കുട്ടിയാന കിണറ്റില്‍ വീണു ; കിണര്‍ നികത്തി ആനക്കുട്ടിയെ രക്ഷിച്ച് കാട്ടാനക്കൂട്ടം ; അറിയാതെ എത്തിയ നാട്ടുകാരന് നേര്‍ക്ക് ആക്രമണം; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

താഴെ പൂച്ചക്കുളം വയലുങ്കര പൊടിയമ്മയുടെ കൃഷിയിടത്തിലെ ആള്‍മറയില്ലാത്ത കിണറ്റിലാണ് ആനക്കുട്ടി വീണത്
കുട്ടിയാന കിണറ്റില്‍ വീണു ; കിണര്‍ നികത്തി ആനക്കുട്ടിയെ രക്ഷിച്ച് കാട്ടാനക്കൂട്ടം ; അറിയാതെ എത്തിയ നാട്ടുകാരന് നേര്‍ക്ക് ആക്രമണം; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

പത്തനംതിട്ട : ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ കുട്ടിയാനയെ ആനക്കൂട്ടം കിണര്‍ നികത്തി രക്ഷിച്ചുകൊണ്ടുപോയി. പത്തനംതിട്ട തണ്ണിത്തോടാണ് സംഭവം. വിവരം അറിയാതെ അവിടെയെത്തിയ നാട്ടുകാരനെ കാട്ടാന ആക്രമിച്ചു. തേക്കുതോട് താഴെ പൂച്ചക്കുളം കോട്ടയ്ക്കല്‍ കുഞ്ഞുകുഞ്ഞിന് (72) ആണ് കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. സമീപത്തെ തോട്ടത്തില്‍ ടാപ്പിങ്ങിനെത്തിയവരെയും കാട്ടാന ഓടിച്ചു.

താഴെ പൂച്ചക്കുളം വയലുങ്കര പൊടിയമ്മയുടെ കൃഷിയിടത്തിലെ ആള്‍മറയില്ലാത്ത കിണറ്റിലാണ് ആനക്കുട്ടി വീണത്. വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള പറമ്പിലെ കൃഷികള്‍ നശിപ്പിച്ചെത്തിയ കാട്ടാനക്കൂട്ടത്തിലെ കുട്ടിയാനയാണ് കിണറ്റില്‍ അകപ്പെട്ടത്. 16 അടിയോളമുള്ള കിണറിന്റെ ചുറ്റുവട്ടത്തെ മണ്ണ് ഇടിച്ച് കിണര്‍ പകുതിയോളം നികത്തിയാണ് പുലര്‍ച്ചയോടെ കാട്ടാനക്കൂട്ടം ആനക്കുട്ടിയെ കര കയറ്റിയത്.  

കുട്ടിയാന കിണറ്റില്‍ വീണ കൃഷിയിടത്തോട് ചേര്‍ന്നുള്ള പറമ്പില്‍ കുരുമുളക് പറിക്കുന്ന മകന്‍ അനില്‍കുമാറിന് പ്രഭാത ഭക്ഷണവുമായി എത്തിയതാണ് കുഞ്ഞുകുഞ്ഞ്. വനത്തില്‍ നിന്ന് പെട്ടെന്ന് ഓടിയടുത്ത ആന ഇടിച്ചിടുകയായിരുന്നെന്ന് കുഞ്ഞുകുഞ്ഞ് പറയുന്നു. മണ്ണ് തട്ടിത്തെറിപ്പിച്ചപ്പോള്‍ പൊടിയുയര്‍ന്നതോടെ കാലുകള്‍ക്കിടയിലായി തറയില്‍ വീണുകിടന്ന കുഞ്ഞുകുഞ്ഞിനെ കാണാതെ ആന പിന്‍തിരിയുകയായിരുന്നു. ആനയുടെ ചവിട്ടേറ്റ് കുഞ്ഞുകുഞ്ഞിന്റെ കാല്‍ മുട്ടിന്റെ അസ്ഥിക്ക് പൊട്ടലും നെഞ്ചത്ത് ചതവും തലയില്‍ പരിക്കുമുണ്ട്.

വിവരമറിയാതെ രാവിലെ ഏഴോടെ സമീപഭാഗത്തെ തോട്ടത്തില്‍ ടാപ്പിങ്ങിനെത്തിയ കവുങ്ങിനാംകുഴി പ്രമോദ്, ചരിവുപറമ്പില്‍ സജികുമാര്‍ എന്നിവരെയും കാട്ടാന ഓടിച്ചിരുന്നു. പരിക്ഷീണനായ കുട്ടിയാനയുമായി ആനക്കൂട്ടം സമീപഭാഗത്തെ വനത്തിലുണ്ടെന്നാണ് നാട്ടുകാരുടെ വിലയിരുത്തല്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com