമ്യാപേക്ഷയില്‍ വിധി പറഞ്ഞത്.

അടുത്ത നാല് ആഴ്ചത്തേക്ക് ചന്ദ്രശേഖര്‍ ആസാദ് ഡല്‍ഹിയില്‍ ഉണ്ടാകാന്‍ പാടില്ല. ഈ ആഴ്ചകളിലെ എല്ലാ ശനിയാഴ്ചയും യുപിയിലെ സഹറന്‍പുര്‍ പോലീസ് സ്‌റ്റേഷനില്‍ എത്തി ഒപ്പിടണം. അതിന് ശേഷം കുറ്റപത്രം സമര്‍പ്പിക്കുന്നത് വരെ എല്ലാ മാസത്തിലേയും അവസാന ശനിയാഴ്ച സ്റ്റേഷനിലെത്തണം. ചികിത്സക്കായി ഡല്‍ഹിയി വരേണ്ടതുണ്ടെങ്കില്‍ പോലീസിനെ അറിയിക്കണം. ഡല്‍ഹിയില്‍ സമരങ്ങള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെങ്കില്‍ ഒരു മാസത്തേക്ക് വിട്ട് നില്‍ക്കണം. തുടങ്ങിയ ഉപാധികളാണ് കോടതി മുന്നോട്ട് വെച്ചത്.

ഇതിനിടെ ഡല്‍ഹി ജമാ മസ്ജിദ് സന്ദര്‍ശിക്കാന്‍ ആസാദിനെ അനുവദിക്കണമെന്ന അഭിഭാഷകന്‍ ആവശ്യപ്പെട്ടപ്പോള്‍ കോടതി അത് അംഗീകരിച്ചു. പൗരത്വ നിയമത്തിനെതിരായ ജുമാമസ്ജിദിലെ പ്രതിഷേധങ്ങളില്‍ ഡല്‍ഹി പൊലീസ് നടപടിയെ കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. പ്രതിഷേധവുമായി ബന്ധപ്പെട്ട് ചന്ദ്രശേഖര്‍ ആസാദിന്റെ ജാമ്യ ഹര്‍ജി പരിഗണിക്കവെയായിരുന്നു പ്രതിഷേധത്തെ പൊലീസ് കൈകാര്യം ചെയ്ത രീതിയെ അതിരൂക്ഷമായി കോടതി വിമര്‍ശിച്ചത്. പ്രതിഷേധങ്ങള്‍ക്കിടെ അറസ്റ്റിലായ ആസാദ് കഴിഞ്ഞ മാസം 21 മുതല്‍ ജയിലിലാണ്.

പ്രതിഷേധം മൗലികാവകാശമാണെന്ന് കഴിഞ്ഞ ദിവസം ജാമ്യ ഹര്‍ജി പരിഗണിക്കവെ അഡീഷണല്‍ സെഷന്‍സ് ജഡ്ജി കാമിനി ലാവു ഓര്‍മിപ്പിച്ചിരുന്നു. പ്രതിഷേധം നടന്ന ജുമാമസ്ജിദ് പാക്കിസ്ഥാനിലാണെന്ന രീതിയിലാണ് പൊലീസ് പെരുമാറുന്നത്. പാകിസ്ഥാനില്‍ ആണെങ്കില്‍ തന്നെ പ്രതിഷേധിക്കാന്‍ അവകാശമുണ്ടെന്നും ജഡ്ജി പറഞ്ഞു. പാകിസ്ഥാന്‍ ഇന്ത്യയുടെ ഭാഗമായിരുന്നുവെന്നും ജസ്റ്റിസ് കാമിനി ലാവു വ്യക്തമാക്കി. ജാമ്യാപേക്ഷ തള്ളണമെന്നു വാദിക്കാന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ശ്രമിക്കുന്നതിനിടെയായിരുന്നു കോടതിയുടെ വിമര്‍ശനം. 

നിരോധനാജ്ഞ ലംഘിച്ചുള്ള പ്രതിഷേധമായിരുന്നുവെന്ന് പറഞ്ഞപ്പോള്‍ 144ാം വകുപ്പ് ദുരുപയോഗപ്പെടുത്താനുള്ളതല്ലെന്നായിരുന്നു കോടതിയുടെ മറുപടി. പ്രതിഷേധത്തിനു മുന്‍കൂര്‍ അനുമതി വാങ്ങണമെന്നു പ്രോസിക്യൂട്ടര്‍ ചൂണ്ടിക്കാട്ടിയതിനെയും കോടതി വിമര്‍ശിച്ചു. നിരോധനാജ്ഞ പൊലീസ് തെറ്റായി പ്രയോഗിക്കുന്നത് പലതവണ ചൂണ്ടിക്കാണിച്ചിട്ടുള്ളതാണെന്നു കോടതി ഓര്‍മിപ്പിച്ചു.

സാമൂഹിക മാധ്യമങ്ങളില്‍ ചന്ദ്രശേഖര്‍ നടത്തിയ ആഹ്വാനത്തെക്കുറിച്ച് പ്രോസിക്യൂട്ടര്‍ പറഞ്ഞപ്പോള്‍, അതില്‍ എന്താണ് തെറ്റെന്നു കോടതി ചോദിച്ചു. മതസ്ഥാപനങ്ങളുടെ പരിസരത്തു പ്രതിഷേധിക്കുന്നത് വിലക്കുന്ന ഏതു നിയമമാണുള്ളതെന്നു ചോദിച്ച കോടതി പ്രോസിക്യൂട്ടര്‍ ഭരണഘടന ഒന്നെടുത്തു വായിക്കണമെന്നും പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com