പദവിയുടെ വലിപ്പം മനസ്സിലാക്കാതെ രാഷ്ട്രീയ പ്രസ്താവനകള്‍ നടത്തുന്നു ; ഗവര്‍ണര്‍ക്കെതിരെ സിപിഎം മുഖപത്രം

മന്ത്രിസഭാ തീരുമാനങ്ങള്‍ അറിയിക്കാനുള്ള ഭരണഘടനാ ബാധ്യത മാത്രമേ മുഖ്യമന്ത്രിക്കുള്ളൂ
പദവിയുടെ വലിപ്പം മനസ്സിലാക്കാതെ രാഷ്ട്രീയ പ്രസ്താവനകള്‍ നടത്തുന്നു ; ഗവര്‍ണര്‍ക്കെതിരെ സിപിഎം മുഖപത്രം


തിരുവനന്തപുരം : പൗരത്വ നിയമഭേദഗതി അടക്കമുള്ള വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാരുമായി ഇടഞ്ഞുനില്‍ക്കുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം മുഖപത്രം. ഗവര്‍ണറുടെ രാഷ്ട്രീയക്കളി എന്ന തലക്കെട്ടിലാണ് ദേശാഭിമാനി മുഖപ്രസംഗം എഴുതിയിട്ടുള്ളത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പദവിയുടെ വലുപ്പം തിരിച്ചറിയാത്തവിധമാണ് രാഷ്ട്രീയ പ്രസ്താവങ്ങള്‍ നടത്തുന്നതെന്ന് ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നു.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരങ്ങളിലെ കേരളത്തിന്റെ പങ്കാളിത്തത്തില്‍ ക്ഷുഭിതനായ ഗവര്‍ണര്‍ സംസ്ഥാനത്തിനെതിരെ കടുത്ത ഭാഷയിലാണ് ഭീഷണി മുഴക്കുന്നത്. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ക്കുപരി ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടത് ഭരണഘടന വിഭാവനം ചെയ്യുംവിധമാണ്. രാഷ്ട്രീയ നിയമനമായ ഗവര്‍ണര്‍ സ്ഥാനവും തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാതെ സംസ്ഥാനത്തിന്റെ കാര്യങ്ങളെല്ലാം തീരുമാനിക്കേണ്ടത് താനാണെന്ന് അദ്ദേഹം തെറ്റിദ്ധരിച്ചുപോയി.

 സര്‍ക്കാരിന്റെ എല്ലാ തീരുമാനവും ഗവര്‍ണറെ അറിയിക്കണമെന്ന് ഭരണഘടനയിലില്ല. അനുച്ഛേദം 167ല്‍ ഇക്കാര്യം വ്യക്തമാണ്. ഗവര്‍ണര്‍ക്ക് വിവരം നല്‍കുന്നതില്‍ മുഖ്യമന്ത്രിയുടെ കര്‍ത്തവ്യങ്ങളാണ് അതില്‍ വിശദീകരിക്കുന്നത്. മന്ത്രിസഭാ തീരുമാനങ്ങള്‍ അറിയിക്കാനുള്ള ഭരണഘടനാ ബാധ്യത മാത്രമേ മുഖ്യമന്ത്രിക്കുള്ളൂ. ഗവര്‍ണര്‍ക്ക് ഭരണഘടന നല്‍കുന്ന അധികാരങ്ങളേ ഉള്ളൂവെന്ന് അതില്‍ കൃത്യമായി പറഞ്ഞു. അതായത് ഗവര്‍ണര്‍ക്ക് സംസ്ഥാനത്തിന്റെ ദൈനംദിന കാര്യങ്ങളില്‍ ഇടപെടാനേ കഴിയില്ല. പൗരത്വ ഭേദഗതി നിയമത്തിനെതിരായ സഭാപ്രമേയം നിയമപരമാണ്. ചട്ടങ്ങളും കീഴ്‌വഴക്കങ്ങളും അനുസരിച്ചാണ് അത് പാസാക്കിയതും. പ്രമേയം പാസാക്കുംമുമ്പ് ഗവര്‍ണറെ അറിയിക്കണമെന്നില്ല.

തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡുവിഭജനം പുനര്‍ക്രമീകരിക്കാനുള്ള ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ മന്ത്രിസഭായോഗം ഗവര്‍ണറോട് ആവശ്യപ്പെട്ടത് ജനുവരി മൂന്നിനാണ്. സഭ ചേരാന്‍ സര്‍ക്കാര്‍ ഇതുവരെ  തീരുമാനിച്ചിട്ടില്ല. സഭ വിളിക്കുകയാണെങ്കില്‍ ഗവര്‍ണറെ വിവരം അറിയിക്കും. അതിനുമുമ്പ് സമ്മേളനം വരാനുണ്ടെന്ന് എങ്ങനെ പറയാനാകും.  സഭയുടെ പൂര്‍ണാധികാരം ഭരണഘടന അംഗീകരിച്ചതാണ്.  സഭാ നടപടികളുടെ സാധുത കോടതിയില്‍പ്പോലും ചോദ്യം ചെയ്യപ്പെടാന്‍ പാടില്ലെന്നും അനുച്ഛേദം 212 അനുശാസിക്കുന്നു.

സ്പീക്കര്‍ അവതരണാനുമതി നല്‍കുകയും സഭ ഏകകണ്ഠമായി പാസാക്കുകയും ചെയ്ത പ്രമേയത്തിന്റെ നിയമ  ഭരണഘടനാ സാധുതകള്‍ സംബന്ധിച്ച പരാമര്‍ശങ്ങള്‍ ഗവര്‍ണറുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത് അനൗചിത്യമാണ്.  കേരള ജനതയുടെ വികാരം പ്രതിഫലിപ്പിക്കുന്ന പ്രമേയത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടി സ്വീകരിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. അത് നിറവേറ്റുന്നതിനാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ അനുച്ഛേദം 131 അനുസരിച്ചുള്ള സ്യൂട്ട് ഫയല്‍ ചെയ്തത്. സഭ ഏകകണ്ഠമായി പാസാക്കിയ പ്രമേയം ജനങ്ങളുടെ അഭിപ്രായമായി കാണുന്നതിന് പകരം വിമര്‍ശിക്കുന്നതും തുടര്‍നടപടികളെ ചോദ്യംചെയ്യുന്നതും സത്യപ്രതിജ്ഞാ ലംഘനമാണെന്നും മുഖപ്രസംഗത്തില്‍ വ്യക്തമാക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com