സിലിയെ കൊലപ്പടുത്തിയത് മഷ്‌റൂം ഗുളികയില്‍ സയനൈഡ് ചേര്‍ത്ത്; കുഴഞ്ഞുവീണ സിലിയെ നോക്കി ജോളി ചിരിച്ചു; കൂടത്തായി കേസില്‍ രണ്ടാം കുറ്റപത്രം

കൂടത്തായി കൊലപാതക പരമ്പരയിലെ രണ്ടാമത്തെ കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു
സിലിയെ കൊലപ്പടുത്തിയത് മഷ്‌റൂം ഗുളികയില്‍ സയനൈഡ് ചേര്‍ത്ത്; കുഴഞ്ഞുവീണ സിലിയെ നോക്കി ജോളി ചിരിച്ചു; കൂടത്തായി കേസില്‍ രണ്ടാം കുറ്റപത്രം

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ രണ്ടാമത്തെ കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. മുഖ്യപ്രതി ജോളി ജോസഫിന്റെ ഭര്‍ത്താവ് ഷാജു സഖറിയാസിന്റെ ആദ്യ ഭാര്യ സിലിയെ കൊലപ്പെടുത്തിയ കേസിലാണ് താമരശ്ശേരി മജിസ്‌ട്രേറ്റ് കോടതിയില്‍ 1205 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ 165 സാക്ഷികളാണുള്ളത്. ഭാര്യയുടെ കൊലപാതകത്തില്‍ ഭര്‍ത്താവ് ഷാജുവിന്റെയും പിതാവ് സക്കറിയായുടെയും പങ്ക് തെളിയിക്കാനിയില്ലെന്നും എസ്പി കെജി സൈമണ്‍ പറഞ്ഞു. 

സിലിയെ കൊലപ്പെടുത്താന്‍ ജോളി മുന്‍പും ശ്രമിച്ചിരുന്നു. ആദ്യശ്രമത്തില്‍ വിഷം ഉള്ളില്‍ ചെന്നതായി ഡോക്ടര്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ അന്ന് ആരും ഇത് ഗൗരവത്തിലെടുത്തിരുന്നില്ല. അന്ന് അത് പരിശോധിച്ചാല്‍ സിലിയുടെ ശരീരത്തില്‍ വിഷം വന്നത് എങ്ങനെയെന്ന് കണ്ടെത്താമായിരുന്നു. ഒരുപക്ഷെ സിലി കൊല്ലപ്പെടില്ലായിരുന്നു. വിഷത്തിന്റെ അളവ് കണ്ടെത്തിയ ഡോക്ടര്‍ ഇപ്പോള്‍ വിദേശത്താണ്. അയാള്‍ മടങ്ങിവന്നു. കേസില്‍ അദ്ദേഹത്തിന്റെ മൊഴി വളരെ പ്രധാനപ്പെട്ടതാണെന്നും എസ്പി പറഞ്ഞു. 

രണ്ടാമത്തെ തവണ മഷ്‌റൂം ഗുളികയില്‍ സയനൈഡ് ചേര്‍ത്താണ് ജോളി സിലിയെ കൊലപ്പെടുത്തിയത്. തളര്‍ന്നുവീണ സിലിയെ ആശുപത്രിയിലെത്തിക്കുന്നതിനായി ദീര്‍ഘമായ വഴിയിലൂടെയാണ് പോയത്. സമീപത്ത് ആശുപത്രിയുണ്ടായിട്ടും അവിടെ കൊണ്ടുപോകാന്‍ തയ്യാറായില്ല. സംശയങ്ങള്‍ തോന്നാതിരിക്കാന്‍ കൊലപാതകത്തിന് മുന്‍പ് എല്ലാ ഒരുക്കങ്ങളും ചെയ്തിരുന്നു. മകന്റെ മൊഴിയും കേസില്‍ നിര്‍ണായകമായി. മരിക്കുന്നതിന് മുന്‍പ് അമ്മയുടെ മുഖം ചുവന്ന് തുടുത്തിരുന്നു. ആശുപത്രിയില്‍ അമ്മയുടെ വയ്യായ്ക കണ്ട് നോക്കിനിന്നപ്പോള്‍ ജോളി 50 രൂപ നല്‍കി മകനെ ഐസ്‌ക്രീം കഴിക്കാനായി പറഞ്ഞുവിട്ടു. തുടര്‍ന്നുണ്ടായ സംശയത്തില്‍ മകന്‍ മുകളിലോട്ട് വന്നപ്പോള്‍ മരണാസന്നയായ അമ്മയെ നോക്കി ചിരിക്കുന്നതാണ് കണ്ടതെന്ന് എസ് പി പറഞ്ഞു. 

എന്നാല്‍ സിലിയുടെ  കൊലപാതകവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് ഷാജുവിന്റെയും പിതാവ് സക്കറിയുടെയും  പങ്ക് കണ്ടെത്താനായിട്ടില്ല. ഷാജുവും ജോളിയും തമ്മിലുള്ള ബന്ധത്തില്‍ സിലിയ്ക്ക് വലിയ വിഷമങ്ങളുണ്ടായിരുന്നെങ്കിലും സിലി  ഇക്കാര്യം ആരോടും പറയാന്‍ തയ്യാറായിട്ടില്ലെന്നും അന്വേഷണം സംഘം വ്യക്തമാക്കി. കേസില്‍ പൊലീസ് സമാഹരിച്ച തെളിവുകള്‍ കൃത്യവും ഉറച്ചതുമാണ്. രാസപരിശോധനാ തെളിവില്ലെങ്കിലും കേസ് നിലനില്‍ക്കുമെന്ന് എസ്പി വ്യക്തമാക്കി
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com