ലഹരി ഉപയോ​ഗിക്കുന്നവരും അക്രമികളും ഇനി എസ്എഫ്ഐയിൽ വേണ്ട; പേരുദോഷം മാറ്റും, സംഘടനരേഖ പരിഷ്കരിക്കുന്നു

ലഹരി ഉപയോ​ഗിക്കുന്നവരും അക്രമികളും ഇനി എസ്എഫ്ഐയിൽ വേണ്ട; പേരുദോഷം മാറ്റും, സംഘടനരേഖ പരിഷ്കരിക്കുന്നു

23 വർഷം പഴക്കമുള്ള സംഘടനാരേഖ സമഗ്രമായി പരിഷ്‌കരിക്കാനുള്ള നടപടി എസ്എഫ്ഐ ആരംഭിച്ചു

തിരുവനന്തപുരം; ലഹരിഉപയോ​ഗിക്കുന്നവരേയും അക്രമണങ്ങൾക്ക് നേതൃത്വം നൽകുന്നവരേയും സംഘടനാപ്രവർത്തനങ്ങളിൽ നിന്ന് മാറ്റിനിർത്താൻ എസ്എഫ്ഐ. പ്രവർത്തകരുടെ പെരുമാറ്റം സംഘടനക്ക് പേരുദോഷമുണ്ടാക്കിയ പശ്ചാത്തലത്തിലാണ് നടപടി. ഇതിന്റെ ഭാ​ഗമായി 23 വർഷം പഴക്കമുള്ള സംഘടനാരേഖ സമഗ്രമായി പരിഷ്‌കരിക്കാനുള്ള നടപടി എസ്എഫ്ഐ ആരംഭിച്ചു.

നേതാക്കൾ അധികാരകേന്ദ്രങ്ങളാകുന്നത് അവസാനിപ്പിക്കണമെന്നും അക്രമങ്ങൾ അവസാനിപ്പിക്കണമെന്നുമാണ് പുതിയ നിർദേശങ്ങൾ. കരട് സംഘടനാരേഖ ചർച്ചചെയ്യാനായി എസ്.എഫ്.ഐ. സംസ്ഥാന കൺവൻഷൻ തിരുവനന്തപുരത്ത് നടന്നു. യൂണിറ്റ് തലംവരെ അഭിപ്രായംതേടും. നിർദേശങ്ങളെല്ലാം പരിശോധിച്ച ശേഷമാണ് സംഘടനാരേഖയ്ക്ക് അന്തിമരൂപം നൽകുക.

വ്യക്തിശുദ്ധിയും പഠനമികവും രാഷ്ട്രീയബോധവുമാണ് സംഘടനാരംഗത്ത് അനിവാര്യം. അധ്യാപകനോടു കലഹിക്കുകയും കലാലയം അലങ്കോലമാക്കുകയും ചെയ്യുന്നത് സംഘടനാപ്രവർത്തനമല്ല. മറ്റുള്ളവർക്ക് മാതൃകയാവാത്ത വ്യക്തിത്വമുള്ളയാൾക്ക് വിദ്യാർഥികളെ നയിക്കാനാവില്ല.

ലഹരി ഉപയോഗം ഒരുരീതിയിലും അംഗീകരിക്കാനാവില്ല. വിദ്യാർഥികളോടുള്ള നേതാക്കളുടെ ഇടപെടലിൽ പ്രത്യേക ശ്രദ്ധ വേണം. അനാവശ്യ അക്രമസംഭവങ്ങളിൽ സ്ഥിരമായി ഉൾപ്പെടുന്നവരെ ഭാരവാഹിത്വത്തിൽനിന്നും സംഘടനയിൽനിന്നും മാറ്റിനിർത്തണമെന്നും സംഘടനാരേഖ നിർദേശിക്കുന്നു. പ്രവർത്തകർ ചെയ്യുന്ന കുറ്റത്തിന്റെ പാപഭാരം സംഘടന ഏറ്റുവാങ്ങേണ്ട സ്ഥിതിയുണ്ടാകാറുണ്ടെന്ന വിലയിരുത്തലോടെയാണ് കരട് സംഘടനാരേഖ സംസ്ഥാനകമ്മിറ്റി തയ്യാറാക്കിയത്. കാമ്പസുകളിൽ ഗ്യാങ്ങുകൾ രൂപവത്കരിക്കുകയല്ല, രാഷ്ട്രീയബോധമുണ്ടാക്കുകയാണ് പ്രവർത്തകരുടെ കടമയെന്ന് രേഖ പറയുന്നു.

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ നേതാക്കളുടെ പ്രവർത്തനം സംഘടയ്ക്കുണ്ടാക്കിയ പേരുദോഷം കണക്കിലെടുത്താണ് നീക്കം. ആശയരംഗം, പൊതുജനാധിപത്യം, ഗവേഷണ മേഖല, നവമാധ്യമം, പരിസ്ഥിതി സംരക്ഷണം, ലിംഗസമത്വം എന്നിങ്ങനെ വിവിധ ഭാഗങ്ങളായാണ് കരട് തയ്യാറാക്കിയിട്ടുള്ളത്. ട്രാൻസ്ജെൻഡർ വിഭാഗത്തിലുള്ളവർക്ക് പരിഗണനയും സമത്വവും ഉറപ്പാക്കേണ്ടതുണ്ട്. നവമാധ്യമം പ്രധാന ആശയപ്രചാരണ വേദിയാക്കണമെന്ന് എസ്.എഫ്.ഐ. അംഗങ്ങളോട് ആവശ്യപ്പെടുന്നു. സംസ്ഥാനതലം മുതൽ എല്ലാ ഘടകത്തിലും നവമാധ്യമ സമിതി രൂപവത്കരിക്കണമെന്നും നിർദേശിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com