പൾസ് പോളിയോ തുളളിമരുന്ന് ഞായറാഴ്ച, നൽകുന്നത് കാൽ കോടിയോളം കുഞ്ഞുങ്ങൾക്ക്
By സമകാലിക മലയാളം ഡെസ്‌ക് | Published: 17th January 2020 07:43 PM |
Last Updated: 17th January 2020 07:43 PM | A+A A- |

തിരുവനന്തപുരം: കുഞ്ഞുങ്ങൾക്ക് നൽകുന്ന പൾസ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി ഞായറാഴ്ച നടക്കും. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം വിളപ്പില്‍ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ അന്നേദിവസം രാവിലെ 8 മണിക്ക് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ കെ ശൈലജ നിര്‍വഹിക്കും.
ഞായറാഴ്ച ബൂത്ത്തല ഇമ്മ്യൂണൈസേഷനും തിങ്കളും ചൊവ്വയും പോളിയോ തുള്ളി മരുന്ന് എടുക്കാന്‍ വിട്ടുപോയ കുട്ടികള്‍ക്ക് വീട് വീടാന്തരം കയറി തുള്ളിമരുന്ന് നല്‍കുകയും ചെയ്യുകയാണ് പരിപാടിയെന്ന് മന്ത്രി കെ കെ ശൈലജ പറഞ്ഞു.സംസ്ഥാനത്ത് അഞ്ചു വയസില്‍ താഴെയുളള 24,50,477 കുട്ടികള്‍ക്കാണ് പോളിയോ തുളളി മരുന്നു നല്‍കാന്‍ ലക്ഷ്യമിടുന്നത്.
ഇതിനായി 24,247 വാക്സിനേഷന്‍ ബൂത്തുകളും (ഒരു ബൂത്തിന് 2 പരിശീലനം ലഭിച്ച വാക്സിനേറ്റര്‍) കൂടാതെ ട്രാന്‍സിറ്റ് ബൂത്തുകളും മൊബൈല്‍ ബൂത്തുകളും സജ്ജീകരിച്ചിട്ടുണ്ട്. ഭവന സന്ദര്‍ശനത്തിനായി 24,247 ടീമുകളെയും പരിശീലനം നല്‍കി തെരഞ്ഞെടുത്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.