കൊല്ലപ്പെട്ടത് വണ്ടുര്‍ സ്വദേശി ഇസ്മായില്‍ ; അറസ്റ്റിലായത് സുഹൃത്ത് ബിര്‍ജു ; കൊലയ്ക്ക് കാരണം പ്രതിയുടെ അമ്മയെ കൊന്നത് വെളിപ്പെടുത്തുമെന്ന ഭീഷണി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th January 2020 11:31 AM  |  

Last Updated: 16th January 2020 11:31 AM  |   A+A-   |  

 


കോഴിക്കോട് : കോഴിക്കോട് ചാലിയം, മുക്കം എന്നിവിടങ്ങളില്‍ നിന്നും മനുഷ്യശരീരഭാഗങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍, കൊല്ലപ്പെട്ടത് മലപ്പുറം വണ്ടൂര്‍ സ്വദേശി ഇസ്മായില്‍ ആണെന്ന് ക്രൈംബ്രാഞ്ച്. പൊലീസ് രേഖകളില്‍ നാലോളം കേസുള്ളയാളാണ് ഇസ്മായില്‍ എന്നും, ഡിഎന്‍എ പരിശോധന അടക്കം ശാസ്ത്രീയ പരിശോധനകളിലൂടെയാണ് കൊല്ലപ്പെട്ടത് ഇസ്മായില്‍ ആണെന്ന് സ്ഥിരീകരിച്ചത്. കേസില്‍ ഇസ്മായിലിന്റെ സുഹൃത്ത് ബിര്‍ജുവാണ് അറസ്റ്റിലായതെന്നും ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ ജെ തച്ചങ്കരി വ്യക്തമാക്കി.

പൊലീസിന്റെ കയ്യിലുള്ള ഫിംഗര്‍പ്രിന്റ് അടക്കമുള്ളവയില്‍ നിന്നാണ് ഇസ്മായില്‍ ആണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് നിഗമനത്തിലെത്തിയത്. എന്നാല്‍ ഡിഎന്‍എ പരിശോധനയ്ക്ക് അടുത്ത ബന്ധുക്കളുടെ രക്തം വേണമായിരുന്നു. ഇതിനായുള്ള അന്വേഷണത്തിലാണ് കിടപ്പിലായ ഇസ്മായിലിന്റെ അമ്മയെ കണ്ടെത്തുന്നത്. ആദ്യം അമ്മ രക്തം എടുക്കാന്‍ സമ്മതിച്ചില്ല. പിന്നീട് പല തവണ ചികില്‍സയ്ക്കായി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊണ്ടുപോകുകയും, ഒരു ഘട്ടത്തില്‍ മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ പരിശോധനയ്ക്ക് വേണ്ടിയെന്ന് പറഞ്ഞ്, അമ്മയുടെ രക്തം എടുക്കുകയായിരുന്നു.

ഈ പരിശോധനയില്‍ മരിച്ചത് ഇസ്മായില്‍ ആണെന്ന് സ്ഥിരീകരിച്ചു. എന്നാല്‍ കൊലയാളി ആരെന്നത് സംബന്ധിച്ച് ഒരു തുമ്പും ഉണ്ടായില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇസ്മായില്‍, ഭൂവുടമയായ ഒരാള്‍ക്കൊപ്പം കുറച്ചുകാലം ജോലി ചെയ്തിരുന്നതായി കണ്ടെത്തിയത്. ഭൂവുടമയുടെ കൊച്ചുമകനായ ബിര്‍ജുവുമായി ഇസ്മായില്‍ അടുത്ത സൗഹൃദത്തിലുമായിരുന്നു. മറ്റുള്ളവരെ സഹായിക്കാനും ഇസ്മായില്‍ മനസ്സുകാണിച്ചിരുന്ന ഒരാളാണ്. ഒരിക്കല്‍ ഒരാള്‍ കുറച്ചുപണം ആവശ്യപ്പെട്ടപ്പോള്‍, താന്‍ ഒരു കൊലപാതകത്തിന് സഹായം ചെയ്തതായും അതിന് വാഗ്ദാനം ചെയ്ത പണം ലഭിക്കുമ്പോള്‍ നല്‍കാമെന്നും ഒരു സുഹൃത്തിനോട് പറഞ്ഞതായി വിവരം ലഭിച്ചതായി ടോമിന്‍ തച്ചങ്കരി വ്യക്തമാക്കി.

