കളളത്തരം മറയ്ക്കാന്‍ സ്ത്രീ കഥ മെനഞ്ഞു, വീട്ടിനകത്ത് മുളകുപൊടി വിതറി, സാധനങ്ങള്‍ വലിച്ചുവാരിയിട്ടു; പൊളിച്ച് പൊലീസ് നായ, സംഭവം ഇങ്ങനെ

സുഹൃത്തിനെ സാമ്പത്തികമായി സഹായിച്ചത് വീട്ടുകാര്‍ അറിയാതിരിക്കാന്‍ കളളക്കഥ മെനഞ്ഞ സ്ത്രീയെ പൊലീസ് നായ കുടുക്കി
കളളത്തരം മറയ്ക്കാന്‍ സ്ത്രീ കഥ മെനഞ്ഞു, വീട്ടിനകത്ത് മുളകുപൊടി വിതറി, സാധനങ്ങള്‍ വലിച്ചുവാരിയിട്ടു; പൊളിച്ച് പൊലീസ് നായ, സംഭവം ഇങ്ങനെ

പാലക്കാട്: സുഹൃത്തിനെ സാമ്പത്തികമായി സഹായിച്ചത് വീട്ടുകാര്‍ അറിയാതിരിക്കാന്‍ കളളക്കഥ മെനഞ്ഞ സ്ത്രീയെ പൊലീസ് നായ കുടുക്കി. പാലക്കാട് നഗരത്തിന് സമീപം ഇന്നലെ ഉച്ചയോടെയാണ് സംഭവം. 

പൊലീസിനെയും നാട്ടുകാരെയും 2 മണിക്കൂര്‍ മുള്‍മുനയില്‍ നിര്‍ത്തിയ വ്യാജ പരാതിക്കു തിരശീല വീണത് കല്ലേക്കാട് എആര്‍ ക്യാംപിലെ പൊലീസ് നായ റോക്കിയുടെ മിടുക്കിലാണ്. വീട്ടില്‍ അതിക്രമിച്ചുകടന്ന മുഖംമൂടി സംഘം മുളകുപൊടി എറിഞ്ഞും മറ്റും അലമാരയില്‍ സൂക്ഷിച്ച 8 പവന്‍ സ്വര്‍ണവും 10,000 രൂപയും കവര്‍ന്നെന്നായിരുന്നു പരാതി. 

പുറത്തു നിന്നു പൂട്ടിയ വീട്ടില്‍ നിന്നു നിലവിളി കേട്ടെത്തിയ സമീപവാസികളാണു വീടു തുറന്നപ്പോള്‍ അകത്ത് പേടിച്ച അവസ്ഥയില്‍ സ്ത്രീയെ കണ്ടത്. വീട്ടിനകത്തു മുളകുപൊടി വിതറി സാധനങ്ങള്‍ വലിച്ചുവാരിയിട്ട നിലയിലായിരുന്നു. വീട്ടില്‍ സ്ത്രീ തനിച്ചായിരുന്നു. കവര്‍ച്ച നടന്നെന്നു സ്ത്രീ പറഞ്ഞതോടെ വിവരം പൊലീസിനെ അറിയിച്ചു. ഇതോടെ പൊലീസ്, വിരലടയാള വിദഗ്ധര്‍, ഡോഗ് സ്‌ക്വാഡ് എന്നിവരെത്തി. നാട്ടുകാരും തടിച്ചുകൂടി. സമീപത്തെ കടകളിലെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പൊലീസ് പരിശോധിച്ചു. 

പൊലീസ് നായ റോക്കി വീടിനു ചുറ്റും ഓടിയശേഷം സ്ത്രീയുടെ മുന്നില്‍ നിന്ന് ഏറെ നേരം കുരച്ചു. സംശയം തോന്നിയ പൊലീസ് സ്ത്രീയെ വിശദമായി ചോദ്യം ചെയ്തപ്പോഴാണു സത്യം പുറത്തുവന്നതെന്ന് പൊലീസ് പറയുന്നു. സുഹൃത്തിനെ സാമ്പത്തികമായി സഹായിച്ചതു വീട്ടുകാര്‍ അറിയാതിരിക്കാനുള്ള തിരക്കഥ മെനഞ്ഞതായിരുന്നു സ്ത്രീ. ഇതിനു സുഹൃത്തിന്റെ സഹായവും ലഭിച്ചതായി പൊലീസ് പറയുന്നു. സ്ത്രീയെയും സുഹൃത്തിനെയും സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി ശാസിച്ച പൊലീസ്, പരാതി ഇല്ലാത്തതിനാല്‍ കേസെടുക്കാതെ വിട്ടയച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com