പൗരത്വനിയമം: കേസില്‍ കക്ഷി ചേരാന്‍ കുമ്മനവും; ചെലവ് മുഖ്യമന്ത്രിയില്‍ നിന്നും മന്ത്രിമാരില്‍ നിന്നും ഈടാക്കണം

ഏതെങ്കിലും തരത്തില്‍ പൗരത്വനിയമഭേദഗതി സംസ്ഥാനത്തെ ജനങ്ങളുടെ അവകാശം ഹനിക്കുന്നുവെന്ന് വ്യക്തമാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല
പൗരത്വനിയമം: കേസില്‍ കക്ഷി ചേരാന്‍ കുമ്മനവും; ചെലവ് മുഖ്യമന്ത്രിയില്‍ നിന്നും മന്ത്രിമാരില്‍ നിന്നും ഈടാക്കണം

ന്യൂഡല്‍ഹി: പൗരത്വനിയമഭേദഗതി ചോദ്യം ചെയ്തുള്ള കേരളത്തിന്റെ ഹര്‍ജിയില്‍ കക്ഷി ചേരാന്‍ ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കി. കേരളത്തിന്റെ ഹര്‍ജിയെ ചോദ്യം ചെയ്താണ് കുമ്മനം കോടതിയെ സമീപിച്ചത്. കേസിന്റെ ചെലവ് മുഖ്യമന്ത്രിയില്‍ നിന്നും മറ്റു മന്ത്രിമാരില്‍ നിന്ന് ഈടാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ പൗരത്വനിയമഭേദഗതിയെ ചോദ്യം ചെയ്തുകൊണ്ട് സുപ്രീം കോടതിയില്‍ ആദ്യമെത്തിയ സംസ്ഥാനമാണ് കേരളം. ഈ ഹര്‍ജിയെ ചോദ്യം ചെയ്താണ് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. കേസില്‍ തന്നെ കൂടി കക്ഷിചേര്‍ക്കണമെന്നാണ് കുമ്മനത്തിന്റെ ആവശ്യം. പൗരത്വനിയമത്തെ എതിര്‍ക്കാനുള്ള കേരളത്തിന്റെ തീരുമാനം രാഷ്ട്രീയമാണെന്നും സംസ്ഥാനം ഭരിക്കുന്നത് സിപിഎമ്മും സിപിഐ എന്നീ രാഷ്ട്രീയ പാര്‍ട്ടികള്‍ ചേര്‍ന്നാണെന്നും കുമ്മനം ഹര്‍ജിയില്‍ പറയുന്നു. രണ്ടുപാര്‍ട്ടികളും പൗരത്വഭേദഗതി നിയമത്തെ ചോദ്യം ചെയ്ത് രംഗത്തുവന്നവരാണെന്നും കുമ്മനം പറയുന്നു. 

മന്ത്രിസഭയുടെ നിര്‍ബന്ധത്തിലാണ് ചീഫ് സെക്രട്ടറി സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഏതെങ്കിലും തരത്തില്‍ പൗരത്വനിയമഭേദഗതി സംസ്ഥാനത്തെ ജനങ്ങളുടെ അവകാശം ഹനിക്കുന്നുവെന്ന് വ്യക്തമാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. മാത്രമല്ല സംസ്ഥാനത്തെ ഗവര്‍ണര്‍ പൗരത്വനിയമത്തെ അംഗീകരിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ഭൂരിപക്ഷം ജനങ്ങളും ഇതിനെ അംഗീകരിക്കുന്നു. ഈ സാഹചര്യത്തില്‍ തന്നെ കൂടി കേസില്‍ കക്ഷിചേര്‍ക്കണമെന്നും കേസിന്റെ ചെലവ് മുഖ്യമന്ത്രിയില്‍ നിന്നും മറ്റ് മന്ത്രിമാരില്‍ നിന്നും ഈടാക്കണമെന്നും കുമ്മനം ഹര്‍ജിയില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com