'ചങ്ങാതീസ് 123', വാട്‌സ്ആപ്പില്‍ പ്രത്യേക ഗ്രൂപ്പ്, ഹോം നഴ്‌സിങ് ഏജന്റെന്ന വ്യാജേന ഇടപാടുകള്‍, 19കാരിയെ പീഡിപ്പിച്ച കേസില്‍ യുവതി അറസ്റ്റില്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 16th January 2020 01:23 PM |
Last Updated: 16th January 2020 01:23 PM | A+A A- |
തൃശൂര്‍ : മോഡലിങ് രംഗത്ത് അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് 19 വയസ്സുള്ള വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ വനിതാ ഏജന്റ് അറസ്റ്റിലായി. തിരുവനന്തപുരം പെരുമാതുറ സ്വദേശിനി കസലായിക്കകം വീട്ടില്‍ സീന (സുഹ്‌റ നസീര്‍) ആണ് അറസ്റ്റിലായത്. മലപ്പുറം കേന്ദ്രീകരിച്ചാണു സീന കൂടുതലും പ്രവര്‍ത്തിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി.
വാട്‌സാപ്പില്‍ പ്രത്യേക ഗ്രൂപ്പ് ഉണ്ടാക്കി അതിലൂടെയാണ് സീന പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ പലര്‍ക്കും അയച്ചുകൊടുത്തത്. ഇവരില്‍ ചിലര്‍ സീനയുടെ സഹായത്തോടെ പലപ്പോഴും പീഡിപ്പിച്ചതായി പെണ്‍കുട്ടി പരാതിപ്പെട്ടിരുന്നു. മണ്ണാര്‍ക്കാട്ടേക്കു കൂട്ടിക്കൊണ്ടുപോയി പലര്‍ക്കും കാഴ്ചവയ്ക്കുന്നതിനിടെ പെണ്‍കുട്ടിക്ക് ശാരീരികാസ്വാസ്ഥ്യം ഉണ്ടായി. തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ ഉപേക്ഷിച്ച് സീന കടന്നുകളയുകയായിരുന്നു.
ചാലക്കുടിയില്‍ ഡോക്ടര്‍മാരും മറ്റു പ്രമുഖരും താമസിക്കുന്ന ഭാഗത്ത് വാടകയ്ക്കു താമസിച്ച് ഹോം നഴ്‌സിങ് ഏജന്റെന്ന വ്യാജേനയാണ് ഇവര്‍ ഇടപാടുകള്‍ നടത്തിയിരുന്നത്. സീനയുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ 'ചങ്ങാതീസ് 123' എന്ന പേരിലുള്ള വാട്‌സാപ് ഗ്രൂപ്പില്‍ ഒട്ടേറെ പേര്‍ ഇവരുമായി ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തി. ഓണ്‍ലൈനില്‍ പ്രത്യേക സൈറ്റില്‍ തിരഞ്ഞാല്‍ ലഭിക്കുന്ന സീനയെ പോലെയുള്ള ഏജന്റുമാരുടെ പക്കല്‍ ധാരാളം പെണ്‍കുട്ടികളുടെ വിവരങ്ങള്‍ ഉള്ളതായി അന്വേഷണ സംഘം സംശയിക്കുന്നു.
സംസ്ഥാനത്തുടനീളം ഓണ്‍ലൈന്‍ പെണ്‍വാണിഭം വ്യാപിക്കുന്നതായി പരാതികള്‍ പൊലീസിനു ലഭിച്ചിരുന്നു. മുന്‍പു പിടിയിലായ വനിതാ ഏജന്റുമാരില്‍ നിന്നും ധാരാളം പെണ്‍കുട്ടികളുടെ വിവരങ്ങള്‍ അന്വേഷണ സംഘത്തിനു ലഭിച്ചു. ഇതു സംബന്ധിച്ചും വിശദമായ അന്വേഷണം നടത്താന്‍ പൊലീസ് തീരുമാനിച്ചിട്ടുണ്ട്.