ഡ്രൈവിങ്ങ് സ്‌കൂള്‍ ഏജന്റുമാര്‍ക്ക് മദ്യസല്‍ക്കാരം ; മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്കെതിരെ നടപടി ; സസ്‌പെന്‍ഷന്‍

പൊതുപണിമുടക്ക് ദിവസം തലപ്പാറയിലെ ഒരു സ്വകാര്യ ഹോട്ടലിലായിരുന്നു മദ്യസല്‍ക്കാരം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മലപ്പുറം : ഡ്രൈവിങ്ങ് സ്‌കൂള്‍ ഏജന്റുമാര്‍ക്കായി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ മദ്യസല്‍ക്കാരം നടത്തിയ സംഭവത്തില്‍ നടപടി. തിരൂരങ്ങാടിയിലെ രണ്ട് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരെ സസ്‌പെന്‍ഡ് ചെയ്തു. ബെന്നി വര്‍ഗീസ്, സുനില്‍ ബാബു എന്നിവര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചിട്ടുള്ളത്. ഡെപ്യൂട്ടി കമ്മിഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ഏജന്റുമാര്‍ക്കൊപ്പമിരുന്ന് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ മദ്യപിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തെത്തിയതോടെ ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. തുടര്‍ന്ന് മന്ത്രിയുടെ നിര്‍ദേശത്തിന്റ അടിസ്ഥാനത്തില്‍ ഗതാഗതകമ്മിഷണര്‍ തൃശൂര്‍ ഡെപ്യൂട്ടി ഗതാഗത കമ്മിഷണറോട് റിപ്പോര്‍ട്ട് തേടി. പൊതുപണിമുടക്ക് ദിവസം തലപ്പാറയിലെ ഒരു സ്വകാര്യ ഹോട്ടലിലായിരുന്നു മദ്യസല്‍ക്കാരം.

സല്‍ക്കാരത്തിന് ക്ഷണിച്ചുകൊണ്ട് മോട്ടോര്‍വാഹന വകുപ്പ്  ഇന്‍സ്‌പെക്ടര്‍ ഡ്രൈവിങ്ങ് സ്‌കൂള്‍ ഉടമകള്‍ കൂടിയായ ഏജന്റുമാരുടെ  വാട്‌സാപിലേക്ക് അയച്ച സന്ദേശത്തില്‍ ഔദ്യോഗികമായ കാര്യങ്ങള്‍ക്കു വേണ്ടി വിളിച്ച യോഗമല്ലെന്നും വിനോദം മാത്രം ലക്ഷ്യമിട്ട് ഉള്ളതാണെന്നും വ്യക്തമാക്കുന്നുണ്ട്. മുപ്പത്തിയഞ്ചോളം ഡ്രൈവിങ്ങ് സ്‌കൂള്‍ ഉടമകളും തിരുരങ്ങാടി ജോയിന്റ് ആര്‍ടിഒ അടക്കമുള്ള ഉദ്യോഗസ്ഥരും സല്‍ക്കാരത്തില്‍ പങ്കെടുത്തു. ചെറുപ്രസംഗത്തിന് ശേഷമായിരുന്നു മദ്യ സല്‍ക്കാരം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com