ദിലീപിന് വീണ്ടും തിരിച്ചടി ; വിചാരണയ്ക്ക് സ്‌റ്റേ ഇല്ല

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th January 2020 01:31 PM  |  

Last Updated: 17th January 2020 01:31 PM  |   A+A-   |  

29-1503988333-dileep4


 

ന്യൂഡല്‍ഹി : നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങളുടെ ഫൊറന്‍സിക് പരിശോധന ഫലം വരുന്നതു വരെ വിചാരണ സ്റ്റേ ചെയ്യണമെന്ന ദിലീപിന്റെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല. വിചാരണ സ്‌റ്റേ ചെയ്യാന്‍ കോടതി വിസമ്മതിച്ചു. എന്നാല്‍ ദൃശ്യങ്ങളുടെ വിദഗ്ധ പരിശോധനാഫലം വരുന്നതുവരെ ദിലീപിന്റെ ക്രോസ് വിസ്താരം പാടില്ലെന്ന് കോടതി നിര്‍ദേശിച്ചു.

മൂന്നാഴ്ചയ്ക്കകം ഫൊറന്‍സിക് പരിശോധന റിപ്പോര്‍ട്ട് നല്‍കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. മറ്റ് പ്രതികളുടെ വിചാരണ തുടരാമെന്നും കോടതി ഉത്തരവിട്ടു. നേരത്തെ ഫൊറന്‍സിക് പരിശോധന ഫലം വരുന്നതുവരെ വിചാരണ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് വിചാരണ കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ ഈ ഹര്‍ജി കോടതി തള്ളി. ഇതേത്തുടര്‍ന്നാണ് സ്‌റ്റേ ആവശ്യവുമായി നടന്‍ സുപ്രീംകോടതിയെ സമീപിച്ചത്.

നടിയെ ആക്രമിച്ച ദൃശ്യങ്ങളുടെ വിദഗ്ധ പരിശോധനയ്ക്കായി ചണ്ഡീഗഡിലെ ലാബിലേക്കാണ് അയച്ചിട്ടുള്ളത്. നടിയെ ആക്രമിച്ച ദൃശ്യങ്ങളില്‍ കൃത്രിമം നടന്നിട്ടുണ്ടെന്നും, എഡിറ്റ് ചെയ്ത് ചേര്‍ത്തിട്ടുണ്ടെന്നുമാണ് ദിലീപ് ആരോപിക്കുന്നത്. നേരത്തെ ദൃശ്യങ്ങളുടെ പകര്‍പ്പ് വേണമെന്ന ദിലീപിന്റെ ആവശ്യവും വിചാരണ കോടതിയും സുപ്രീംകോടതിയും തള്ളിക്കളഞ്ഞിരുന്നു.