മൃതദേഹം സംസ്‌കാരം: ഓര്‍ഡിനന്‍സിനെതിരെ ഓര്‍ത്തഡോക്‌സ് സഭ; ഭരിക്കുന്നത് നിരീശ്വരവാദികള്‍; സെമിത്തേരികള്‍ എന്തും ചെയ്യാനുള്ള പൊതു ഇടങ്ങളല്ല

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th January 2020 04:44 PM  |  

Last Updated: 16th January 2020 04:44 PM  |   A+A-   |  

 

കൊച്ചി: സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഓര്‍ത്തഡോക്‌സ് സഭ. മൃതദേഹം സംസ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഇറക്കിയ ഓര്‍ഡിനന്‍സില്‍ വ്യക്തതയില്ലെന്ന് ഓര്‍ത്തഡോക്‌സ് സഭ ആരോപിച്ചു. നിരീശ്വരവാദികള്‍ ഭരിക്കുന്നതിന്റെ പ്രശ്‌നമാണിത്. ജനാധിപത്യം എന്ന വാക്കിന് ശരിയായ നിര്‍വചനം എന്താണെന്ന് ഭരിക്കുന്നവര്‍ അറിയുന്നില്ലെന്നും സര്‍ക്കാര്‍ ആര്‍ക്കോ വേണ്ടി പ്രവര്‍ത്തിക്കുകയാണെന്നും ഓര്‍ത്തഡോക്‌സ് സഭ കുറ്റപ്പെടുത്തി.  

സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സിനെതിരെ സുപ്രീം കോടതിയെ സമീപിക്കും. ഈ ഓര്‍ഡിനന്‍സ് എല്ലാ ക്രൈസ്തവ സഭകളെയും ബാധിക്കും എന്നുമാത്രമല്ല ഇത് അരാജകത്വത്തിന് ഇടയാക്കുമെന്നും ഓര്‍ത്തഡോക്‌സ് സഭ പറയുന്നു. മറ്റാരുടെയോ വാക്കുകേട്ടാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. സെമിത്തേരികള്‍ ആര്‍ക്കും എന്തും ചെയ്യാനുള്ള പൊതു ഇടങ്ങളല്ലെന്നും ഓര്‍ത്തഡോക്‌സ് സഭ വ്യക്തമാക്കി. 

ഓര്‍ത്തഡോക്‌സ് - യാക്കോബായ പള്ളി തര്‍ക്കത്തിന്റെ പേരില്‍ മൃതദേഹങ്ങള്‍ കല്ലറയില്‍ അടക്കം ചെയ്യുന്നതിന് തടസ്സം സൃഷ്ടിക്കാതിരിക്കാനാണ് ഓര്‍ഡിനന്‍സ് കൊണ്ടുവരാനുള്ള സര്‍ക്കാര്‍ തീരുമാനം. ഇതിന്റെ അടിസ്ഥാനത്തില്‍ സഭാ തര്‍ക്കമുള്ള പളളികളില്‍ കുടുംബ കല്ലറയില്‍ സംസ്‌കരിക്കാം, പ്രാര്‍ത്ഥനയും മറ്റ് ചടങ്ങുകളും പുറത്ത് നടത്താം. മൃതദേഹം അടക്കം ചെയ്യാന്‍ തര്‍ക്കങ്ങള്‍ തടസ്സമാകരുത് എന്നതാണ് വ്യവസ്ഥകള്‍. കുടുംബ കല്ലറ ഏത് പള്ളിയിലാണോ അവിടെ മൃതദേഹം അടക്കം ചെയ്യാം. ഇതിന് നിയമ പ്രാബല്യമുണ്ടാകും.