പ്ലാസ്റ്റിക്കിൽ ഇന്നുമുതൽ പിടിവീഴും; പിഴ ആദ്യം 10,000, പിന്നെ അരലക്ഷം വരെ

ആദ്യ നിയമലംഘനത്തിനു 10,000 രൂപയാണ് പിഴ, ആവർത്തിച്ചാൽ 25,000 രൂപ നൽകേണ്ടിവരും. മൂന്നാം തവണ നിയമലംഘനം നടത്തുന്നവരിൽ നിന്ന് 50,000 രൂപ ഈടാക്കും
പ്ലാസ്റ്റിക്കിൽ ഇന്നുമുതൽ പിടിവീഴും; പിഴ ആദ്യം 10,000, പിന്നെ അരലക്ഷം വരെ

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധനം നടപ്പാക്കുന്നതിന്റെ ഭാഗമായി ഇന്നു മുതൽ പിഴ ഈടാക്കും. ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക്കുകൾക്ക് ഈ മാസം ഒന്നാം തിയതിമുതൽ നിരോധനം നിലവിൽ വന്നിരുന്നെങ്കിലും പിഴ ഈടാക്കിതുടങ്ങിയരുന്നില്ല. എന്നാൽ ഇന്നുമുതൽ ഇവയുടെ ഉപയോ​ഗം പിഴ ലഭിക്കാൻ കാരണമാകും. അതേസമയം പരിശോധന നടത്തുന്നത് അടക്കമുളള കാര്യങ്ങളിൽ ഇതുവരെ തീരുമാനമായില്ല.

കലക്ടർമാർ, സബ് കലക്ടർമാർ, തദ്ദേശ, ആരോഗ്യ വകുപ്പുകളിലെയും മലിനീകരണ നിയന്ത്രണ ബോർഡിലെയും ഉദ്യോഗസ്ഥർ എന്നിവർക്കാണു പ്ലാസ്റ്റിക് നിരോധനം നടപ്പാക്കാൻ ചുമതല നൽകിയിരിക്കുന്നത്. ആദ്യ നിയമലംഘനത്തിനു 10,000 രൂപയാണ് പിഴ നൽകേണ്ടിവരിക. ആവർത്തിച്ചാൽ 25,000 രൂപ നൽകേണ്ടിവരും. മൂന്നാം തവണ നിയമലംഘനം നടത്തുന്നവരിൽ നിന്ന് 50,000 രൂപ ഈടാക്കും. ഇതിനുപിന്നാലെ ഇത്തരം പ്ലാസ്റ്റിക്കുകൾ ഉപയോ​ഗിക്കുന്ന സ്ഥാപനങ്ങളുടെ പ്രവർത്തനം റദ്ദുചെയ്യുകയും ചെയ്യും.

കേരളത്തില്‍ 11 ഇനം പ്ലാസ്റ്റിന് വിഭാഗങ്ങളിലെ മാലിന്യങ്ങള്‍ക്കാണ് നിരോധനം. പ്ലാസ്റ്റിക് ക്യാരി ബാഗ് (കനം നോക്കാതെ), പ്ലാസ്റ്റിക് ഷീറ്റ് (മേശയില്‍ വിരിക്കാന്‍ ഉപയോഗിക്കുന്നത്), തെര്‍മോക്കോള്‍, സ്‌റ്റെറോഫോം ഉപയോഗിച്ചുണ്ടാക്കുന്ന പ്ലേറ്റുകള്‍, കപ്പുകള്‍, അലങ്കാരവസ്തുക്കള്‍, ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക് കപ്പുകള്‍, പ്ലേറ്റുകള്‍, സ്പൂണുകള്‍, ഫോര്‍ക്കുകള്‍, സ്‌ട്രോകള്‍, ഡിഷുകള്‍, സ്റ്റിറര്‍, പ്ലാസ്റ്റിക് കോട്ടിംഗുള്ള പേപ്പര്‍ കപ്പുകള്‍, പ്ലേറ്റുകള്‍, പേപ്പര്‍ ബൗള്‍, കോട്ടിംഗുള്ള പേപ്പര്‍ ബാഗുകള്‍, നോണ്‍ വൂവണ്‍ ബാഗുകള്‍, പ്ലാസ്റ്റിക് കൊടികള്‍, പ്ലാസ്റ്റിക് ബണ്ടിംഗ്, പ്ലാസ്റ്റിക് കുടിവെള്ള പൗച്ചുകള്‍, ബ്രാന്‍ഡഡ് അല്ലാത്ത പ്ലാസ്റ്റിക് ജ്യൂസ് പാക്കറ്റുകള്‍, 500 എം. എലിനു താഴെയുള്ള പെറ്റ് ബോട്ടിലുകള്‍, പ്ലാസ്റ്റിക് ഗാര്‍ബേജ് ബാഗ്, പിവിസി ഫ്‌ളക്‌സ് ഉത്പന്നങ്ങള്‍, പ്ലാസ്റ്റിക് പാക്കറ്റുകള്‍ എന്നിവയ്‌ക്കെല്ലാം നിരോധനം ബാധകമാണ്.

എക്സ്റ്റന്‍ഡഡ് പ്രൊഡ്യൂസര്‍ റെസ്‌പോണ്‍സിബിലിറ്റി പ്രകാരം നീക്കം ചെയ്യുന്നതും സംസ്‌കരിക്കുന്നതുമായ ബ്രാന്‍ഡഡ് പ്‌ളാസ്റ്റിക് വസ്തുക്കളെ നിരോധനത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇവയുടെ ഉത്പാദകര്‍, ഇറക്കുമതിക്കാര്‍, ബ്രാന്‍ഡിന്റെ ഉടമസ്ഥര്‍ എന്നിവര്‍ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ വഴി നീക്കം ചെയ്ത് സംസ്‌കരിക്കണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com