'ഭരണ-പൊലീസ് സംവിധാനത്തിനെതിരായ പോരാട്ടം'; കളിയാക്കാവിള കൊലപാതകത്തില്‍ പ്രതികളുടെ മൊഴി
By സമകാലിക മലയാളം ഡെസ്‌ക് | Published: 16th January 2020 03:25 PM |
Last Updated: 16th January 2020 03:25 PM | A+A A- |
തിരുവനന്തപുരം: കളിയിക്കാവിളയില്‍ പൊലീസുകാരനെ വെടിവച്ചുകൊന്ന സംഭവത്തില്‍ മുഖ്യപ്രതികളുടെ മൊഴി പുറത്ത്. ഭരണകൂട സംവിധാനത്തിനെതിരായ പോരാട്ടത്തിന്റെ ഭാഗമായാണ് കൊലപാതകമെന്നാണ് പ്രതികളുടെ മൊഴി. തീവ്രവാദ സംഘടനയുമായി ബന്ധമുണ്ടെന്നും സംഘടനയുടെ ആശയമാണ് നടപ്പിലാക്കിയതെന്നും പ്രതികള്‍ മൊഴി നല്‍കിയെന്നാണ് സൂചന.
കേസ് അന്വേഷിക്കുന്ന ഉന്നത തമിഴ്‌നാട് പൊലീസിന്റെ ഉന്നത ഉദ്യോഗസ്ഥര്‍ പ്രതികളെ തക്കല പൊലീസ് സ്‌റ്റേഷനില്‍ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഉഡുപ്പിയില്‍ പിടിയിലായ അബ്ദുല്‍ ഷമീമിനെയും തൗഫീഖിനെയും വന്‍ സുരക്ഷാ സന്നാഹത്തോടെയാണ് റോഡ് മാര്‍ഗം കളിയിക്കാവിളയില്‍ എത്തിച്ചത്. സുരക്ഷാ പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഇരുവരെയും തക്കല പൊലീസ് സ്‌റ്റേഷനിലേക്ക് മാറ്റിയത്. പൊങ്കല്‍ അവധിയായതിനാല്‍ പ്രതികളെ ഇന്ന് കസ്റ്റഡിയില്‍ വാങ്ങിയേക്കില്ല. കുഴിതുറ ജുഡീഷ്യല്‍ മജിസ്‌ട്രേററ്റിന് മുമ്പാകെ ഹാജരാക്കിയ ശേഷം ഇരുവരെയും പാളയംകൊട്ട ജയിലിലേക്ക് മാറ്റിയേക്കും. ഇവരെ തിങ്കളാഴ്ചയോടെ കസ്റ്റഡിയിലെടുത്ത് തെളിവെടുപ്പ് നടത്താനാണ് പൊലീസിന്റെ തീരുമാനം.
ഐഎസ് ബന്ധമുണ്ടെന്ന കരുതുന്ന ചിലരുമായി മുഹമ്മദ് ഷെമീമിനും അടുപ്പം ഉണ്ടെന്നാണ് പ്രതികളെ പിടികൂടിയ ബംഗളൂരു പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ പറയുന്നത്. ഐഎസില്‍ ചേര്‍ന്ന മെഹബൂബ് പാഷയാണ് ഇവര്‍ ഉള്‍പ്പെട്ട 17 അംഗ സംഘത്തിന്റെ തലവന്‍ എന്നു കര്‍ണാടക പൊലീസ് പറയുന്നു. മെഹബൂബ് പാഷയുടെ ബംഗളൂരുവിലെ വീട് കേന്ദ്രീകരിച്ചാണ് ആസൂത്രണം നടന്നത്. നിരോധിത സംഘടനയായ സിമിയുമായും മെഹബൂബ് പാഷ ബന്ധപ്പെട്ടിരുന്നതായും എഫ്‌ഐആറിലുണ്ട്.