'ഉടുക്കുകൊട്ടി പേടിപ്പിക്കരുത്..... '; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി സെന്‍കുമാര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th January 2020 07:41 AM  |  

Last Updated: 17th January 2020 07:46 AM  |   A+A-   |  

 


തിരുവനന്തപുരം : വാര്‍ത്താസമ്മേളനത്തില്‍ ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകനോട് അപമര്യാദയായി പെരുമാറിയ സംഭവത്തെ അപലപിച്ച കേരള പത്രപ്രവര്‍ത്തക യൂണിയന് മറുപടിയുമായി ടി പി സെന്‍കുമാര്‍. പണ്ടിരുന്ന കസേരയുടെ ഹുങ്കില്‍ എക്കാലവും ലോകത്തെ വിറപ്പിച്ചു നിര്‍ത്താമെന്നു കരുതുന്നവര്‍ സ്വപ്നലോകത്തുനിന്നു താഴേക്കിറങ്ങിവരേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. അപമര്യാദയായി പെരുമാറിയ സെന്‍കുമാറിനെതിരെ പൊലീസ് കേസെടുക്കണമെന്നും പത്രപ്രവര്‍ത്തക യൂണിയന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ ആവശ്യപ്പെട്ടിരുന്നു.

ഇതിന് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് സെന്‍കുമാര്‍ മറുപടി നല്‍കിയിട്ടുള്ളത്. എന്താണ് നടന്നതെന്ന് വീഡിയോ ഉണ്ട്. ചോദിച്ച വ്യക്തിക്ക് ഉത്തരവും നല്‍കി. KUWJ ആരുടെ കുത്തകയും ചട്ടുകവും ആണെന്നും അറിയാം. അതുകൊണ്ടു ഉടുക്കുകൊട്ടി പേടിപ്പിക്കരുത്..... എന്നായിരുന്നു സെന്‍കുമാറിന്റെ കുറിപ്പ്.

സംസ്ഥാനത്തെ വിവിധ പ്രസ് ക്ലബ്ബുകള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച ധനസഹായം യഥാവിധി ഉപയോഗിക്കുന്നില്ലെന്ന പരാതി സംബന്ധിച്ച് അടിയന്തരനടപടി ആവശ്യപ്പെട്ടുകൊണ്ടുള്ള വിജിലന്‍സിന്റെ ഫയല്‍ നോട്ട് സഹിതം സെന്‍കുമാര്‍ കുറിപ്പില്‍ ചേര്‍ത്തിട്ടുണ്ട്.


സെന്‍കുമാറിന്റെ കുറിപ്പിന് താഴെ അദ്ദേഹത്തെ രൂക്ഷമായി വിമര്‍ശിച്ചും, അനുകൂലിച്ചും നിരവധി പ്രതികരണങ്ങളും വന്നിട്ടുണ്ട്.