മീന്‍കാരനും കൂലിപ്പണിക്കാര്‍ക്കും മാത്രമല്ല റോഡ് നിയമങ്ങള്‍ ബാധകം ; ഹെല്‍മെറ്റ് വെക്കാത്ത ജനപ്രതിനിധിയെ പിഴ അടപ്പിച്ച് എസ്‌ഐ ; കയ്യടി
By സമകാലിക മലയാളം ഡെസ്‌ക് | Published: 18th January 2020 01:57 PM |
Last Updated: 18th January 2020 01:57 PM | A+A A- |
കൊല്ലം : ഹെല്‍മെറ്റ് ധരിച്ച് വാഹനം ഓടിക്കാവൂ എന്ന ഗതാഗത നിയമം ലംഘിച്ചതിന് ജനപ്രതിനിധി പിടിയിലായി. ഹെല്‍മറ്റില്ലാത്തതിനാല്‍ കൈകാണിച്ച പൊലീസുകാരനോട് ഞാന്‍ ജനപ്രതിനിധിയാണെന്ന് നിങ്ങള്‍ എസ്‌ഐയോട് പറഞ്ഞാല്‍ മതിയെന്നായിരുന്നു ഇദ്ദേഹത്തിന്റെ മറുപടി. റോഡ് നിയമങ്ങള്‍ പാലിക്കാന്‍ ജനപ്രതിനിധികളും ബാധ്യസ്ഥരാണെന്ന് എസ്‌ഐ മറുപടിയും നല്‍കി. നിയമലംഘനത്തിനെതിരെ വിട്ടുവീഴ്ചയില്ലാതെ നടപടി സ്വീകരിച്ച പൊലീസുകാരുടെ പ്രവൃത്തി സമൂഹമാധ്യമങ്ങളില്‍ വൈറലായി.
ശാസ്താംകോട്ട പഞ്ചായത്ത് വൈസ് പ്രസിഡന്റ് കൃഷ്ണകുമാറാണ് ഹെല്‍മെറ്റ് ധരിക്കാതെ ഇരുചക്രവാഹനം ഓടിച്ചതിന് പിടിയിലായത്. വാഹനം നിര്‍ത്തിയ കൃഷ്ണകുമാര്‍, പൊലീസ് കൈകാണിച്ചതിന് പൊലീസുകാരനോട് തട്ടിക്കയറുന്നത് ദൃശ്യങ്ങളിലുണ്ട്. വണ്ടിയുടെ മുന്നില്‍ കയറി നിന്നതിനെയും ഇദ്ദേഹം ചോദ്യം ചെയ്തു. എന്നാല്‍ വണ്ടി നിര്‍ത്തിയതിന് ശേഷമാണ് പൊലീസ് മുന്നില്‍ കയറി നിന്നതെന്നും, നാട്ടുകാര്‍ ഇതെല്ലാം കണ്ടു കൊണ്ട് നില്‍ക്കുകയാണെന്നും എസ്‌ഐ ഷുക്കൂര്‍ മറുപടി നല്‍കി.
വണ്ടി ചെക്ക് ചെയ്യേണ്ടത് പൊലീസിന്റെ കടമയാണ്. അത് ചെയ്യും. നിങ്ങള്‍ തീവ്രവാദിയായതുകൊണ്ടല്ല, ഞങ്ങള്‍ പരിശോധിക്കുന്നത് ഹെല്‍മെറ്റ് വെച്ചോ എന്നാണ്. നിങ്ങള്‍ ഒരിക്കലും ഹെല്‍മെറ്റ് വെക്കാറില്ലെന്നും എസ്‌ഐ പറയുന്നു. ഹെല്‍മറ്റ് വെക്കാത്തതിന് പിഴ അടയ്ക്കണമെന്നും എസ്‌ഐ ആവശ്യപ്പെട്ടു. നിങ്ങള്‍ പൊതുപ്രവര്‍ത്തകനാണ്. സര്‍ക്കാരിന്റെ കാര്യങ്ങളെ വെ്ല്ലുവിളിക്കരുതെന്നും എസ്‌ഐ ആവശ്യപ്പെട്ടു.
റോഡ് നിയമങ്ങള്‍ മീന്‍കാരനും കൂലിപ്പണിക്കാര്‍ക്കും മാത്രമല്ല അത് ജനപ്രതിനിധികള്‍ക്കും ബാധകമാണെന്ന് പറഞ്ഞ് മനസിലാക്കുകയും എസ്.ഐ അവിടെ വെച്ച് തന്നെ പിഴ ചുമത്തുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം. ഇതിനു മുന്‍പും ഇതേ കാരണത്താല്‍ പലതവണ കൈകാണിച്ചിട്ടും കൃഷ്ണകുമാര്‍ നിര്‍ത്തിയിട്ടില്ലെന്ന് പൊലീസ് പറയുന്നതും വീഡിയോയിലുണ്ട്.