ടെറസിലൂടെ അകത്തുകടക്കും, ഉറങ്ങിക്കിടക്കുന്ന കുഞ്ഞുങ്ങളെ എടുത്തുകൊണ്ടുപോയി ആഭരണങ്ങൾ കവരും; ഹ്യുണ്ടായ് അനസ് പിടിയിൽ

ടെറസിലൂടെ അകത്തുകടക്കും, ഉറങ്ങിക്കിടക്കുന്ന കുഞ്ഞുങ്ങളെ എടുത്തുകൊണ്ടുപോയി ആഭരണങ്ങൾ കവരും; ഹ്യുണ്ടായ് അനസ് പിടിയിൽ

മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടക്കുന്ന കുഞ്ഞുങ്ങളെ എടുത്തുകൊണ്ടുപോയി ആഭരണങ്ങൾ കവർന്ന് കുഞ്ഞിനെ ടെറസിൽ ഉപേക്ഷിച്ചുപോകുന്നത് ഇയാളുടെ പതിവ് രീതിയാണ്

കോഴിക്കോട്;  ഉറങ്ങിക്കിടക്കുന്ന സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും ശരീരത്തിൽ നിന്ന് ആഭരണങ്ങൾ മോഷ്ടിക്കുന്ന കുപ്രസിദ്ധ മോഷാടാവ് ഹ്യുണ്ടായ് അനസ്(32) പൊലീസ് പിടിയിൽ. ഒളവണ്ണ കൊടശ്ശേരി പറമ്പ് സ്വദേശിയായ അനസ് ഇപ്പോൾ പെരുമണ്ണക്ക് അടുത്ത് പാറക്കണ്ടത്തുള്ള ഫ്ലാറ്റിൽ വാടകയ്ക്ക് താമസിക്കുകയാണ്. പന്തീരങ്കാവ് പൊലീസ് ആണ് ഇയാളെ പിടികൂടിയത്.

അതിവിദഗ്ധമായിട്ടാണ് ആഭരണങ്ങളും വീട്ടിനുള്ളിൽ നിന്നു മൊബൈൽ ഫോണുകളും ഇയാൾ മോഷ്ടിച്ചിരുന്നത്. ടെറസ് വഴി അകത്ത് കടക്കുകയോ ജനൽ വഴി മോഷണം നടത്തുകയോ ചെയ്തിരുന്ന ഇയാൾ നാട്ടുകാർക്കും പൊലീസിനും ഒരുപോലെ തലവേദനയായിരുന്നു. അനസ് പിടിയിലായതോടെ കോഴിക്കോട് മെഡിക്കൽ കോളജ്, പന്തീരാങ്കാവ്, നല്ലളം പൊലീസ് സ്റ്റേഷൻ പരിധികളിലെ നിരവധി കേസുകൾക്ക് തുമ്പുണ്ടായി. ഇയാൾ നൂറിൽ അധികം കേസുകളിൽ പ്രതിയാണ്.

മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടക്കുന്ന കുഞ്ഞുങ്ങളെ എടുത്തുകൊണ്ടുപോയി ആഭരണങ്ങൾ കവർന്ന് കുഞ്ഞിനെ ടെറസിൽ ഉപേക്ഷിച്ചുപോകുന്നത് ഇയാളുടെ പതിവ് രീതിയാണ്. കഴിഞ്ഞ വർഷം മേയ് മാസത്തിൽ മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷൻ പരിധിയിൽ കുറ്റിക്കാട്ടൂരിനടുത്ത് ഗോശാലക്കുന്ന് ഹുസൈൻ എന്നയാളുടെ വീട്ടിൽ ഉമ്മയോടൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന പിഞ്ചുബാലികയെ എടുത്തുകൊണ്ടുപോയി പോയി ആഭരണങ്ങൾ കവർന്നെടുക്കുകയും ശേഷം കുഞ്ഞിനെ ടെറസിൽ ഉപേക്ഷിച്ച് കടന്നുകളയുകയുമായിരുന്നു.

