പ്രതികളുടെ സംഘത്തില്‍ 17 പേര്‍ ; മൂന്നുപേര്‍ക്ക് ചാവേറാകാന്‍ നേപ്പാളില്‍ പരിശീലനം ലഭിച്ചു; കളിയിക്കാവിള കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ആക്രമണത്തിന്റെ ആസൂത്രണം പ്രധാനമായും നടന്നത് കര്‍ണാടകവും ഡല്‍ഹിയും കേന്ദ്രീകരിച്ചാണ്
പ്രതികളുടെ സംഘത്തില്‍ 17 പേര്‍ ; മൂന്നുപേര്‍ക്ക് ചാവേറാകാന്‍ നേപ്പാളില്‍ പരിശീലനം ലഭിച്ചു; കളിയിക്കാവിള കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ബംഗലൂരു :കളിയിക്കാവിളയില്‍ എഎസ്‌ഐ വില്‍സനെ വെടിവെച്ചുകൊന്ന കേസില്‍ പിടിയിലായ മുഖ്യപ്രതികളെ കര്‍ണാടകയില്‍ ചോദ്യം ചെയ്യുകയാണ്. കര്‍ണാടക പൊലീസിന് പുറമെ തമിഴ്‌നാട് ക്യൂ ബ്രാഞ്ചും രഹസ്യകേന്ദ്രത്തില്‍ ചോദ്യം ചെയ്യുകയാണ്. ഉഡുപ്പിയിലെ ഇന്ദ്രാളി റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് മുഖ്യപ്രതികളായ അബ്ദുള്‍ ഷമീറിനെയും തൗഫീക്കിനെയും പൊലീസ് ഇന്നലെ പിടികൂടിയത്.

പ്രതികളുടെ സംഘത്തില്‍ കൂടുതല്‍ പേരുണ്ടെന്ന് പൊലീസ് സൂചിപ്പിച്ചു. അല്‍ ഉമ്മ സംഘടനയുടെയും, ഇതിന്റെ പുതിയ രൂപമായ തമിഴ്‌നാട് നാഷണല്‍ ലീഗിന്റെയും പ്രവര്‍ത്തകരിലെ 17 പേര്‍ കൊലപാതകത്തിന് പിന്നില്‍ ഉണ്ടെന്നാണ് പൊലീസിന്റെ നിഗമനം. ആക്രമണത്തിന്റെ ആസൂത്രണം പ്രധാനമായും നടന്നത് കര്‍ണാടകവും ഡല്‍ഹിയും കേന്ദ്രീകരിച്ചാണ്. മൂന്നുപേര്‍ക്ക് ചാവേറാകാന്‍ പരിശീലനം കിട്ടിയെന്നും പൊലീസ് സൂചിപ്പിച്ചു.

ഇവരുടെ നീക്കത്തിന് തടയിട്ടതിലുള്ള പ്രതികാരമായാണ് എഎസ്‌ഐ വില്‍സനെ വധിച്ചതെന്നാണ് മുഖ്യപ്രതികളെ ചോദ്യം ചെയ്തതിലൂടെ പൊലീസിന് ലഭിച്ച വിവരമെന്നാണ് സൂചന. സംഘത്തില്‍ ചാവേറാകാന്‍ നിയോഗിക്കപ്പെട്ടവര്‍ക്ക് നേപ്പാളില്‍ വെച്ചാണ് പരിശീലനം ലഭിച്ചത്. ഇതിന്റെ ചില രേഖകള്‍ ലഭിച്ചതായും പൊലീസ് സൂചിപ്പിച്ചു. ഹിന്ദു മുന്നണി നേതാവിനെ കൊലപ്പെടുത്തിയതിന് ശേഷമാണ്, ഇവര്‍ തമിഴ്‌നാട്ടില്‍ നിന്നും പ്രവര്‍ത്തനം കര്‍ണാടകയിലേക്കും ഡല്‍ഹിയിലേക്കും മാറ്റിയതെന്നും പൊലീസിന് വിവരം ലഭിച്ചു.

അതേസമയം പ്രതികളെ ഉടന്‍ തമിഴ്‌നാടിന് വിട്ടുനല്‍കിയേക്കില്ലെന്നാണ് സൂചന. കര്‍ണാടകയില്‍ സ്‌ഫോടക വസ്തുക്കള്‍ പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് പ്രതികള്‍ക്കെതിരെ കേസുണ്ട്. ഇക്കാര്യത്തില്‍ അന്വേഷണം പൂര്‍ത്തിയായ ശേഷം മാത്രമേ പ്രതികളെ തമിഴ്‌നാടിന് കൈമാറുകയൂള്ളൂ എന്നാണ് സൂചന. അതിനിടെ പ്രതികള്‍ക്കെതിരെ കേരളത്തിലും പൊലീസ് കേസെടുത്തേക്കും. കേരളത്തിലും പ്രതികള്‍ പ്രവര്‍ത്തനം നടത്തിയിരുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com