'തൂണില്‍ റോക്കി എന്ന് എഴുതിയ മാന്യന്‍ നിങ്ങളുടെ കൂട്ടത്തില്‍ തന്നെയുണ്ട്' വിരുതനെ പൊക്കി, അധ്യാപകരെ ശാസിച്ചു; ശണേഷ് കുമാറിന് കയ്യടി

അധ്യാപകര്‍ക്കും സ്‌കൂള്‍ ജീവനക്കാര്‍ക്കും താക്കീത് നല്‍കിയതിനൊപ്പം ചുവരില്‍ പേരെഴുതി വെച്ചിരിക്കുന്ന വിരുതനെ പൊക്കാനും ഗണേഷ് മറന്നില്ല
'തൂണില്‍ റോക്കി എന്ന് എഴുതിയ മാന്യന്‍ നിങ്ങളുടെ കൂട്ടത്തില്‍ തന്നെയുണ്ട്' വിരുതനെ പൊക്കി, അധ്യാപകരെ ശാസിച്ചു; ശണേഷ് കുമാറിന് കയ്യടി

സ്‌കൂള്‍ നവീകരണത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ ബെഞ്ചും ഡെസ്‌കും എത്തിക്കാനാണ് പത്തനാപുരം എംഎല്‍എ കെബി ഗണേഷ് കുമാര്‍ സ്‌കൂളില്‍ എത്തിയത്. ഗണേഷ് സ്‌കൂളില്‍ എത്തിയപ്പോള്‍ കണ്ട കാഴ്ചകള്‍ അത്ര സുഖകരമായിരുന്നില്ല. വൃത്തിയില്ലാതെ കിടക്കുന്ന പരിസരവും ചുവരുകളിലെ ചിത്രപ്പണികളുമെല്ലാം എംഎല്‍എയുടെ കണ്ണിലുടക്കി. 

ഉദ്ഘാടന പ്രസംഗത്തിന് എഴുന്നേറ്റ ഗണേഷ് കുമാര്‍ സ്‌കൂളിലെ വൃത്തികേടാക്കുന്നവരെയെല്ലാം രൂക്ഷഭാഷയില്‍ വിമര്‍ശിച്ചു. അധ്യാപകര്‍ക്കും സ്‌കൂള്‍ ജീവനക്കാര്‍ക്കും താക്കീത് നല്‍കിയതിനൊപ്പം ചുവരില്‍ പേരെഴുതി വെച്ചിരിക്കുന്ന വിരുതനെ പൊക്കാനും ഗണേഷ് മറന്നില്ല. ഭിത്തിയില്‍ റോക്കി എന്ന് എഴുതിയത് ആരായിരുന്നു എന്നാണ് ചോദിച്ചത്. താന്‍ പോയശേഷം എഴുതിയ ആള്‍ തന്നെ അത് മായ്ച്ചുകളയണമെന്നും ഗണേഷ് നിര്‍ദേശം നല്‍കി. 

'ഇവിടെ വന്നപ്പോള്‍ സ്‌കൂള്‍ കെട്ടിടം വൃത്തികേടാക്കി ഇട്ടിരിക്കുന്നു. അതുമാത്രമല്ല ഒരു തൂണില്‍ റോക്കി എന്നു എഴുതി വച്ചിരിക്കുന്നു. അതെഴുതിയവന്‍ ഇക്കൂട്ടത്തിലുണ്ട് ആ മാന്യന്‍ ഒന്നെഴുനേക്കാമോ ഞാനൊന്ന് കാണട്ടെ. നിന്നെ ഈ വേദിയില്‍ കൊണ്ടുവന്ന് ഒന്ന് അഭിനന്ദിക്കാനാ. ആരാണ് ആ മാന്യന്‍. നിങ്ങള്‍ അവനൊരു കയ്യടി കൊടുക്കണം. ജീവിക്കുന്ന സ്ഥലം പരിസരവും വൃത്തിയായി സൂക്ഷിക്കേണ്ടത് ഓരോത്തരുടെയും കടമയാണ്. റോക്കി എന്ന് എഴുതിയത് ആരായാലും അതുപോലെ എഴുതിയതെല്ലാം ഞാന്‍ ഇവിടെ നിന്ന് പോയ ശേഷം കുറച്ച് വെള്ളം കൊണ്ടുവന്ന് മായ്ച്ച് കളയണം. അപ്പോള്‍ നീ മിടുക്കനാകും. ഇല്ലെങ്കില്‍ ഈ കയ്യടി നിന്നെ നാണം കെടുത്താനുള്ളതായിരുന്നെന്ന് ഓര്‍ത്തോണം. ഇപ്പോള്‍ പുതിയ ബെഞ്ചും ഡെസ്‌ക്കുമെല്ലാം കൊണ്ടുവന്നിട്ടുണ്ട്. അത് നിങ്ങള്‍ക്ക് മാത്രമുള്ളതല്ലെന്ന് ഓര്‍ക്കണം. അതിലും കോമ്പസ് കൊണ്ട് പേരെഴുതി വയ്ക്കരുത്. 

കൂടാതെ ഒരാഴ്ച കഴിയുമ്പോള്‍ താന്‍ വീണ്ടും വരുമെന്നും അന്നും സ്‌കൂള്‍ പരിസരം ഇങ്ങനെയാണ് കിടക്കുന്നതെങ്കില്‍ ജീവനക്കാര്‍ക്കെതിരേ ശക്തമായ നടപടിയെടുക്കുമെന്നും എംഎല്‍എ പറഞ്ഞു. ഇവിടുത്തെ പ്രിന്‍സിപ്പലിനോടും ടീച്ചറോടും ഞാന്‍ പറയുകയാണ്. ഒരാഴ്ചക്കുള്ളില്‍ ഞാന്‍ ഒന്നുകൂടി വരും. ഈ സ്‌കൂളിന്റെ പരിസരം വൃത്തിയായിരിക്കണം. അതിന് ഇവിടുത്തെ ജീവനക്കാര്‍ തയാറായില്ലെങ്കില്‍, താല്‍ക്കാലിക ജീവനക്കാരാണ് അവരെങ്കില്‍ പരിച്ചുവിട്ടിരിക്കും. അല്ലെങ്കില്‍ സ്ഥലം മാറ്റും. അപ്പോള്‍ അറിയാം ഗണേഷ് കുമാറിന്റെ സ്വാധീനം എങ്ങനെയുണ്ട്. ഒരു സംശയവും വേണ്ട ഞാന്‍ മാറ്റിക്കും.'ശാസന നിറഞ്ഞ പ്രസംഗമാണെങ്കിലും കയ്യടിയോടെയാണ് സദസ് ഗണേഷിന്റെ വാക്കുകള്‍ ഏറ്റെടുത്തത്. കൂടാതെ സോഷ്യല്‍ മീഡിയയില്‍ ഗണേഷിന്റെ പ്രസംഗത്തെ പ്രശംസിച്ച് നിരവധി പേര്‍ രംഗത്തെത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com