രണ്ടാഴ്ചയ്ക്കുശേഷം പ്രതി താമസിക്കുന്ന പെരുമണ്ണ പാറക്കണ്ടത്തുള്ള ഫ്ലാറ്റിന് സമീപം താമസിക്കുന്ന മാമുക്കോയ എന്നയാളുടെ വീട്ടിലും സമാനമായ രീതിയിൽ മാതാപിതാക്കളോടൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന പിഞ്ചുകുഞ്ഞിനെ എടുത്തുകൊണ്ടുപോയി പോയി. ചെയിനും തണ്ടയും അരഞ്ഞാണവും കവർന്നെടുത്ത് കുഞ്ഞിനെ ടെറസിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞിരുന്നു. ആശങ്കയിലായ നാട്ടുകാർ കളവുകൾക്ക് പിന്നിൽ ഇതരസംസ്ഥാനക്കാർ ആണെന്ന് സംശയം ഉന്നയിക്കുകയും പൊലീസ് ഇതരസംസ്ഥാനങ്ങളിലെ ഇത്തരം കുറ്റകൃത്യങ്ങൾ നടത്തുന്നവരെ പരിശോധിക്കുകയും ചെയ്തിരുന്നു.

വർഷങ്ങളായി രാത്രികാലങ്ങളിൽ ഇറങ്ങി നടന്നു വീടുകളിൽ ഒളിഞ്ഞുനോക്കുന്ന ശീലമായിരുന്നു മോഷണത്തിലേക്ക് തിരിയുവാൻ അനസിന് പ്രചോദനമായത്. മുൻപും നിരവധി മോഷണക്കേസുകളിൽ പ്രതിയായ ഇയാൾക്കെതിരെ കോഴിക്കോട് ജില്ലയിലെ ടൗൺ, പന്നിയങ്കര, നല്ലളം, മെഡിക്കൽ കോളജ്, കുന്നമംഗലം, കസബ തുടങ്ങിയ സ്റ്റേഷനുകളിലായി നൂറോളം കേസുകൾ നിലവിലുണ്ട്. പല കേസുകളും വിചാരണ ഘട്ടത്തിലാണ്. മോഷണമുതലുകൾ വയനാട്, കോഴിക്കോട് ജില്ലകളിലെ വിവിധ ജ്വല്ലറികളിൽ വിൽപ്പന നടത്തിയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മോഷണമുതൽ വിറ്റുകിട്ടുന്ന പണം മുംബൈ, ഗോവ പോലുള്ള സ്ഥലങ്ങളിൽ ആർഭാട ജീവിതം നയിക്കുന്നതിനും മയക്കുമരുന്ന് ഉപയോഗത്തിനും വേണ്ടിയായിരുന്നു പ്രധാനമായും ചെലവഴിച്ചത്. മോഷണത്തിന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നും ലഹരിമരുന്നിന്റെ ഉറവിടത്തെക്കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചു.

ഒറ്റ നില ടെറസ് വീടുകളിൽ അകത്ത് നിന്നു ടെറസിലേക്കുള്ള കോണിപ്പടികൾ ഉള്ള വീടുകളിലാണ് അനസ് കൂടുതൽ മോഷണങ്ങളും നടത്തിവന്നത്. ടെറസിൽ നിന്ന് വീട്ടിനുള്ളിലേക്കുള്ള പടികളിലേക്കുള്ള വാതിൽ പൊളിച്ച് അകത്ത് കടന്നും ഉഷ്ണമേറിയ കാലാവസ്ഥയിൽ ജനൽ തുറന്നിട്ട് ഉറങ്ങുന്ന വീടുകളിൽ ജനൽ വഴി കൈ കടത്തിയും കമ്പ് ഉപയോഗിച്ചും ആയിരുന്നു അനസ് മോഷണം നടത്തി വരാറുള്ളത്. പല വീടുകളിൽ നിന്നും മൊബൈൽഫോൺ മോഷ്ടിച്ചിട്ടുണ്ടെങ്കിലും പൊലീസ് പിടികൂടാൻ സാധ്യതയുള്ളതിനാൽ പുഴയിലും മറ്റും ഉപേക്ഷിക്കുകയാണ് പതിവ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com