ഗവര്‍ണറുടെ സമ്മതം വാങ്ങേണ്ട കാര്യമില്ല ; ചട്ടങ്ങളില്‍ പറയുന്നില്ലെന്ന് മന്ത്രി എകെ ബാലന്‍

ഗവര്‍ണറുടെ സമ്മതം വാങ്ങണമെന്ന് ഭരണഘടനയിലോ, റൂള്‍സ് ഓഫ് ബിസിനസ്സിലോ, നിയമസഭ നിയന്ത്രിക്കുന്ന ചട്ടങ്ങളിലോ ഇല്ല
ഗവര്‍ണറുടെ സമ്മതം വാങ്ങേണ്ട കാര്യമില്ല ; ചട്ടങ്ങളില്‍ പറയുന്നില്ലെന്ന് മന്ത്രി എകെ ബാലന്‍

തിരുവനന്തപുരം :  ഗവര്‍ണറുടെ അധികാരത്തെ സര്‍ക്കാര്‍ ചോദ്യം ചെയ്തിട്ടില്ലെന്ന് മന്ത്രി എ കെ ബാലന്‍ പറഞ്ഞു. ഗവര്‍ണര്‍ക്ക് അങ്ങനെ തോന്നുന്നുവെങ്കില്‍ വിഷമമുണ്ട്. ഗവര്‍ണറുടെ ആശങ്ക പരിഹരിക്കാന്‍ നടപടിയെടുക്കും. ഗവര്‍ണറുമായി ഏറ്റുമുട്ടാന്‍ സര്‍ക്കാര്‍ ഉദ്ദേശിച്ചിട്ടില്ലെന്നും മന്ത്രി ബാലന്‍ പറഞ്ഞു.

ഗവര്‍ണറുടെ സമ്മതം വാങ്ങണമെന്ന് ഭരണഘടനയിലോ, റൂള്‍സ് ഓഫ് ബിസിനസ്സിലോ, നിയമസഭ നിയന്ത്രിക്കുന്ന ചട്ടങ്ങളിലോ ഇല്ല. കേന്ദ്രസര്‍ക്കാരുമായി സംസ്ഥാന സര്‍ക്കാര്‍ ഏറ്റുമുട്ടലുകള്‍ ഉണ്ടാക്കുന്ന വിഷയത്തില്‍ ഗവര്‍ണറെ അറിയിക്കണമെന്ന് നിര്‍ദേശമുണ്ട്. എന്നാല്‍ ഗവര്‍ണറുടെ സമ്മതം വാങ്ങണമെന്ന് പറയുന്നില്ല. ഇവിടെ ഏറ്റുമുട്ടലിന്റെ പ്രശ്‌നവുമില്ല.

കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഒരു നിയമം ഭരണഘടനാ വിരുദ്ധമാണ് എന്ന കാര്യത്തില്‍, ഭരണഘടനയുടെ 131 -ാം വകുപ്പ് ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള ഒരു സിവില്‍ സ്യൂട്ടാണ് സര്‍ക്കാര്‍ ഫയല്‍ ചെയ്തത്. അത് കേന്ദ്രവുമായി ഒരുരൂപത്തിലുമുള്ള ഏറ്റുമുട്ടലുമല്ല. പാര്‍ലമെന്റ് പാസ്സാക്കിയ ഭരണഘടനാവിരുദ്ധമായ നിയമത്തിനെതിരെ, ഭരണഘടനാദത്തമായിട്ടുള്ള ഒരു വകുപ്പ് സര്‍ക്കാര്‍ ഉപയോഗിച്ചു എന്നുമാത്രമാണുള്ളത്.  

സംസ്ഥാന സര്‍ക്കാര്‍ കോടതികളുമായോ, കേന്ദ്രസര്‍ക്കാരുമായോ ഏറ്റുമുട്ടുന്ന വിഷയത്തില്‍ ഗവര്‍ണറെ അറിയിക്കണം, അതും സമ്മതം വാങ്ങണമെന്നില്ലെന്നും മന്ത്രി ബാലന്‍ പറഞ്ഞു. 131 വകുപ്പ് സര്‍ക്കാര്‍ ഉപയോഗിക്കുന്നത് ഒരു രൂപത്തിലും കേന്ദ്രവുമായോ ഗവര്‍ണറുമായോ ഏറ്റുമുട്ടലല്ല. ഏതെങ്കിലും തരത്തില്‍ ഗവര്‍ണറുടെ അധികാരത്തെ ചോദ്യം ചെയ്യുന്ന ഒരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി.  

ഈ വിഷയത്തില്‍ നിയമവിദഗ്ധരുമായി ആലോചിച്ച് ഗവര്‍ണര്‍ക്ക് മറുപടി നല്‍കും. മാത്രമല്ല, ഇത് നിയമവിരുദ്ധമാണെങ്കില്‍ കോടതിക്ക് തന്നെ പറയാനുള്ള അവസരമുണ്ടല്ലോ. ഗവര്‍ണര്‍ പറഞ്ഞതാണ് ശരിയെങ്കില്‍, സുപ്രീംകോടതിക്ക് ഹര്‍ജി ഫയല്‍ ചെയ്ത സമയത്ത് തന്നെ പറയാനുള്ള അവസരമുണ്ടല്ലോ. ഞങ്ങളുടെ ഭാഗത്ത് നിന്നും ബോധപൂര്‍വ്വം ഒന്നു വന്നിട്ടില്ല. ഗവര്‍ണറുടെ അധികാരത്തില്‍ കൈകടത്താന്‍ ശ്രമിച്ചിട്ടില്ല. ഗവര്‍ണറെ അപമാനിക്കാനും ശ്രമിച്ചിട്ടില്ല. താന്‍ പറഞ്ഞതാണ് സര്‍ക്കാര്‍ നിലപാടെന്നും, ദേശാഭിമാനിയില്‍ വന്ന ലേഖനം വായിച്ചിട്ടില്ലെന്നും നിയമമന്ത്രി എ കെ ബാലന്‍ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com