'താങ്കള്‍ വിചാരിക്കുന്നത് എസ്എഫ്‌ഐക്കാര്‍ക്ക് തീരെ സംഘടനാബോധം ഇല്ല എന്നാണോ?' ; ജയരാജന് മറുപടിയുമായി അലന്റെ അമ്മ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th January 2020 11:01 AM  |  

Last Updated: 18th January 2020 11:01 AM  |   A+A-   |  

ഫയല്‍ ചിത്രം


 

കോഴിക്കോട് : സിപിഎം നേതാവ് പി ജയരാജന് മറുപടിയുമായി പന്തീരാങ്കാവ് കേസില്‍ യുഎപിഎ ചുമത്തി ജയിലില്‍ അടച്ച അലന്‍ ഷുഹൈബിന്റെ അമ്മ രംഗത്തെത്തി. അലന്‍ ഒരിക്കലും എസ്എഫ്‌ഐയില്‍ സജീവമായിരുന്നില്ല. ഞങ്ങളുടെ വീടിന് അടുത്തുള്ള പ്രാദേശിക സിപിഎമ്മുമായി ചേര്‍ന്നാണ് അവന്‍ പ്രവര്‍ത്തിച്ചിരുന്നത്. പാലയാട് കാമ്പസിലും അവന്‍ സജീവ എസ്എഫ്‌ഐക്കാരനായിരുന്നില്ല. അങ്ങനെ എസ്എഫ്‌ഐയില്‍ പ്രവര്‍ത്തിക്കാത്ത ഒരാള്‍ക്ക് എങ്ങനെയാണ് എസ്എഫ്‌ഐക്കാരെ മാവോയിസ്റ്റ് ആക്കി മാറ്റാന്‍ സാധിക്കുക.

താങ്കള്‍ വിചാരിക്കുന്നത് എസ്എഫ്‌ഐക്കാര്‍ക്ക് തീരെ സംഘടനാബോധം ഇല്ല എന്നാണോ? മാവോയിസത്തിലേക്ക് ആകര്‍ഷിച്ച ഏതെങ്കിലും ഒരുഎസ്എഫ്‌ഐക്കാരനെ ഉദാഹരണമായി കാണിക്കാമോ ...എന്നും അലന്റെ അമ്മ സബിത ശേഖര്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ ചോദിച്ചു. അലനും താഹയും എസ്എഫ്‌ഐയുടെ മറവില്‍ മാവോയിസം പ്രചരിപ്പിച്ചവരാമെന്നായിരുന്നു പി ജയരാജന്‍ അഭിപ്രായപ്പെട്ടത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

സഖാവ് പി. ജയരാജന്‍ വായിച്ചറിയുവാന്‍ ...
താങ്കള്‍ ഇന്നലെ KLF വേദിയില്‍ പറഞ്ഞത് വാര്‍ത്തകളിലൂടെ അറിഞ്ഞു.
' അലന്‍ SFI യില്‍ നിന്നു ക്കൊണ്ട് മാവോയിസ്റ്റ് പ്രവര്‍ത്തനം നടത്തി '
സഖാവ് മനസ്സിലാക്കേണ്ട കാര്യം അലന്‍ SFI യില്‍ ഒരിക്കലും സജീവമായിരുന്നില്ല. ഞങ്ങളുടെ വീടിന് അടുത്തുള്ള പ്രാദേശിക CPIM വുമായി ചേര്‍ന്നാണ് അവന്‍ പ്രവര്‍ത്തിച്ചിരുന്നത്. പാലയാട് കാമ്പസിലും അവന്‍ സജീവ SFI ക്കാരനായിരുന്നില്ല. അങ്ങനെ SFI യില്‍ കാര്യമായി പ്രവര്‍ത്തിക്കാത്ത ഒരാള്‍ക്ക് എങ്ങനെയാണ് SFI ക്കാരെ മാവോയിസ്റ്റ് ആക്കി മാറ്റാന്‍ സാധിക്കുക. താങ്കള്‍ വിചാരിക്കുന്നത് SFI ക്കാര്‍ക്ക് തീരെ സംഘടനാബോധം ഇല്ല എന്നാണോ? അലന്‍ മാവോയിസത്തിലേക്ക് ആകര്‍ഷിച്ച ഏതെങ്കിലും ഒരു SFI ക്കാരനെ ഉദാഹരണമായി കാണിക്കാമോ ...
സഖാവ് ഒരു വേദിയില്‍ കാര്യങ്ങള്‍ പറയുമ്പോള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതായിരുന്നു.
സഖാവേ അവന്റെ കൂടെയുള്ളത് സത്യസന്ധമായി മതേതരമായി ജീവിക്കുന്ന അമ്മയും അച്ഛനുമാണുള്ളത് ... അവന്റെ നിരപരാധിത്വം തെളിയിക്കാന്‍ ഞങ്ങള്‍ പോരാടുക തന്നെ ചെയ്യും .

അലന്റെ അര്‍ബന്‍ സെക്കുലര്‍ അമ്മ