എഎസ്‌ഐ കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരന്‍ പിടിയില്‍; അല്‍ ഉമ തലവനെ പിടികൂടിയത് ബംഗളൂരു പൊലീസ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 17th January 2020 07:23 PM |
Last Updated: 17th January 2020 07:26 PM | A+A A- |

തിരുവനന്തപുരം: കളിയിക്കാവിള ചെക്‌പോസ്റ്റില്‍ എഎസ്‌ഐയെ വെടിവെച്ചു കൊന്ന കേസില്‍ മുഖ്യ സൂത്രധാരനായ അല്‍ ഉമ തലവന്‍ പിടിയില്‍. മെഹബൂബ പാഷയെ ബംഗളൂരു പൊലീസാണ് അറസ്റ്റ് ചെയ്തത്. കൂട്ടാളികളായ ജെബീബുളള, മന്‍സൂര്‍, അജ്മത്തുളള എന്നിവരും ഭീകരവിരുദ്ധ വേട്ടയുടെ ഭാഗമായി പിടിയിലായിട്ടുണ്ട്.
ഇന്ന് രാവിലെയാണ് മെഹബൂബ പാഷയെയും കൂട്ടാളികളെയും പിടികൂടിയത്. കഴിഞ്ഞ ഏതാനും മാസങ്ങളായി സംസ്ഥാനത്ത് ഭീകരവിരുദ്ധ വേട്ട ഊര്‍ജിതമായി നടന്നുവരികയാണ്. ഇതിനെ തുടര്‍ന്നാണ് അല്‍ ഉമ തലവനെയും കൂട്ടാളികളെയും സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് പിടികൂടിയത്. സംസ്ഥാനത്ത് നിരവധി കേസുകളില്‍ പ്രതിയാണ് മെഹബൂബ പാഷ. കളിയിക്കാവിളയിലെ എഎസ്‌ഐ കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരനാണ് ഇയാളെന്നാണ് പൊലീസ് പറയുന്നത്.
കര്‍ണാടകയില്‍ ഭീകരാക്രമണ ഭീഷണി വര്‍ധിച്ചതിനെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയത്. ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന 14 പേരെ പ്രതി ചേര്‍ത്താണ് പൊലീസ് കേസ് അന്വേഷണം ആരംഭിച്ചത്. അതിനിടെ കഴിഞ്ഞ ദിവസങ്ങളിലായി പതിനേഴംഗ സംഘത്തിലെ അഞ്ചുപേരെ അറസ്റ്റ് ചെയ്തിരുന്നു.ഇവരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് അല്‍ ഉമ നേതാവിനെയും കൂട്ടാളികളെയും പിടികൂടിയത്.
അതേസമയം പൊലീസുകാരനെ വെടിവച്ചുകൊന്ന സംഭവത്തില്‍ മുഖ്യപ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തിയിട്ടുണ്ട്. അബ്ദുള്‍ സമീം, തൗഫീക്ക് എന്നിവര്‍ക്കെതിരെയാണ് യുഎപിഎ ചുമത്തിയത്. തീവ്രവാദബന്ധത്തിന്റെ പശ്ചാത്തലത്തിലാണ് പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്താനുള്ള തീരുമാനം. ഇരുവരെയും കര്‍ണാടകയിലെ ഉഡുപ്പിയില്‍ നിന്നുമാണ് പിടികൂടിയത്.