എന്തിനെയും വര്‍ഗീയമാക്കാന്‍ ശ്രമിക്കുന്ന ഭ്രാന്തന്മാരാണ് ബിഫ് വിവാദത്തിന് പിന്നിലെന്ന് കടകംപള്ളി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th January 2020 12:43 PM  |  

Last Updated: 17th January 2020 12:43 PM  |   A+A-   |  

 

തിരുവനന്തപുരം: കേരള ടൂറിസം പേജിലെ ബീഫ് വിവാദത്തില്‍ മറുപടിയുമായി ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. എന്തിനെയും വര്‍ഗീയമാക്കാന്‍ ശ്രമിക്കുന്ന ഭ്രാന്തന്മാരാണ് വിവാദത്തിന് പിന്നിലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍
പറഞ്ഞു.

ബീഫ് ഫ്രൈയുടെ ചിത്രം പോസ്റ്റ് ചെയ്ത കേരള ടൂറിസം വകുപ്പിനെതിരെ വിശ്വഹിന്ദു പരിഷത്ത് രംഗത്തുവന്നിരുന്നു. കേരള ടൂറിസം വകുപ്പ് ട്വിറ്റ് ചെയ്ത ബീഫ് ഫ്രൈയുടെ ചിത്രം മതവികാരം വ്രണപ്പെടുത്തുന്നതാണെന്നും, ഗോഭക്തരെ അപമാനിക്കുന്നതാണെന്നുമായിരുന്നു വിഎച്ച്പിയുടെ ആരോപണം. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. 

ടൂറിസത്തെയാണോ, ബീഫിനെയാണോ പ്രോത്സാഹിപ്പിക്കുന്നത് എന്ന ചോദ്യവുമായാണ് വിഎച്ച്പി വക്താവ് വിനോദ് ബന്‍സാല്‍ രംഗത്തെത്തിയത്. ശങ്കരാചാര്യരുടെ പുണ്യഭൂമിയില്‍ നിന്നാണോ ഈ ട്വീറ്റെന്നും, കോടിക്കണക്കിന് വരുന്ന ഗോഭക്തരുടെ വികാരത്തെ വ്രണപ്പെടുത്തുന്നതല്ലേ ഇതെന്നും വിനോദ് ബന്‍സാല്‍ ട്വീറ്റില്‍ കുറിച്ചു