കേരളത്തിലെ ഗവര്‍ണര്‍ ദൈവത്തിനും മുകളിലെന്ന് കരുതുന്നു ; പ്രവര്‍ത്തിക്കേണ്ടത് മന്ത്രിസഭാ തീരുമാനപ്രകാരം : കപില്‍ സിബല്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th January 2020 12:16 PM  |  

Last Updated: 18th January 2020 12:16 PM  |   A+A-   |  


 

മലപ്പുറം : ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. കേരളത്തിലെ ഗവര്‍ണര്‍ ദൈവത്തിനും മുകളിലാണെന്ന് കരുതുന്നതായി കപില്‍ സിബല്‍ പറഞ്ഞു. ഗവര്‍ണര്‍ എന്നത് ആലങ്കാരിക പദവി മാത്രമാണ്. ഗവര്‍ണര്‍ നിയമത്തിന് അതീതനല്ല. മന്ത്രിസഭയുടെ തീരുമാനങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കേണ്ട പദവിയാണ് ഗവര്‍ണറെന്നും കപില്‍ സിബല്‍ പറഞ്ഞു.

രാജ്യത്തെ നിയമങ്ങള്‍ ഗവര്‍ണര്‍ക്കും ബാധകമാണ്. ജനാധിപത്യ വ്യവസ്ഥിതിയില്‍ ജനഹിതം അറിഞ്ഞ് പ്രവര്‍ത്തിക്കണം. ഭരണഘടന ഗവര്‍ണര്‍ക്ക് ചില അധികാരങ്ങള്‍ നല്‍കുന്നുണ്ട്. ഗവര്‍ണര്‍ ഭരണഘടന വായിക്കാന്‍ തയ്യാറാകണമെന്നും കപില്‍ സിബല്‍ പറഞ്ഞു.

ഇന്ത്യ ഭരിക്കുന്നത് ജനങ്ങളെ കേള്‍ക്കാത്ത സര്‍ക്കാരാണ്. ഇന്ത്യയിലെ ജനങ്ങള്‍ നരേന്ദ്രമോദിയെ ഭയപ്പെടുന്നില്ല. രാജ്യത്തെ സര്‍വകലാശാലകള്‍ കലാപഭൂമിയാക്കി ആശയങ്ങളെ അടിച്ചമാര്‍ത്താമെന്നത് വ്യാമോഹം മാത്രമാണ്. സര്‍വകലാശാലകളെ ആദ്യം തകര്‍ക്കുക എന്നതായിരുന്നു ഹിറ്റ്‌ലറുടേയും നയം. അതാണ് ഡല്‍ഹിയില്‍ ഇപ്പോള്‍ നടപ്പാക്കുന്നത്.

സര്‍വകലാശാല വിദ്യാര്‍ത്ഥികളെ ഗുണ്ടകളെ ഉപയോഗിച്ച് മര്‍ദിക്കുകയാണ് ചെയ്യുന്നത്. സര്‍വകലാശാലകളിലും രാജ്ഭവനുകളിലും ആര്‍എസ്എസിന്റെ ഇഷ്ടക്കാരെയാണ് നിയമിക്കുന്നത്. ഭരണഘടനാ മൂല്യങ്ങള്‍ തകര്‍ക്കാന്‍ ശ്രമിച്ചാല്‍ കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ തെരുവിലിറങ്ങുമെന്നും കപില്‍ സിബല്‍ മുന്നറിയിപ്പ് നല്‍കി.