'സംസ്‌കാര ശുശ്രൂഷ നടത്തുന്ന വൈദികന്‍ ആരെന്നത് കോടതിയുടെ വിഷയമല്ല'; സഭാ ഓര്‍ഡിനന്‍സില്‍ ഇടപെടില്ലെന്ന് സുപ്രീം കോടതി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th January 2020 12:05 PM  |  

Last Updated: 17th January 2020 12:05 PM  |   A+A-   |  

SupremeCourtofIndia

 

ന്യൂഡല്‍ഹി: ക്രിസ്ത്യന്‍ സെമിത്തേരികളില്‍ മൃതദേഹം സംസ്‌കരിക്കുന്നതു സംബന്ധിച്ച് സര്‍ക്കാര്‍ പുറത്തിറക്കിയ ഓര്‍ഡിനന്‍സില്‍ ഇടപെടലില്ലെന്ന് സുപ്രീം കോടതി. സംസ്‌കാര ശുശ്രൂഷ നടത്തുന്ന വൈദികന്‍ ആരെന്നത് കോടതിയുടെ വിഷയമല്ലെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു. ആരായാലും മൃതദേഹങ്ങളോട് ആദരവു കാണിക്കണമെന്ന്, സര്‍ക്കാര്‍ ഓര്‍ഡിനന്‍സിന്റെ കാര്യം ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ കോടതി അഭിപ്രായപ്പെട്ടു.

സഭാകേസിലെ കോടതി വിധി നടപ്പാക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച കോടതിയലക്ഷ്യ കേസിന്റെ വാദത്തിനിടെ, ഓര്‍ത്തഡോക്‌സ് സഭയുടെ അഭിഭാഷകനാണ് ഓര്‍ഡിനന്‍സ് കോടതിയുടെ ശ്രദ്ധയില്‍ പെടുത്തിയത്. പള്ളികളുടെ ഭരണത്തെക്കുറിച്ചു മാത്രമാണ് കോടതി വിധിയെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു. മൃതദേഹ സംസ്‌കാരം പോലെയുള്ള കാര്യങ്ങള്‍ വാശിപിടിക്കരുതെന്നും കോടതി മുന്നറിയിപ്പു നല്‍കി.

കോടതി വിധി മറികടക്കാനുള്ള ഗൂഢതന്ത്രത്തിന്റെ ഭാഗമാണ് ഓര്‍ഡിനസ് എന്നാണ് ഓര്‍ത്തഡോക്‌സ് സഭയുടെ ആക്ഷേപം. ഓര്‍ത്തഡോക്‌സ് സഭയുടെ അധികാരത്തില്‍ കൈകടത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു. പള്ളികളില്‍ സമാന്തര ഭരണം കൊണ്ടുവരാന്‍ ഒത്താശ ചെയ്യുന്നു. നിയമപരമായ നിലനില്‍പില്ലാത്ത ഒരു വിഭാഗത്തിനു വേണ്ടിയാണ് സര്‍ക്കാരിന്റെ നീക്കമെന്നും സഭാ നേതൃത്വം കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു. 

കേരളത്തിലെ എല്ലാ സഭകളെയും ബാധിക്കുന്നതാണ് ഓര്‍ഡിനന്‍സ്. ഓര്‍ഡിനന്‍സ് വ്യവസ്ഥകള്‍ അവ്യക്തമാണ്. പല വ്യവസ്ഥകളും നിര്‍വചിച്ചിട്ടില്ലെന്നും ഓര്‍ത്തഡോക്‌സ് ശഭാ നേതൃത്വം പറഞ്ഞു. ഓര്‍ഡിനന്‍സ് രൂപീകരണ വേളയില്‍ ജനാധിപത്യപരമായ നടപടികള്‍ പാലിച്ചിട്ടില്ലെന്ന് സഭാ ഭാരവാഹികള്‍ ആരോപിച്ചു.