കളിയിക്കാവിള കൊലപാതകം; മുഖ്യപ്രതികള്‍ക്കെതിരെ യുഎപിഎ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th January 2020 10:05 AM  |  

Last Updated: 17th January 2020 10:05 AM  |   A+A-   |  

 

തിരുവനന്തപുരം: കളിയിക്കാവിളയില്‍ പൊലീസുകാരനെ വെടിവച്ചുകൊന്ന സംഭവത്തില്‍ മുഖ്യപ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തി. അബ്ദുള്‍ സമീം, തൗഫീക്ക് എന്നിവര്‍ക്കെതിരെയാണ് യുഎപിഎ ചുമത്തിയത്. തീവ്രവാദബന്ധത്തിന്റെ പശ്ചാത്തലത്തിലാണ് പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്താനുള്ള തീരുമാനം. 

എന്നാല്‍ പൊലീസിന്റെ റിമാന്റ് റിപ്പോര്‍ട്ടില്‍ തീവ്രവാദബന്ധം സംബന്ധിച്ച് വിശദവിവരങ്ങള്‍ ഇല്ല. പൊലീസ് - ഭരണസംവിധാനത്തിനെതിരായ പോരാട്ടം എന്ന നിലയിലാണ് കൊലപാതകം  നടത്തിയത്. തീവ്രവാദ സംഘടനയുമായി ബന്ധമുണ്ടെന്നും സംഘടനയുടെ ആശയമാണ് നടപ്പിലാക്കിയതെന്നുമായിരുന്നു പ്രതികളുടെ മൊഴി. അതെല്ലാം പരിഗണിച്ചാണ് പ്രതികള്‍ക്കുമേല്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്ന നിയമം ചുമത്തിയത്.

ഐഎസ് ബന്ധമുണ്ടെന്ന കരുതുന്ന ചിലരുമായി മുഹമ്മദ് ഷെമീമിനും അടുപ്പം ഉണ്ടെന്നാണ് പ്രതികളെ പിടികൂടിയ ബംഗളൂരു പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ പറയുന്നത്. ഐഎസില്‍ ചേര്‍ന്ന മെഹബൂബ് പാഷയാണ് ഇവര്‍ ഉള്‍പ്പെട്ട 17 അംഗ സംഘത്തിന്റെ തലവന്‍ എന്നു കര്‍ണാടക പൊലീസ് പറയുന്നു. മെഹബൂബ് പാഷയുടെ ബംഗളൂരുവിലെ വീട് കേന്ദ്രീകരിച്ചാണ് ആസൂത്രണം നടന്നത്. നിരോധിത സംഘടനയായ സിമിയുമായും മെഹബൂബ് പാഷ ബന്ധപ്പെട്ടിരുന്നതായും എഫ്‌ഐആറിലുണ്ട്.