ശ്രോതാക്കളുടെ പ്രിയപ്പെട്ട ‘മഹിളാലയം ചേച്ചി’ ഇനി ഓർമ്മ; എസ് സരസ്വതിയമ്മ അന്തരിച്ചു

ആകാശവാണി മുൻ ഡെപ്യൂട്ടി സ്​റ്റേഷൻ ഡയറക്ടറും മഹിളാലയം പരിപാടി നിർമാതാവുമായിരുന്ന എസ് സരസ്വതിയമ്മ അന്തരിച്ചു
ശ്രോതാക്കളുടെ പ്രിയപ്പെട്ട ‘മഹിളാലയം ചേച്ചി’ ഇനി ഓർമ്മ; എസ് സരസ്വതിയമ്മ അന്തരിച്ചു

തിരുവനന്തപുരം: ആകാശവാണി മുൻ ഡെപ്യൂട്ടി സ്​റ്റേഷൻ ഡയറക്ടറും മഹിളാലയം പരിപാടിയുടെ നിർമാതാവുമായിരുന്ന എസ് സരസ്വതിയമ്മ അന്തരിച്ചു. 86 വയസ്സായിരുന്നു.

1965ൽ ആകാശവാണിയിൽ വനിത വിഭാഗം പരിപാടിയുടെ പ്രൊഡ്യൂസറായി ജോലിയിൽ പ്രവേശിച്ച സരസ്വതിയമ്മ ‘മഹിളാലയം ചേച്ചി’ എന്നാണ് അറിയപ്പെട്ടിരുന്നത്.  സ്ത്രീകൾക്കുവേണ്ടിയുള്ള പരിപാടികൾ വിരളമായിരുന്ന അക്കാലത്ത് സാഹിത്യകൃതികളും നാടകങ്ങളും വിവിധ മേഖലകളിൽ പ്രശസ്തരായ സ്ത്രീകളുടെ വിജയകഥകളുമെല്ലാം കോർത്തിണക്കി മഹിളാലയം എന്ന പരിപാടി പുനരാവിഷ്കരിക്കുകയായിരുന്നു.  

വിദ്യാലയങ്ങളിൽ ആകാശവാണിയുടെ നേതൃത്വത്തിൽ കുട്ടികളുടെ ഗായകസംഘം രൂപവത്​കരിക്കുന്നതിനും സരസ്വതിയമ്മ മു​ൻകൈയെടുത്തു. 1987ലാണ് ആകാശവാണിയിൽനിന്ന്​ വിരമിച്ചത്. ആകാശവാണിയിലെ അനുഭവങ്ങൾ കോർത്തിണക്കി ‘ആകാശത്തിലെ നക്ഷത്രങ്ങൾ’, ‘കുപ്പിച്ചില്ലുകളും റോസാദലങ്ങളും’, ‘അമ്മ അറിയാൻ’ തുടങ്ങിയ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്​.

ശ്രീനാരായണ ഗുരുവിന്റെ ശിഷ്യനായിരുന്ന കോട്ടുകോയ്ക്കൽ വേലായുധ​​​ന്റെയും ശാരദാമ്മയു​ടെയും മകളാണ്​. ഭർത്താവ്​: പരേതനായ കെ. യശോധര​ൻ. ബേക്കറി റോഡ് വിമൻസ് കോളജ് ഹോസ്​റ്റലിന് എതിർവശം ‘പ്രിയദർശിനി’യിലാണ് താമസിച്ചിരുന്നത്. ശവസമസ്കാരം പിന്നീട്

മക്കൾ: മായ പ്രിയദർശിനി, ഡോ ഹരികൃഷ്ണൻ കെ വൈ (യു കെ), ഗോപീകൃഷ്ണൻ കെ വൈ (ബംഗളൂരു). മരുമക്കൾ: പി കുമാർ (മാനേജ്മെന്റ്​ കൺസൾട്ടൻറ്​, ദുബൈ), പഞ്ചമി ഹരികൃഷ്ണൻ, ഡോ അനിത കൃഷ്ണൻ. സഹോദരങ്ങൾ: സി വി ത്രിവിക്രമൻ (വയലാർ രാമവ‌ർമ മെമ്മോറിയൽ ട്രസ്​റ്റ്​ സെക്രട്ടറി), ഡോ രാധാ ഹരിലാൽ, പരേതയായ രാജലക്ഷ്മി, അംബികാ ദേവി, ഉഷ എസ് നായർ. നടി മാല പാർവതി സഹോദര പുത്രിയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com