ഓര്‍ഡിനന്‍സില്‍ ഒപ്പിടാത്തതില്‍ അസ്വാഭാവികതയില്ല; ഗവര്‍ണര്‍ പറഞ്ഞ കാര്യങ്ങള്‍ കണക്കിലെടുക്കുമെന്ന് എകെ ബാലന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th January 2020 10:17 AM  |  

Last Updated: 16th January 2020 10:17 AM  |   A+A-   |  

ak_balankmhjkh

 

തിരുവനന്തപുരം: ഗവര്‍ണറും സര്‍ക്കാരും തമ്മില്‍  പ്രശ്‌നങ്ങളില്ലെന്ന് നിയമമന്ത്രി എകെ ബാലന്‍. തദ്ദേശ വാര്‍ഡുകളുടെ എണ്ണം കൂട്ടുന്നത് സംബന്ധിച്ച ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിടാത്തതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ഭരണപ്രതിസന്ധിയില്ല. ഗവര്‍ണറുമായി പ്രശ്‌നമാണെന്ന് വരുത്തിതീര്‍ക്കാന്‍ പ്രതിപക്ഷം ശ്രമിക്കുകയാണെന്നും എകെ ബാലന്‍ പറഞ്ഞു. 

ഗവര്‍ണറുമായി  ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ തന്നെ അത് പരിഹരിക്കുന്നതിന് ശക്തനായ മുഖ്യമന്ത്രിയും സര്‍ക്കാരും ഇവിടെയുണ്ട്. ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ക്ക് ഭരണഘടനാപരമായ സംശയമുണ്ടെങ്കില്‍ സര്‍ക്കാരിനോട് വിശദീകരണം ചോദിക്കാം. അത് എല്ലാ ഗവര്‍ണര്‍മാരും ചെയ്യുന്നതാണ്. ഓര്‍ഡിനന്‍സ് ഭരണഘടനാവിരുദ്ധമാണെന്ന് തോന്നിയാല്‍ തിരിച്ചയക്കുന്നത് സാധാരണമാണ്. മുന്‍പത്തെ ഗവര്‍ണാര്‍മാരും ഇത് ചെയ്തിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

തനിക്ക് കിട്ടിയ നിയമോപദേശപ്രകാരമാണ് ഒപ്പിടാത്തതെന്നാണ് ഗവര്‍ണര്‍ പറഞ്ഞത്. അദ്ദേഹം ചൂണ്ടിക്കാണിച്ച കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയായിരിക്കും പുതിയ ഓര്‍ഡിനന്‍സ് കൊണ്ടുവരിക. ഇതുസംബന്ധിച്ച് സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ യാതൊരു പ്രശ്‌നങ്ങളുമില്ല. അദ്ദേഹത്തിന് അദ്ദേഹത്തിന്റതായ മൗലികമായ കാഴ്ചപ്പാട് സ്വീകരിക്കാനുള്ള അവകാശമുണ്ടെന്നും ബാലന്‍ പറഞ്ഞു.