സംഘാംഗങ്ങളെ പിടിച്ചതിലുളള വൈരാഗ്യം, കളിയിക്കാവിള തെരഞ്ഞെടുത്തത് പരിചയമുളള സ്ഥലമായതിനാല്‍; എഎസ്‌ഐ കൊലപാതകത്തില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചതായി പൊലീസ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 16th January 2020 10:30 PM |
Last Updated: 16th January 2020 10:30 PM | A+A A- |

തിരുവനന്തപുരം: കളിയാക്കാവിള ചെക്‌പോസ്റ്റില്‍ എഎസ്‌ഐയെ വെടിവെച്ചു കൊന്ന കേസില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചതായി പൊലീസ്. സംഘാംഗങ്ങളെ പൊലീസ് അറസ്റ്റ് ചെയ്്തതിലുളള പ്രതികാരമായാണ് എഎസ്‌ഐ വില്‍സണെ കൊലപ്പെടുത്തിയതെന്നും പ്രതികളുടെ കുറ്റ സമ്മതമൊഴില്‍ പറയുന്നതായി പൊലീസ് പറയുന്നു. അതേസമയം പ്രതികളുടെ ഇസ്ലാമിക് സ്റ്റേറ്റ് ബന്ധത്തെ പറ്റി ഇനിയും അന്വേഷിക്കേണ്ടിയിരിക്കുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ ശ്രീനാഥ് പറഞ്ഞു.
കളിയിക്കാവിള തെരഞ്ഞെടുത്തത് പരിചയമുള്ള സ്ഥലമായതിനാലാണെന്നും പ്രതികള്‍ വെളിപ്പെടുത്തി. രണ്ടുപ്രതികളേയും മൂന്നുദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു. തിങ്കളാഴ്ച കുഴിതുറ കോടതിയില്‍ ഹാജരാക്കണമെന്നും മജിസ്‌ട്രേറ്റ് നിര്‍ദേശിച്ചു. കുഴിതുറ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയ ശേഷം ഇരുവരെയും പാളയംകൊട്ട ജയിലിലേക്ക് മാറ്റി. ഇവരെ തിങ്കളാഴ്ചയോടെ കസ്റ്റഡിയിലെടുത്ത് തെളിവെടുപ്പ് നടത്താനാണ് പൊലീസിന്റെ തീരുമാനം. പ്രതികളുടെ ജാമ്യാപേക്ഷയുമായി വന്ന അഭിഭാഷകരെ ഒരു സംഘം ആളുകള്‍ തടഞ്ഞു.
മുഖ്യ പ്രതികളായ അബ്ദുള്‍ ഷമീമും, തൗഫീഖും തീവ്ര വര്‍ഗീയ സംഘടനയിലെ അംഗങ്ങളെന്ന പൊലീസ് നിഗമനം ശരിവയ്ക്കുന്നതാണ് പ്രതികളുടെ കുറ്റസമ്മത മൊഴി. സംഘടനയുടെ ആശയം പ്രചരിപ്പിക്കാന്‍ നടത്തിയ അസൂത്രിത കൊലപാതകമെന്ന് ഇരുവരും സമ്മതിച്ചു. ഭരണകൂടത്തൊടും പൊലീസിനോടുമുള്ള പ്രതികാരമെന്ന നിലയ്ക്കാണ് പൊലീസുകാരന്‍ വില്‍സന്നെ കൊന്നതെന്നും പ്രതികള്‍ വിശദീകരിച്ചതായി പൊലീസ് പറഞ്ഞു.
ഭീകര സംഘടനയായ ഐ എസ് ബന്ധമടക്കം സംശയിക്കുന്നതിനാല്‍ പത്ത് മണിക്കൂറിലേറെയാണ് ആദ്യ ദിന ചോദ്യം ചെയ്യല്‍ നീണ്ടത്. ഉഡുപ്പിയില്‍ അറസ്റ്റിലായ ഇരുവരെയും ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് കളിയിക്കാവിള സ്‌റ്റേഷനിലെത്തിച്ചത്. തീവ്രവാദ ബന്ധം സംശയിക്കുന്നതിനാല്‍ സുരക്ഷാ പ്രശ്‌നം കണക്കിലെടുത്ത് ഉടന്‍ തക്കല സ്‌റ്റേഷനിലേക്ക് മാറ്റി. സ്‌റ്റേഷനു മുന്നില്‍ ആയുധധാരികളായ കമാന്‍ഡോസിനെയും വിന്യസിച്ചിരുന്നു.