കുമ്മനം ബിജെപി ദേശീയനേതൃത്വത്തിലേക്ക് ; സംസ്ഥാന പ്രസിഡന്റില്‍ 'സര്‍പ്രൈസ്' ?

സംസ്ഥാന പ്രസിഡന്റ് സംബന്ധിച്ച് ജില്ലാ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുമ്പുതന്നെ ബിജെപി കേന്ദ്രനേതൃത്വം തീരുമാനം എടുത്തതായാണ് സൂചന
കുമ്മനം ബിജെപി ദേശീയനേതൃത്വത്തിലേക്ക് ; സംസ്ഥാന പ്രസിഡന്റില്‍ 'സര്‍പ്രൈസ്' ?

കോഴിക്കോട് : ബിജെപി ഭാരവാഹി പ്രഖ്യാപനം അടുത്തുതന്നെ വരാനിരിക്കെ, മുന്‍ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ദേശീയ നേതൃത്വത്തിലേക്ക് എത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. കുമ്മനത്തെ പാര്‍ട്ടി ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നതായാണ് വാര്‍ത്തകള്‍. കുമ്മനത്തിന് ഒരു പദവിയും നല്‍കാത്തതില്‍ ആര്‍എസ്എസിന്റെ അതൃപ്തി പരിഗണിച്ചാണ് ഈ നീക്കമെന്നാണ് സൂചന.

അതേസമയം ബിജെപി സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് ആര് വരും എന്നത് സംബന്ധിച്ച അനിശ്ചിതത്വം തുടരുകയാണ്. ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ കൃഷ്ണദാസ് പക്ഷത്തിനാണ് മേല്‍ക്കൈ. സംസ്ഥാന പ്രസിഡന്റ് പ്രഖ്യാപനത്തിലും ഇതു പ്രതിഫലിക്കുമെന്നാണ് ആ പക്ഷത്തിന്റെ പ്രതീക്ഷ.

സംസ്ഥാന പ്രസിഡന്റ് സംബന്ധിച്ച് ജില്ലാ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുമ്പുതന്നെ ബിജെപി കേന്ദ്രനേതൃത്വം തീരുമാനം എടുത്തതായാണ് സൂചന. ജില്ലാ ഭാരവാഹികളെ പ്രഖ്യാപിക്കുന്നതുവരെ ഇക്കാര്യം രഹസ്യമാക്കിവയ്ക്കാനാണ് കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം. പ്രസിഡന്റ് സ്ഥാനത്തേക്ക് സംസ്ഥാന നേതൃത്വത്തിന്റെ മനസ്സറിയാന്‍ കേന്ദ്രനേതാക്കള്‍ കഴിഞ്ഞദിവസം കേരളത്തിലെത്തിയിരുന്നു.

സംസ്ഥാന നേതൃത്വത്തില്‍ യുവനിരയ്ക്ക് ആയിരിക്കണം പ്രാതിനിധ്യമെന്നാണ് ആര്‍എസ്എസ് നിലപാട്. വി മുരളീധരന്‍ പക്ഷം കെ സുരേന്ദ്രന്റെ പേരാണ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടുന്നത്. പി കെ കൃഷ്ണദാസ് പക്ഷം എം ടി രമേശിന്റെ പേര് ഉന്നയിക്കുമ്പോള്‍, നിഷ്പക്ഷ സ്ഥാനാര്‍ത്ഥിയായി ശോഭ സുരേന്ദ്രന്റെ പേരും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. നേരത്തെ നടന്‍ സുരേഷ് ഗോപിയുടെ അടക്കം പേരുകളും ഉയര്‍ന്നുവന്നിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com