ഒരു കൂട്ടർ എംഎൽഎയാകാനും എംപിയാവാനും കെപിസിസി ഭാരവാഹിയാകാനും മറ്റുളളവർ വിറക് വെട്ടാനും വെളളം കോരാനും: തുറന്നടിച്ച് കെ മുരളീധരൻ
By സമകാലിക മലയാളം ഡെസ്ക് | Published: 18th January 2020 05:02 PM |
Last Updated: 18th January 2020 05:02 PM | A+A A- |

തിരുവനന്തപുരം: ഇരട്ടപദവി വഹിക്കാൻ കരുക്കൾ നീക്കുന്ന നേതാക്കൾക്കെതിരെ രൂക്ഷ വിമർശനവുമായി കെ മുരളീധരൻ എംപി. എംഎൽഎയാകാനും എംപിയാവാനും കെപിസിസി ഭാരവാഹിയാകാനും ഒരു കൂട്ടരും ബാക്കിയുള്ളവർ വിറക് വെട്ടാനും വെള്ളം കോരാനുമെന്ന അവസ്ഥയാണ് നിലനിൽക്കുന്നത്. ഇതിനോട് തനിക്ക് യോജിപ്പില്ലെന്ന് മുരളീധരൻ പറഞ്ഞു.
താനുൾപ്പെടെയുള്ള എംപിമാർക്കും എംഎൽഎമാർക്കും ധാരാളം ജോലികളുണ്ട്. അതിനിടയിൽ പാർട്ടി ഭാരവാഹിത്വം കൂടി വഹിക്കുന്നത് എളുപ്പമുള്ള കാര്യമല്ല. കെപിസിസി വർക്കിംഗ് പ്രസിഡന്റ് സ്ഥാനം ഒഴിയാനുള്ള തന്റെ താൽപര്യം കോണ്ഗ്രസ് അധ്യക്ഷനെ അറിയിച്ചിട്ടുണ്ടെന്നും മുരളീധരൻ വ്യക്തമാക്കി.
കെപിസിസി പുനസംഘടനയിൽ ജംബോ പട്ടിക വരുന്നതിനേയും മുരളീധരൻ എതിർത്തു. സംഘടനയെ ശക്തിപ്പെടുത്താൻ ഭാരവാഹികളുടെ എണ്ണം കൂട്ടുന്നതിൽ യാതൊരു കാര്യവുമില്ല. എണ്ണം കുറയുന്നതാണ് സംഘടനയ്ക്ക് എപ്പോഴും നല്ലതെന്നും മുരളീധരൻ പറഞ്ഞു.