തിരൂരിലെ ബിജെപി വിശദീകരണയോഗം : അപ്രഖ്യാപിത ഹര്‍ത്താലാക്കിയവര്‍ക്കെതിരെ കേസ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th January 2020 08:08 AM  |  

Last Updated: 17th January 2020 08:08 AM  |   A+A-   |  


 

മലപ്പുറം : ദേശീയ പൗരത്വ നിയമഭേദഗതി, ദേശീയ പൗരത്വ രജിസ്റ്റര്‍ തുടങ്ങിയ വിഷയങ്ങള്‍ വിശദീകരിക്കാന്‍ ബിജെപി തിരൂരില്‍ നടത്തിയ ജനജാഗ്രതാ സമ്മേളനത്തോട് അനുബന്ധിച്ച് സാമൂഹ്യമാധ്യമങ്ങളിലൂടെ അപ്രഖ്യാപിത ഹര്‍ത്താലിന് ആഹ്വാനം ചെയ്തവര്‍ക്കെതിരെ കേസെടുത്തു. സ്വമേധയാ ആണ് തിരൂര്‍ പൊലീസ് കേസെടുത്തത്. നിലവില്‍ മൂന്ന് പേര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളതെന്ന് തിരൂര്‍ സിഐ അറിയിച്ചു.

വ്യാഴാഴ്ച വൈകീട്ടാണ് ബിജെപി നിയോജകമണ്ഡലം കമ്മിറ്റി ജനജാഗ്രതാ സമ്മേളനം നടത്തിയത്. സമ്മേളനം തുടങ്ങിയതോടെ വ്യാപാരസ്ഥാപനങ്ങള്‍ അടച്ചും വാഹനങ്ങള്‍ സര്‍വീസ് നടത്താതെയും തിരൂരില്‍ ഹര്‍ത്താല്‍ പ്രതീതി സൃഷ്ടിച്ചിരുന്നു. ബിജെപി സമ്മേളനത്തിനെതിരെ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തി അപ്രഖ്യാപിത ഹര്‍ത്താലാക്കി മാറ്റിയവര്‍ക്കെതിരെയാണ് കേസ്.

അപ്രഖ്യാപിത ഹര്‍ത്താലിന് സമൂഹമാധ്യമങ്ങളില്‍ ആഹ്വാനം ചെയ്തവരെയും, ഇത് ഷെയര്‍ ചെയ്തവരെയും കണ്ടെത്താന്‍ തിരൂര്‍ പൊലീസ് ശ്രമം ആരംഭിച്ചു. കേന്ദ്രമന്ത്രി സോംപ്രകാശ് ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍, യുവമോര്‍ച്ച സെക്രട്ടറി സന്ദീപ് വാര്യര്‍ തുടങ്ങിയവരാണ് പങ്കെടുത്തത്. ബിജെപി യോഗം തുടങ്ങിയപ്പോള്‍ കടകളടയ്ക്കുകയും സര്‍വീസ് നിര്‍ത്തിവെക്കുകയും ചെയ്ത വ്യാപാരികളെയും ബസ്-ഓട്ടോ തൊഴിലാളികളേയും ബിജെപി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.