'അലനും താഹയും എസ്എഫ്‌ഐയുടെ മറവില്‍ മാവോയിസം പ്രചരിപ്പിച്ചവര്‍'; എന്‍ഐഎ കേസെടുത്തത് വെറുതെയല്ലെന്ന് പി ജയരാജന്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 17th January 2020 11:43 AM |
Last Updated: 17th January 2020 11:44 AM | A+A A- |

കണ്ണൂര്‍: കോഴിക്കോട് പന്തീരാങ്കാവില്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റുചെയ്ത അലന്‍ ഷുഹൈബിനും താഹ ഫസലിനുമെതിരെ സിപിഎം നേതാവ് പി ജയരാജന്‍. അലനും താഹയും എസ്എഫ്‌ഐയുടെ മറവില്‍ മാവോയിസം പ്രചരിപ്പിച്ചവരാണെന്ന് പി ജയരാജന്‍ പറഞ്ഞു. ഇരുവര്‍ക്കുമെതിരെ ദേശീയ അന്വേഷണ ഏജന്‍സി കേസെടുത്തത് വെറുതയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'അവര്‍ സിപിഎം അംഗങ്ങളാണ്. ഞങ്ങളുടെ പരിശോധനയില്‍ കണ്ടെത്തിയത് അവര്‍ സിപിഎമ്മിന്റെയും എസ്എഫഐയുടെ മറ ഉപയോഗിച്ചുകൊണ്ട് മാവോയിസ്റ്റുകളുമായി നേരത്തെ ബന്ധം പുലര്‍ത്തിയിരുന്നു എന്നാണ്. അവര്‍ പാര്‍ട്ടിയുടെ അച്ചടക്കത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന അംഗങ്ങളാണെന്ന ധാരണ വേണ്ട. എസ്എഫ്‌ഐക്കകത്തും അവര്‍ ഫ്രാക്ഷന്‍ വര്‍ക്ക് നടത്തിയിട്ടുണ്ട്. അത് പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്'- പി ജയരാജന്‍ പറഞ്ഞു.
കഴിഞ്ഞ തെരഞ്ഞടുപ്പില്‍ സിപിഎമ്മിന്റെ ബൂത്ത് ഏജന്റുമാരായി പ്രവര്‍ത്തിച്ച തങ്ങള്‍ മാവോയിസ്റ്റുകളാണെന്നു തെളിയിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പക്കല്‍ എന്തു തെളിവാണുള്ളതെന്ന് അലനും താഹയും ചോദിച്ചിരുന്നു. അതിന് പിന്നാലെയാണ് സിപിഎം നേതാവിന്റെ പ്രതികരണം.
ഇരുവര്‍ക്കുമെതിരെ യുഎപിഎ ചുമത്തിയ സംഭവത്തില്‍ തെളിവ് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവും രംഗത്തെത്തി. സിപിഎം പ്രവര്‍ത്തകരായ അലനും താഹയുമാണ് അറസ്റ്റിലായത്. യുഎപിഎ ചുമത്താന്‍ പാകത്തില്‍ എന്ത് തെളിവാണ് ഈ ചെറുപ്പക്കാര്‍ക്ക് എതിരെ ഉള്ളത്. തെളിവ് ഉണ്ടെന്ന് പറയുന്നതല്ലാതെ അത് പുറത്ത് വിടാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതുവരെ തയ്യാറായിട്ടില്ല. അത് പൊതു സമൂഹത്തോട് മുഖ്യമന്ത്രി വിശദീകരിക്കണമെന്നുമായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം.
മാവോയിസ്റ്റ് ബന്ധം ആരോപിച്ചു കോഴിക്കോട് പന്തീരാങ്കാവ് പൊലീസാണു 2019 നവംബര്‍ 1 നു രാത്രി ഇവരെ നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന(യുഎപിഎ) നിയമപ്രകാരം അറസ്റ്റ് ചെയ്തത്. പ്രതികള്‍ക്കെതിരെ തെളിവുണ്ടെന്ന നിലപാടിലാണ് അന്വേഷണം ഏറ്റെടുത്ത ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ)യും. ഇന്നലെ എന്‍ഐഎ പ്രത്യേക കോടതിയില്‍ നേരിട്ടു ഹാജരാക്കി പുറത്തേക്കു കൊണ്ടുവരും വഴിയാണു തെളിവുകള്‍ എന്താണെന്നു പറയാന്‍ ഇരുവരും ഉച്ചത്തില്‍ വിളിച്ചുപറഞ്ഞത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിക്കു വേണ്ടി വോട്ടുപിടിച്ചതായും ഇവര്‍ അവകാശപ്പെട്ടു.