മുട്ടിലിഴഞ്ഞു ദേശീയപാതയിലേക്ക് ഒന്നരവയസ്സുകാരൻ, മീൻവണ്ടി റോഡിനു കുറുകെ നിർത്തി കുഞ്ഞിനെ വാരിയെടുത്തു; രക്ഷപെട്ടത് തലനാരിഴയ്ക്ക്

By സമകാലിക മലയാളം ഡെസ്‌  |   Published: 18th January 2020 07:49 AM  |  

Last Updated: 18th January 2020 08:06 AM  |   A+A-   |  

baby

 

കൊല്ലം‌:  ദേശീയപാതയിലേക്ക് വീട്ടിൽനിന്നു മുട്ടിലിഴഞ്ഞും പിച്ചവച്ചും എത്തിയ ഒന്നരവയസ്സുകാരനെ തലനാരിഴയ്ക്ക് രക്ഷപെടുത്തി. കൊല്ലത്തു നിന്നു തിരുവനന്തപുരത്തേക്ക് മീനുമായി പോയ വണ്ടിക്കാരാണ് കുഞ്ഞിനെ രക്ഷിച്ചത്. മീൻവണ്ടി റോഡിനു കുറുകെ നിർത്തി ​ഗതാ​ഗതം ത
ടസ്സപ്പെടുത്തിയാണ് കുരുന്നു ജീവൻ രക്ഷിച്ചത്.

ഇന്നലെ രാവിലെ പാരിപ്പള്ളിക്കു സമീപമാണ് സംഭവമുണ്ടായത്. കുഞ്ഞിനെ രക്ഷിച്ച വാനിലുണ്ടായിരുന്നവർ ആരെന്ന് അറിയില്ലെങ്കിലും തക്കസമയത്ത് രക്ഷകരായെത്തിയ അവർക്ക് നന്ദിപറയുകയാണ് കുട്ടിയുടെ മാതാപിതാക്കളും അയൽക്കാരും.

റോഡിൽ നിന്ന് 20 മീറ്റർ അകലെയാണ് കുട്ടിയുടെ വീട്. രാവിലെ അച്ഛൻ മുറ്റത്തേക്കിറങ്ങിയപ്പോൾ ഒപ്പമിറങ്ങിയതായിരുന്നു അവൻ. കുഞ്ഞ് റോഡിലേക്കെത്തിയത് വീട്ടിലുണ്ടായിരുന്ന ആരും അറിഞ്ഞില്ല. കുഞ്ഞ് പിച്ചവെച്ച് ദേശീയപാതയുടെ മധ്യഭാഗത്തേക്ക് എത്തിയപ്പോഴാണ് മീൻവണ്ടി വന്നത്. കുഞ്ഞിനെ കണ്ടതും വണ്ടി റോഡിന് കുറുകെ നിർത്തിയിടുകയായിരുന്നു ഡ്രൈവർ. വാനിൽ ഡ്രൈവർക്കൊപ്പം ഉണ്ടായിരുന്ന ആൾ ഓടിയിറങ്ങി കുഞ്ഞിനെ എടുത്തു. ഇരുവശത്തുനിന്നും വന്ന അൻപതിലേറെ വാഹനങ്ങൾ ആ സമയം റോഡിൽ നിരനിരയായി കിടന്നു.

റോഡിൽ നിന്ന് ഹോണടികളുടെ ശബ്ദം കേട്ടപ്പോൾ അപകടം നടന്നതാകാം എന്നാണ് വീട്ടുകാർ കരുതിയത്. കുഞ്ഞ് പുറത്തുകടന്നത് അപ്പോഴും അവർ അറിഞ്ഞിരുന്നില്ല. ബഹളം കേട്ടു  വാഹനാപകടം ആണെന്നു കരുതിയാണ് എല്ലാവരും ഓടിക്കൂടിയത്. പൊന്നോമനയെ ഒരു പോറൽപോലും ഏൽക്കാതെ തിരികെക്കിട്ടിയതിലുള്ള ആശ്വാസത്തിലാണ് മാതാപിതാക്കൾ. ഇവർക്ക് 4 വയസ്സുള്ള ഒരു മകൻ കൂടെയുണ്ട്.