പൗരത്വ നിയമഭേദഗതി : സുപ്രീംകോടതിയെ സമീപിച്ചതില്‍ ഗവര്‍ണര്‍ സര്‍ക്കാരിനോട് വിശദീകരണം തേടി
By സമകാലിക മലയാളം ഡെസ്‌ക് | Published: 19th January 2020 11:42 AM |
Last Updated: 19th January 2020 11:42 AM | A+A A- |
തിരുവനന്തപുരം : പൗരത്വ നിയമഭേദഗതിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചതില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിശദീകരണം തേടി. സംസ്ഥാന ചീഫ് സെക്രട്ടറിയോടാണ് ഗവര്‍ണര്‍ വിശദീകരണം തേടിയത്. സര്‍ക്കാര്‍ കോടതിയെ സമീപിച്ചത് ചട്ടം മറികടന്നാണ്. ഈ വിഷയത്തില്‍ എത്രയും വേഗം വിശദീകരണം നല്‍കാനാണ് ചീഫ് സെക്രട്ടറി ടോം ജോസിന് രാജ്ഭവന്‍ നല്‍കിയിട്ടുള്ള നിര്‍ദേശം.
പാര്‍ലമെന്റ് പാസ്സാക്കിയ നിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ചത് എന്ത് അടിസ്ഥാനത്തിലാണ്. രാഷ്ട്രപതി ഒപ്പിട്ടാണ് വിജ്ഞാപനം ഇറക്കിയത്. അതിനെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുമ്പോള്‍ ചട്ടം അനുസരിച്ച് ഗവര്‍ണറെ അറിയിക്കേണ്ടതാണെന്ന് ഗവര്‍ണര്‍ കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
റൂള്‍സ് ഓഫ് ബിസിനസ്സിലെ 34(2) ല്‍ അഞ്ചാം വകുപ്പ് അനുസരിച്ച് ഒരു സംസ്ഥാനവും കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെടുന്ന എന്തെങ്കിലും കാര്യമുണ്ടെങ്കിലോ, അല്ലെങ്കില്‍ സംസ്ഥാനങ്ങള്‍ തമ്മിലുള്ള ബന്ധത്തെ ബാധിക്കുന്ന കാര്യം ഉണ്ടെങ്കിലോ ആ വിഷയത്തില്‍ സര്‍ക്കാര്‍ എടുക്കുന്ന നയപരമോ അല്ലാത്തതോ ആയ തീരുമാനം മുഖ്യമന്ത്രി ഗവര്‍ണറെ അറിയിക്കണമെന്നാണ്. എന്നാല്‍ ഈ വിഷയത്തില്‍ രാജ്ഭവനെ ഒരു തരത്തിലുള്ള അറിയിപ്പും ആരും നല്‍കിയിരുന്നില്ല. ഏകപക്ഷീയമായാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കാന്‍ തീരുമാനിച്ചതെന്നാണ് രാജ്ഭവന്റെ വിലയിരുത്തല്‍.
ഈ സാഹചര്യത്തിലാണ് ഗവര്‍ണര്‍ ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടിയത്. എന്തടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്, എന്തുകൊണ്ട് ഇക്കാര്യം ഗവര്‍ണറെ അറിയിച്ചില്ല എന്നീ കാര്യങ്ങളില്‍ വിശദീകരണം നല്‍കണമെന്നാണ് രാജ്ഭവന്‍ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുള്ളത്. നാളെയോ, മറ്റന്നാളോ ചീഫ് സെക്രട്ടറി ഗവര്‍ണര്‍ക്ക് വിശദീകരണം നല്‍കിയേക്കുമെന്നാണ് സൂചന. ഗവര്‍ണര്‍ക്ക് വിശദീകരണം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് നിയമമന്ത്രി എ കെ ബാലന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു.