മറ്റൊരു കൂടത്തായി ചുരുളഴിയുമോ ? ; ആറുമാസം മുമ്പ് സംസ്‌കരിച്ച യുവതിയുടെ മൃതദേഹം പുറത്തെടുത്ത് ഇന്ന് പോസ്റ്റ്‌മോര്‍ട്ടം ; ദുരൂഹത നീക്കാന്‍ ക്രൈംബ്രാഞ്ച്

സിംസണിന്റെ ഭാര്യ ഷീലയുടെ മൃതദേഹമാണ് പള്ളി സെമിത്തേരിയില്‍ നിന്ന് പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തുന്നത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊല്ലം :  ആറു മാസം മുന്‍പ് സംസ്‌കരിച്ച യുവതിയുടെ മൃതദേഹം ഇന്ന് പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തും. യുവതിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ പരാതിയെ തുടര്‍ന്നാണ് പോസ്റ്റ്‌മോര്‍ട്ടം. നാന്തിരിക്കല്‍ ഷിനു ഭവനില്‍ സിംസണിന്റെ ഭാര്യ ഷീലയുടെ മൃതദേഹമാണ് ഇന്ന് സെന്റ് റീത്താസ് പള്ളി സെമിത്തേരിയില്‍ നിന്ന് പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തുന്നത്.

കഴിഞ്ഞ ജുലൈ 29ന് രാത്രി 10ന് വീട്ടില്‍ നിന്ന് അവശനിലയില്‍ കുണ്ടറയിലെ സ്വകാര്യ ആശുപത്രിയിലും അവിടെ നിന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ച നിലയിലായിരുന്നു. മരണത്തില്‍ ദുരൂഹതയുള്ളതായി സഹോദരി ഷീനയും, മാതാവ് സ്റ്റാന്‍സിയും പറഞ്ഞെങ്കിലും പോസ്റ്റ്‌മോര്‍ട്ടം നടത്താതെ ഷീലയുടെ മൃതദേഹം 31ന് പള്ളി സെമിത്തേരിയില്‍ സംസ്‌ക്കരിക്കുകയായിരുന്നു.

ഷിലയുടെ മരണത്തില്‍ ഭര്‍ത്താവ്, മകന്‍, രണ്ട് ബന്ധുക്കള്‍, ഗ്രാമ പഞ്ചായത്തംഗം എന്നിവര്‍ക്ക് പങ്കുണ്ടെന്നും മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്നും ഷീലയുടെ മാതാവ് സ്റ്റാന്‍സി കൊല്ലം റൂറല്‍ എസ്പിക്ക് പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണം റൂറല്‍ പൊലീസ് ക്രൈംബ്രാഞ്ചിന് കൈമാറി. തുടര്‍ന്ന് ക്രൈംബ്രാഞ്ച് വിശദമായി അന്വേഷണം നടത്തി.

മരണകാരണം കണ്ടെത്താന്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്ന് തീരുമാനിക്കുകയായിരുന്നു. ഇന്നു രാവിലെ ആര്‍ഡിഒയുടെ സാന്നിധ്യത്തില്‍ പൊലീസ് സര്‍ജനാണ് പോസ്റ്റുമോര്‍ട്ടത്തിന് നേതൃത്വം നല്‍കുന്നത്.. ക്രൈംബ്രാഞ്ച്, പൊലീസ്, മെഡിക്കല്‍ ടീം, ഫോറന്‍സിക് വിദഗ്ധര്‍, പള്ളി അധികാരികള്‍, ഷീലയുടെ ബന്ധുക്കള്‍ തുടങ്ങിയവരും സ്ഥലത്തുണ്ടാകും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com