തദ്ദേശ തെരഞ്ഞെടുപ്പിന് സജ്ജം ; 2015 ലെ വോട്ടര്‍ പട്ടികയില്‍ ആശങ്ക വേണ്ട ; അധികമായി കൂടുക 10 ലക്ഷം പേരെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th January 2020 02:44 PM  |  

Last Updated: 18th January 2020 02:44 PM  |   A+A-   |  


 

തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പിന് സജ്ജമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍. വാര്‍ഡ് വിഭജനം എത്രയും വേഗം പൂര്‍ത്തിയാക്കിയാല്‍ നല്ലത്. ഇന്ന് ഉത്തരവ് കിട്ടിയാല്‍ നാളെ മുതല്‍ നടപടികള്‍ ആരംഭിക്കും. 2015 ലെ വോട്ടര്‍ പട്ടിക അടിസ്ഥാനമാക്കുന്നതില്‍ ആശങ്ക വേണ്ടെന്നും, എന്നാല്‍ താന്‍ വിവാദത്തിനില്ലെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്‌കരന്‍ പറഞ്ഞു.

2015 ലെ വോട്ടര്‍ പട്ടിക അടിസ്ഥാനമാക്കിയാലും 10 ലക്ഷം പേരെ പുതിയതായി പേര് ചേര്‍ക്കേണ്ടതായി വരൂ. സംസ്ഥാനത്തെ 20000 വാര്‍ഡുകളിലായി കണക്കെടുത്താല്‍ ഒരു വാര്‍ഡില്‍ ഇത് 50 പേരേ വരൂ. കമ്മീഷന്‍ കണക്കുകൂട്ടുന്നത് പരമാവധി 100 പേരെയാണ്. അതിനാല്‍ തന്നെ ഇക്കാര്യത്തില്‍ ആശങ്ക എന്താണെന്ന് മനസ്സിലാകുന്നില്ല.

2014 ലെ കണക്കെടുത്താല്‍ പോലും ഒരു വാര്‍ഡില്‍ 50 വോട്ടര്‍മാരേ വര്‍ധിക്കൂ. വാര്‍ഡ് വിഭജനത്തിന് സെന്‍സസ് കമ്മീഷണറുടെ കത്ത് തടസ്സമല്ല. സെന്‍സസ് ആക്ടിന്റേയും പഞ്ചായത്ത് രാജ് ആക്ടിന്റേയും ഒന്നും തടസ്സമാകുന്നില്ല. കാരണം പുതിയ പഞ്ചായത്തും മുനിസിപ്പാലിറ്റിയും വരുന്നില്ല. തീരുമാനിക്കേണ്ടവര്‍ അതൊക്കെ പരിഗണിച്ച് തീരുമാനമെടുക്കട്ടെ. വിവാദങ്ങളെല്ലാം ബന്ധപ്പെട്ടവര്‍ തീര്‍ക്കട്ടെയെന്നും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞു.

പുതിയ വോട്ടര്‍മാരെ ഈ മാസം 20 മുതല്‍ വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കാനാകും. ഫെബ്രുവരി 28 ന് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും. അതിന് ശേഷം രണ്ടു തവണ കൂടി പേര് ചേര്‍ക്കാന്‍ അവസരം നല്‍കും. പേര് ചേര്‍ക്കാനായി ഇന്ന് ഉദ്യോഗസ്ഥര്‍ക്ക് വെബ്‌സൈറ്റ് ഒപ്പണ്‍ ആകും. 20 ന് രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് പേര് ചേര്‍ക്കാനുള്ള പകര്‍പ്പ് നല്‍കുമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്‌കരന്‍ പറഞ്ഞു.