സമരം ഫലം കണ്ടു; ആണ്‍- പെണ്‍കുട്ടികളെ ഒന്നിച്ചിരുത്തിയെന്ന് ആരോപിച്ച് പുറത്താക്കിയ അധ്യാപകനെ തിരിച്ചെടുത്തു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th January 2020 11:09 PM  |  

Last Updated: 17th January 2020 11:09 PM  |   A+A-   |  

 

കോഴിക്കോട്: ചേളന്നൂര്‍ എസ്എന്‍ കോളേജില്‍  പിരിച്ചുവിട്ട താത്കാലിക അധ്യാപകനെ തിരിച്ചെടുത്തു. സാഹില്‍ എന്ന അധ്യാപകനെ പിരിച്ചുവിട്ടതിനെതിരെ ദിവസങ്ങളായി വിദ്യാര്‍ത്ഥികള്‍ സമരത്തിലായിരുന്നു. ഇതിന് പിന്നാലെയാണ് അധ്യാപകനെ തിരിച്ചെടുത്തത്. 

ഒന്നാം വര്‍ഷ ഇംഗ്ലീഷ് എംഎ ക്ലാസില്‍ താത്കാലിക അധ്യാപകനായ സാഹില്‍ ആണ്‍കുട്ടികളെയും  പെണ്‍കുട്ടികളെയും ഒന്നിച്ചിരുത്തി ക്ലാസെടുത്തത് പ്രിന്‍സിപ്പല്‍ തടഞ്ഞെന്നായിരുന്നു വിദ്യാര്‍ത്ഥികളുടെ ആരോപണം. രേഖാമൂലം വിശദീകരണം പോലും ചോദിക്കാതെ അധ്യാപകനെ പിരിച്ചുവിട്ടെന്ന് ആരോപിച്ചായിരുന്നു വിദ്യാര്‍ത്ഥികളുടെ സമരം. തുടര്‍ന്ന് പ്രിന്‍സിപ്പലിനെ പൂട്ടിയിട്ട് വിദ്യാര്‍ത്ഥികള്‍ സമരം ചെയ്തിരുന്നു. 

ആണ്‍കുട്ടികളയെും പെണ്‍കുട്ടികളെയും ഒന്നിച്ചിരുത്തുന്നതിനെ വിലക്കിയിട്ടില്ലെന്നും ക്ലാസ് എടുക്കാന്‍ അധ്യാപകന് പ്രാപ്തി ഇല്ലാത്തതിനാലാണ് പുറത്താക്കിയതെന്നുമായിരുന്നു പ്രിന്‍സിപ്പലിന്റെ വിശദീകരണം. സമരം അനാവശ്യമാണെന്നാണ് കഴിഞ്ഞ ദിവസം പ്രിന്‍സിപ്പല്‍ മാധ്യമങ്ങളോട് പറഞ്ഞത്.