മൃതദേഹത്തിന് അരികില്‍ വിഷക്കുപ്പി, ആത്മഹത്യയായി ചിത്രീകരിച്ചു, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് 'വഴിതെളിച്ചു'; മൂന്നു വര്‍ഷം മുന്‍പത്തെ ആദിവാസി യുവാവിന്റെ മരണത്തിന്റെ ചുരുളഴിഞ്ഞു
By സമകാലിക മലയാളം ഡെസ്‌ക് | Published: 18th January 2020 02:57 PM |
Last Updated: 18th January 2020 03:03 PM | A+A A- |
കല്‍പ്പറ്റ: വയനാട് കേണിച്ചിറയില്‍ മൂന്നുവര്‍ഷം മുന്‍പ് ആദിവാസി യുവാവ് മരിച്ച സംഭവത്തിന്റെ ചുരുളഴിഞ്ഞു. ക്രൈംബ്രാഞ്ച് നടത്തിയ വിശദമായ അന്വേഷണത്തില്‍ ആദിവാസി യുവാവിന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. ദൃക്‌സാക്ഷികളുടെ മൊഴിയുടെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ കേണിച്ചിറ സ്വദേശി വി ഇ തങ്കപ്പനും മകന്‍ സുരേഷും ചേര്‍ന്ന് യുവാവിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് കണ്ടെത്തി. ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി. കേണിച്ചിറ അതിരാറ്റ് പാടി കോളനിയിലെ മണിയാണ് കൊലപ്പെട്ടത്.
2016ലാണ് സംഭവം. തങ്കപ്പന്റെ വീട്ടിലെ ജോലിക്കാരനായിരുന്നു മണി. കൂലി വര്‍ധന ആവശ്യപ്പെട്ടതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. മകളുടെ വിവാഹവുമായി ബന്ധപ്പെട്ട് കൂലി വര്‍ധന ചോദിച്ചതാണ് പ്രകോപനത്തിന് കാരണം. തങ്കപ്പനും മകനും ചേര്‍ന്നാണ് കൊല നടത്തിയത്. തങ്കപ്പന്‍ പിടിച്ചുനിര്‍ത്തിയ ശേഷം മകനായ സുരേഷ് മണിയെ ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നുവെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. തുടര്‍ന്ന് മൃതദേഹം തോട്ടത്തിലേക്ക് മാറ്റി. ആത്മഹത്യയാണെന്ന് വരുത്തിതീര്‍ക്കാന്‍ വിഷകുപ്പി മൃതദേഹത്തിന് സമീപം വെക്കുകയായിരുന്നുവെന്നും ക്രൈംബ്രാഞ്ച് അന്വേഷണ സംഘം പറയുന്നു.
കൊലപാതകത്തിന്റെ തുടക്കത്തില്‍ ലോക്കല്‍ പൊലീസാണ് കേസ് അന്വേഷിച്ചിരുന്നത്. കൊലപാതകമാണെന്ന് കണ്ടെത്തുന്നതിനുളള തുമ്പൊന്നും ലഭിച്ചിരുന്നില്ല. തുടര്‍ന്ന് കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.
അടുത്തിടെ കേസുകളുടെ ഫയലുകള്‍ തിരഞ്ഞപ്പോള്‍ ഈ സംഭവം ശ്രദ്ധയില്‍പ്പെടുകയും വിശദമായി അന്വേഷണം നടത്താന്‍ തീരുമാനിക്കുകയുമായിരുന്നു. വിഷത്തിന്റെ കാര്യം പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയാത്തതാണ് വീണ്ടും വിശദമായി അന്വേഷിക്കാന്‍ അന്വേഷണസംഘത്തെ പ്രേരിപ്പിച്ചത്. തുടര്‍ന്ന് ഇതിന്റെ അടിസ്ഥാനത്തില്‍ ദൃക്‌സാക്ഷികളുടെ മൊഴി വീണ്ടും രേഖപ്പെടുത്തിയപ്പോള്‍, മരണം കൊലപാതകമാണെന്ന് കണ്ടെത്തി. പിന്നീട് നടത്തിയ അന്വേഷണം പ്രതികളില്‍ എത്തുകയായിരുന്നുവെന്ന് ക്രൈംബ്രാഞ്ച് പറയുന്നു.