പന്തല്ലൂര്‍ ക്ഷേത്രത്തില്‍ വെടിക്കെട്ടിന് അനുമതി നിഷേധിച്ചു

പന്തല്ലൂര്‍ ക്ഷേത്രത്തില്‍ വെടിക്കെട്ടിന് അനുമതി നിഷേധിച്ചു
പന്തല്ലൂര്‍ ക്ഷേത്രത്തില്‍ വെടിക്കെട്ടിന് അനുമതി നിഷേധിച്ചു


തൃശൂര്‍: പന്തല്ലൂര്‍ ശിവ ഭഗവതി ക്ഷേത്രത്തിലെ പൂരാഘോഷത്തോടനുബന്ധിച്ച് ഫെബ്രുവരി രണ്ടിന് തൃശൂര്‍ ജില്ലയിലെ ചൊവ്വന്നൂര്‍ വില്ലേജില്‍ വെടിക്കെട്ട് പൊതുപ്രദര്‍ശനം നടത്തുന്നതിന് അനുമതി തേടിയുള്ള അപേക്ഷകള്‍ തൃശൂര്‍ അഡീഷനല്‍ ജില്ലാ മജിസ്‌ട്രേറ്റ് (എ.ഡി.എം) നിരസിച്ചു. 

എറണാകുളം ഡെപ്യൂട്ടി കണ്‍ട്രോളര്‍ ഓഫ് എക്‌സ്‌പ്ലോസീവ്‌സിന്റെ നിര്‍ദേശ പ്രകാരം അപേക്ഷകന്റെ പേരില്‍ പെസോയുടെ എല്‍.ഇ3 ലൈസന്‍സോടുകൂടിയ മാഗസിന്‍ ഉണ്ടായിരിക്കണമെന്നും വെടിക്കെട്ട് സാമഗ്രികള്‍ നിര്‍മ്മിക്കുന്നതിനുള്ള പെസോ അനുവദിച്ച ലൈസന്‍സ് വെടിക്കെട്ട് നടത്തിപ്പുകാരന് ഉണ്ടായിരിക്കണമെന്നും നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. എന്നാല്‍, അപേക്ഷകര്‍ക്കും വെടിക്കെട്ട് നടത്തിപ്പുകാര്‍ക്കും പെസോയുടെ അംഗീകാരം ഇല്ലെന്ന് പരിശോധനയില്‍ വ്യക്തമായി. 

കൂടാതെ, അപേക്ഷയില്‍ ഗുണ്ട്, അമിട്ട്, കുഴിമിന്നല്‍ എന്നിവയുള്‍പ്പെടെയുള്ള വെടിക്കെട്ട് സാമഗ്രികള്‍ക്കാണ് അനുമതി ആവശ്യപ്പെട്ടത്. ഇവയ്ക്ക് അനുമതി നല്‍കാന്‍ പെസോ നിര്‍ദേശ പ്രകാരം നിര്‍വാഹമില്ലെന്നും എ.ഡി.എം അറിയിച്ചു. ഈ സാഹചര്യത്തില്‍, വെടിക്കെട്ട് നടത്തിപ്പ് സംബന്ധിച്ച് എറണാകുളം ഡെപ്യൂട്ടി കണ്‍ട്രോളര്‍ ഓഫ് എക്‌സ്‌പ്ലോസീവ്‌സ് നല്‍കിയ നിബന്ധനകള്‍ പാലിക്കുന്നതിന് അപേക്ഷകന് സാധിച്ചിട്ടില്ലാത്തതിനാല്‍ വെടിക്കെട്ട് അപേക്ഷ നിരസിക്കുന്നതായി ഉത്തരവില്‍ വ്യക്തമാക്കി. അനധികൃത വെടിക്കെട്ട് നടക്കാതിരിക്കുന്നതിന് ജില്ലാ പൊലീസ് മേധാവി, തൃശൂര്‍ സിറ്റി നടപടി സ്വീകരിക്കണമെന്നും എ.ഡി.എം നിര്‍ദേശിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com