ഇതിന്റെ വിശദാംശങ്ങള്‍ തേടിയുള്ള അന്വേഷണത്തിലാണ് ബിര്‍ജുവിലേക്ക് എത്തിയത്. ധൂര്‍ത്തനായ ബിര്‍ജു അമ്മയുടെ കൈവശമുള്ള സ്വത്തിനായി നിരന്തരം വഴക്കിട്ടിരുന്നു. നശിപ്പിച്ചുകളയും എന്നറിയാമായിരുന്നതിനാല്‍, പണമോ സ്വത്തോ അമ്മ നല്‍കിയില്ല. ഇതിന് പ്രതികാരമായി ഇസ്മായിലിന്റെ സഹായത്തോടെ ബിര്‍ജു അമ്മയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം കെട്ടിത്തൂക്കി ആത്മഹത്യയാക്കി ചിത്രീകരിക്കുകയും ചെയ്തു. ഇതിന് ശേഷം സ്ഥലം വിറ്റ് ബിര്‍ജു നാടുവിട്ട് പോകുകയും ചെയ്തു.

ഇതിനിടെ 10 ലക്ഷം രൂപയ്ക്ക് സ്ഥലംവിറ്റ് ബിര്‍ജു നാടുവിടാന്‍ പോകുന്ന കാര്യം അറിഞ്ഞ ഇസ്മായില്‍ തനിക്ക് തരാമെന്ന് ഏറ്റ പണം നല്‍കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ പണം നല്‍കാന്‍ ബിര്‍ജു കൂട്ടാക്കിയില്ല. പണം നല്‍കിയില്ലെങ്കില്‍ കൊലപാതക വിവരം പരസ്യമാക്കുമെന്നും ഇസ്മായില്‍ ഭീഷണി മുഴക്കി. തുടര്‍ന്ന് ഇസ്മായിലിനെ വകവരുത്താന്‍ ബിര്‍ജു പദ്ധതിയിട്ടു. ഇതിന്റെ ഭാഗമായി ഇസ്മായിലിനെ മദ്യം നല്‍കി മയക്കിയശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിറ്റേന്ന് പ്ലാസ്റ്റിക് കവറുകളും സര്‍ജിക്കല്‍ ബ്ലേഡും വാങ്ങി വീട്ടിലെത്തിയ ബിര്‍ജു ശരീരഭാഗങ്ങള്‍ മുറിച്ച് പല സ്ഥലങ്ങളിലായി ഉപേക്ഷിക്കുകയായിരുന്നു.

കൈകളും തലയും കടലിലും, ശരീരഭാഗങ്ങള്‍ തിരുവമ്പാടിയിലെ കോഴിവേസ്റ്റ് ഉപേക്ഷിക്കുന്ന സ്ഥലത്തും തള്ളുകയായിരുന്നു. നാടുവിട്ടുപോയ ബിര്‍ജുവിനെ പിന്നീട് തമിഴ്‌നാട്ടിലെ നീലഗിരിയില്‍ ഒറ്റപ്പെട്ട സ്ഥലത്ത് താമസിക്കുന്നതായി കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് അന്ന് പിടികൂടിയെങ്കിലും അയാള്‍ രക്ഷപ്പെട്ടു. പിന്നീട് മുക്കത്ത് വെച്ച് ബിര്‍ജു ക്രൈംബ്രാഞ്ചിന്റെ പിടിയില്‍ അകപ്പെട്ടു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് രണ്ട് കൊലപാതകങ്ങളും തെളിഞ്ഞതെന്ന് ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ ജെ തച്ചങ്കരി വെളിപ്പെടുത്തി. സംഭവത്തില്‍ ബിര്‍ജുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായും തച്ചങ്കരി പറഞ്ഞു.